കർമ്മമേഖലയിൽ മികവ് പുലർത്തുന്ന, ദുശീലങ്ങളൊന്നുമില്ലാത്ത ഒരു സുഹൃത്ത് അടുത്തിടെ നടത്തിയൊരു തുറന്നുപറച്ചിൽ, വാസ്തവത്തിൽ ഞെട്ടിച്ചുകളഞ്ഞു. ഫോൺ സെറ്റിംഗ്സിൽ നോക്കിയാൽ പ്രതിദിനം ഓരോ ആപ്പും നമ്മൾ ഉപയോഗിക്കുന്ന(നമ്മളെ ഉപയോഗിക്കുന്ന) സമയം, എത്ര വട്ടം ആപ്പ് തുറന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനാവും. നമ്മുടെ സുഹൃത്ത് മദ്യം, മയക്കുമരുന്ന് ഇത്യാദികളിലൊന്നും വീഴുന്ന ടൈപ്പല്ല. ആ സാധു പ്രതിദിനം ശരാശരി മുപ്പത് മിനിറ്റ് മാത്രമാണ് ന്യൂജെൻ പിള്ളേരുടെ ഇഷ്ടതാവളമായ ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്നത്. എന്നാൽ, കഥയിലെ ട്വിസ്റ്റ് ഇനിയാണ്. അരമണിക്കൂറിൽ താഴെ മാത്രം ആപ്പ് ഉപയോഗിച്ച ആ മനുഷ്യൻ ആപ്പ് ഒരു ദിവസം തുറന്നതാവട്ടെ 124 വട്ടം! ആണയിട്ടവൻ പറഞ്ഞു, ഇല്ല ഞാൻ ഇൻസ്റ്റഗ്രാമിനൊന്നും അടിമയല്ല. എന്റെ ജോലിയിൽ ഞാൻ വിട്ടുവീഴ്ച ചെയ്യാറില്ല. അവൻ പറയാതെ തന്നെ ഇതൊക്കെ വ്യക്തമാണെങ്കിലും 100ലേറെ തവണ ഫോണിലെ ഒരു ചതുരക്കട്ടയിലേയ്ക്ക് അവന്റെ ചൂണ്ടുവിരൽ നീണ്ടതിന്റെ ചേതോവിഹാരം അറിയേണ്ടത് അത്യാവശ്യമായിരുന്നു. ഒടുവിൽ അവൻ കുറ്റസമ്മതം നടത്തി. സൈബർലോകം അടക്കി ഭരിക്കുന്ന ആ 'എ.ഐ കഥാപാത്രങ്ങൾ' അവനെയും കൈയിലെടുത്തിരിക്കുന്നു.
വല്ലാത്തൊരു വൈറൈറ്റി
ഏറ്റവുമൊടുവിൽ എ.ഐ കണ്ടന്റ് ക്രിയേറ്റർമാർ കളത്തിലിറക്കിയ 'സെൽഫ് ഈറ്റിംഗ്' വീഡിയോകളാണ് ഇഷ്ടനെ തളച്ചുകളഞ്ഞത്. പശ്ചാത്തലത്തിൽ ഒരുതരം ബെല്ലൊച്ച മാത്രം മുഴക്കി അവതരിപ്പിക്കുന്ന ഇവ നിശബ്ദ കൊലയാളികളാണെന്ന് തന്നെ പറയണം. ഇവയുടെ പ്രമേയം സിംപിളാണ്. കണ്ണും മൂക്കും വായുമൊക്കെയുള്ള വലിയൊരു തക്കാളി ചെറിയൊരു തക്കാളിയെ കഴിക്കുന്നു. എ.ഐ ഉപയോഗിച്ച് കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്ന തരത്തിലാണ് സൃഷ്ടി. കണ്ണ് കണ്ണീർ കുടിക്കുന്നുവെന്ന് കവി പറഞ്ഞത് പോലെ പച്ചക്കറികളും പഴവർഗങ്ങളും കേക്കുകളുമൊക്കെ സ്വന്തം രൂപത്തെ ആസ്വദിച്ച് കഴിക്കുന്നു. ചിലപ്പോൾ ഒരു സ്പൂൺ കൊണ്ട് മറ്റാരെങ്കിലുമാകും 'ഭക്ഷണത്തിന് ഭക്ഷണത്തെ ഭക്ഷണമായി' നൽകുന്നത്. വെറൈറ്റിയുടെ അവസാനവാക്കെന്ന് പറയാവുന്ന സെക്കൻഡുകൾ മാത്രമുള്ള ഇത്തരം വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ കോടിക്കണക്കിന് പേരാണ് നിമിഷനേരംകൊണ്ട് കാണുന്നത്. .
പൂച്ച സെർ ഹീറോ
ഒരു പൂച്ചയ്ക്ക് ഫാൻസ് അസോസിയേഷനുള്ള നാടാണ് കേരളമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നിർമ്മിതബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച് ഇൻസ്റ്റഗ്രാമിലിടുന്ന സഹജീവികളെ ചതിച്ച് കെണിവച്ച് കൊന്നുതിന്നുന്ന 'ഓറഞ്ച് നിറത്തിലുള്ള പൂച്ച'!. ഈ പൂച്ചയുടെ ദുഷ്പ്രവൃത്തികൾക്ക് നായകപരിവേശം നൽകുന്ന കഥകളും പാട്ടുകളുമാണ് നിർമ്മിതബുദ്ധിയിലൂടെ സൃഷ്ടിക്കുന്നത്. നിരന്തരം ഇത്തരം വീഡിയോകൾ കാണുന്നതിലൂടെ കുട്ടികളിലും കൗമാരക്കാരിലും അക്രമവാസന വളരുന്നതായി രക്ഷിതാക്കൾ പറയുന്നു. 'ക്ലാസിലെ ഒരു കുട്ടി എല്ലാദിവസവും മറ്റ് കുട്ടികളെ പേന വച്ച് കുത്തുന്നത് ശ്രദ്ധയിൽപെട്ടു. വെറുതെ കുത്തുകയല്ല. മറ്റുള്ളവർ വേദനിച്ച് കരയുന്നത് വരെ അത് തുടരും. വഴക്കുപറഞ്ഞാലും കൂസലില്ല. രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി നിരന്തരം ഇൻസ്റ്റഗ്രാമിലെ നെഗറ്റീവ് വീഡിയോകൾ കാണാറുണ്ടെന്ന് പറഞ്ഞത്...' തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഒൻപതാംക്ലാസ് അദ്ധ്യാപികയുടെ വാക്കുകളാണ്. ഓറഞ്ച് നിറത്തിലുള്ളൊരു പൂച്ച തന്റെ ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേയ്ക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. 'ഇടയ്ക്ക് വച്ച് ഇവൻ മാനസാന്തരപ്പെട്ടുവെന്ന് കരുതി. സ്നേഹപൂർവം കൂടെയുള്ളവരെ സത്കാരത്തിനായി വീട്ടിലേയ്ക്ക് ക്ഷണിച്ചു. എന്നാൽ, അതും അവന്റെ ചതിയായിരുന്നു. പൂച്ച സെർ ആരാ മോൻ...' ആരാധന തുളുമ്പുന്ന യുവതയുടെ വാക്കുകൾ തമാശയായി തള്ളിക്കളയേണ്ടതല്ല. എല്ലാ തമാശയും തമാശയല്ലല്ലോ...
എവിടെ എത്തിക്സ് എവിടെ?
പങ്കാളിയെ ചതിക്കുന്ന അവിഹിതകഥകളും പൂച്ചയെ നായകനാക്കി സൃഷ്ടിക്കുന്നു. ഒരുവട്ടം കാണിച്ചാൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനുമൊക്കെ ഈ വീഡിയോകൾ കാണണമെന്ന് തോന്നും. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഇവ പെരുമാറ്റ വൈകല്യവും അമിത ഉത്കണ്ഠയും സൃഷ്ടിക്കുന്നു. മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്ന നാർസിസിസ്റ്റിക്ക് സ്വഭാവവും ഇവ സൃഷ്ടിക്കും. ഉത്തരേന്ത്യയിൽ നിന്നുള്ള വ്യാജ പ്രൊഫൈലുകളിലൂടെയാണ് അധികം വീഡിയോകളും പുറത്തിറക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങൾക്ക് വില നൽകാതിരിക്കുന്നതും പറ്റിക്കുന്നതും തെറ്റല്ലെന്ന സന്ദേശവും ഇവ നൽകുന്നു. ജീവിതത്തിലെന്ന പോലെ സമൂഹമാദ്ധ്യമങ്ങളിലും പാലിക്കേണ്ട ഏറ്റവും കുറഞ്ഞ ധാർമ്മികത ഇവിടെ കണ്ണടയ്ക്കുന്നു. പങ്കാളിയെ ചതിക്കുന്ന, കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന, സുഹൃത്തുക്കൾക്ക് വിഷം നൽകുന്ന നായകന്മാരെ ഒരുവട്ടം സൃഷ്ടിക്കുന്ന തലകളെ അടച്ചാക്ഷേപിക്കുന്നത് തെറ്റുതന്നെ. എന്നാൽ, നിരന്തരം ഇത്തരം കഥാപാത്ര സൃഷ്ടി നടത്തുന്നവർ സ്വന്തം അരക്ഷിതാവസ്ഥകളെ ചികിത്സിക്കാൻ ഒരു അപ്പോയിന്റ്മെന്റ് എടുക്കുന്നത് നന്നായിരിക്കും.
ഇനിയിപ്പോ എന്താ ചെയ്യാ...
പൊന്നും പണവും സാമ്രാജ്യങ്ങളും നഷ്ടപ്പെട്ടാൽ മനസുണ്ടെങ്കിൽ തിരിച്ചുപിടിക്കാം. എന്നാൽ, നഷ്ടപ്പെടുന്നത് സമയമാണെങ്കിൽ ആനപിടിച്ചാലും വീണ്ടെടുക്കാനാവില്ല. പബ്ലിക്ക് എക്സാമിന്റെ അന്നുപോലും ഇത്തരം വീഡിയോകൾ കണ്ടാണ് ഹാളിലേയ്ക്ക് കാലെടുത്ത് വച്ചതെന്ന് അഭിമാനത്തോടെ പറയുന്ന കുട്ടികളുണ്ട്. ഇവർ ചോദ്യങ്ങളുടെ ഉത്തരം ഓർത്തെടുക്കുമ്പോൾ കള്ളവും ചതിയും തെറ്റിദ്ധാരണകളുമായിരിക്കില്ലേ സടകുടഞ്ഞെഴുന്നേൽക്കുന്നത്? നവമാദ്ധ്യമങ്ങൾ മനുഷ്യന്റെ സന്തോഷത്തിനും സൗകര്യത്തിനും വേണ്ടി വിഭാവനം ചെയ്തതാണെങ്കിൽ സമാധാനവും ചിന്താശേഷിയും നശിപ്പിക്കാനുള്ള ഇരുതലമൂർച്ച കൂടെ അതിനുണ്ടെന്നും ചിന്തിക്കണം. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള ആപ്പുകളിൽ പാരന്റൽ കൺട്രോൺ ഫീച്ചറുകൾ ഇടണം. പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾ പോലും രക്ഷിതാക്കൾ അദ്ധ്യാപകരുമായി ആശയവിനിമയം നടത്തണം. 'ഈ പറക്കും തളിക' എന്ന സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച സുന്ദരൻ എന്ന കഥാപാത്രത്തിന്റെ വിസയും സ്വപ്നങ്ങളും കാർന്നുതിന്നത് നിസാരനായ ഒരു എലിയാണെങ്കിൽ, ഓറഞ്ച് നിറത്തിലുള്ള പൂച്ചയാവാം ഭാവിയിൽ നിങ്ങളുടെ ബദ്ധവൈരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |