കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ കൊടുംക്രിമിനൽ ഗോവിന്ദച്ചാമി പൊലീസിന് മുന്നിൽ നടത്തിയ വെളിപ്പെടുത്തലുകളിൽ തെളിയുന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ കടുത്ത സുരക്ഷാവീഴ്ച. ലഹരിവസ്തുക്കൾ ഇഷ്ടം പോലെ ലഭിക്കുന്നതും ഫോണുകൾ യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്നതും അരാജകത്വവും രാഷ്ട്രീയ ഇടപെടലുകളും സുരക്ഷാവീഴ്ചകളുമെല്ലാം ഗോവിന്ദച്ചാമിയുടെ മൊഴികളിൽ വന്നിട്ടുണ്ടെന്നാണ് വിവരം.
ജയിലിനുള്ളിൽ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എളുപ്പത്തിൽ ലഭ്യമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവ എത്തിച്ചുനൽകുന്നതിന് പ്രത്യേക വ്യക്തികളുണ്ടെന്നും വെളിപ്പെടുത്തി. മൊബൈൽ ഫോൺ ഉപയോഗം സാധാരണമാണെന്നും പറഞ്ഞു. ഇത്തരം വിവരങ്ങൾ നേരത്തെ പുറത്തുവന്നതാണെങ്കിലും നടപടിയെടുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.സെല്ലുകളിൽ നിന്ന് പതിവായി മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്നുണ്ടെങ്കിലും വിതരണ ശൃംഖല തകർക്കാൻ ജയിൽ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. വിതരണക്കാരുടെ വിവരങ്ങൾ ശേഖരിച്ച പൊലീസും തുടർനടപടിയിലേക്ക് കടന്നിട്ടിമില്ല.
രാഷ്ട്രീയ സ്വാധീനവും വിവേചനവും
ചില തടവുകാർക്ക് പ്രത്യേക പരിഗണനയും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന ആരോപണം ദീർഘകാലമായി ഉന്നയിക്കുന്നതാണ്. സി.പി.എം നേതാക്കളായ ജയിൽ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലിലെ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ഗോവിന്ദച്ചാമി നല്ല ഭക്ഷണവും ലഹരിവസ്തുക്കളും ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയതും ചില തടവുകാർക്ക് ഇവയെല്ലാം യഥേഷ്ടം ലഭിക്കുന്നതിനാലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |