കോളേജ് പിള്ളേർ ഇടികൂടുന്നതിന്റെ ഇടയിലോട്ടു മൂക്കും നീട്ടിച്ചെന്ന ഷാഫി പറമ്പിൽ എം.പിക്ക് തല്ലുകൊള്ളാതിരിക്കാൻ 'രക്ഷാപ്രവർത്തനം" നടത്തിയ പൊലീസുകാർ കുറ്റക്കാരായി. ജനാധിപത്യ വ്യവസ്ഥയിൽ പാവം പൊലീസുകാരുടെ ഗതികേടാണിത്. ഷാഫിയെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനിടെ മൂക്കിൽ നിന്ന് എങ്ങനെയോ ചോരയൊഴുകുകയായിരുന്നു. ചോരയിൽ മൂക്കിലെ എല്ലിന്റെ പാർട്സുകൾ ഉണ്ടായിരുന്നെന്ന് യൂത്തന്മാർ പറയുന്നു.
ചുവപ്പ് ചായം കലക്കിയ വെള്ളം മൂക്കിലേക്കും വായിലേക്കും ഷാഫിതന്നെ സ്‌പ്രേ ചെയ്തതാണെന്നാണ് കുട്ടിസഖാക്കളുടെ കണ്ടെത്തൽ. അടിയുണ്ടാകുമ്പോൾ ആരെങ്കിലും മൂക്ക് നീട്ടിക്കൊടുക്കുമോ എന്നാണ് പരിവാറുകാരുടെ ചോദ്യം. നാഗസ്വരത്തിലെ പക്കമേളം പോലെ, സഖാക്കൾ എന്തുപറഞ്ഞാലും പിന്തുണയ്ക്കാൻ സംഘികളുണ്ടാകും. ഓടുന്ന വണ്ടിയിലിരുന്ന് കൈയോ തലയോ പുറത്തിടുന്നതു പോലെ റിസ്‌കാണ്, തല്ലിനിടെ മൂക്കുംനീട്ടി ചെല്ലുന്നത്. ഇനിയെങ്കിലും കോൺഗ്രസുകാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു.
ലാത്തിയടിയുടെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസുകാർ പുറത്തുവിട്ടതോടെയാണ് സംഘികളും സഖാക്കളും ഒന്നടങ്ങിയത്. പേരാമ്പ്ര സി.കെ.ജി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്നുള്ള സംഘർഷത്തിലാണ് എസ്.എഫ്.ഐക്കാരും പൊലീസുകാരും ചേർന്ന് യൂത്തന്മാരെ തല്ലിച്ചതച്ചത്. ഞാൻ എം.പിയാണേ എന്നു ഷാഫി വിളിച്ചു പറഞ്ഞപ്പോൾ, 'എങ്കിൽ അനക്കരിക്കട്ടെ ഒരു കുതിരപ്പവൻ" എന്നു പറഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ലാത്തികൊണ്ട് തലയ്ക്കും മൂക്കിനും അടിക്കുകയും മൂക്കിൽ ലാത്തികയറ്റി കറക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഷാഫിയുടെ മൂക്കിന്റെ എല്ല് പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്‌തെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ.
ആത്മഹത്യ
പരിഹാരമല്ല!
സംഘർഷത്തിനിടെ നുഴഞ്ഞുകയറിയ ചിലർ ഷാഫിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രക്ഷാപ്രവർത്തനം നടത്തിയത് തെറ്റാണോയെന്നാണ് സഖാക്കളുടെ ചോദ്യം. ആത്മഹത്യാ പ്രവണത കോൺഗ്രസുകാരിൽ കൂടിവരികയാണെന്ന സംശയം സഖാക്കളിൽ ബലപ്പെടുകയാണ്. സർക്കാരിന്റെ വികസന പദ്ധതികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിൽ യാത്ര ചെയ്തപ്പോഴും ഇതായിരുന്നു സ്ഥിതി. കുറേ യൂത്തന്മാർ ബസിന്റെ മുന്നിൽച്ചാടി ജീവനൊടുക്കാൻ ശ്രമിച്ചത് ബസിന്റെ മുൻസീറ്റിലിരുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത് ഭാഗ്യമായി. അദ്ദേഹം പ്രത്യേക ഏക്‌ഷൻ കാണിച്ചതോടെ റെഡ് വോളന്റിയർമാർ ജീവൻ പണയംവച്ച് യൂത്തന്മാരെ രക്ഷിച്ചു. ഇടിക്കട്ട, പൂച്ചട്ടി, സൈക്കിൾ ചെയിൻ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ആയിരുന്നു. കുറച്ചുദിവസം കളരിയിലെ തിരുമ്മുപലകയിൽ കിടക്കേണ്ടി വന്നെങ്കിലും യൂത്തന്മാരുടെ മൂക്ക് തകർന്നിരുന്നില്ല. ഇത്തവണ എങ്ങനെയോ അതു സംഭവിച്ചതിൽ സഖാക്കൾക്കു വലിയ സങ്കടമുണ്ട്.
ജീവൻരക്ഷാ ദൗത്യങ്ങളിൽ തീവ്രപരിശീലനം ലഭിച്ചവരാണ് മലബാറിലെ റെഡ് വൊളന്റിയർമാർ. പാഞ്ഞുവരുന്ന ഇന്നോവയിലും തട്ടിമറിയുന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കുന്നതിലടക്കം പരിശീലനം നേടിയവർക്ക് ആൾക്കൂട്ടത്തിനിന്ന് ഒരാളെ നിസാരമായി വലിച്ചുമാറ്റാനാകും. അതിനിടെ മൂക്കിനു ചെറിയൊരു പരിക്കു പറ്റിയത് വലിയ സംഭവമാക്കേണ്ടതുണ്ടോ എന്നു സഖാക്കൾ ചോദിക്കുന്നതിൽ കാര്യമില്ലാതില്ല.
പേരാമ്പ്രയിൽ ലാത്തിച്ചാർജ് നടന്നില്ലെന്നാണ് റൂറൽ എസ്.പി പറയുന്നത്. പൊലീസ് വേഷത്തിൽ നുഴഞ്ഞുകയറിയ ചിലർ പറ്റിച്ച പണിയാണെന്നാണ് മൂപ്പരുടെ സംശയം. പൊലീസിലെ 'മേലാപ്പീസർ" ആണെങ്കിലും പാർട്ടിയുടെ ലോക്കൽ കമ്മിറ്റിക്കാണ് അന്വേഷണ ചുമതല. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് അറിയിക്കും. പൊലീസിൽ 'ഡിഫി"ക്കാരല്ലാത്ത ആരെങ്കിലുമുണ്ടോ എന്നാണ് കോൺഗ്രസുകാരുടെ ചോദ്യം.
വാർറൂമിൽ
പടയൊരുക്കം
ശബരിമല വിവാദത്തിൽനിന്നു ജനശ്രദ്ധ മാറ്റാൻ കോൺഗ്രസ് നേതാക്കളെ ഇരകളാക്കിയാൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് വാർറൂം മേധാവി കെ.സി. വേണുഗോപാൽജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാർറൂമിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതായാണ് വിവരം.
പാവങ്ങളാണെന്നു കരുതി ഗാന്ധിയൻമാരെ ഇനിയും തല്ലിയാൽ ശക്തമായ തിരിച്ചടി പ്രതീക്ഷിക്കുമെന്നാണ് സൂചന. എല്ലാക്കാലത്തും സഖാക്കളാവില്ല കേരളം ഭരിക്കുകയെന്നും, പൊലീസിലെ വില്ലന്മാരുടെയും വിരുതന്മാരുടെയും പേരുകൾ വലിയ ബുക്കിൽ എഴുതി വച്ചിട്ടുണ്ടെന്നും തന്ത്രങ്ങളുടെ പെരുന്തച്ചനായ വേണുജി പറഞ്ഞെങ്കിൽ, എന്തെങ്കിലും സംഭവിച്ചിരിക്കും. കേരളത്തെ ചുവപ്പൻമാരിൽ നിന്ന് രക്ഷിക്കാൻ സർജിക്കൽ സ്‌ട്രൈക്ക് നടത്തുമെന്നാണ് വിവരം. തടിമിടുക്കുള്ള പിള്ളേര് കെ.എസ്.യുവിന്റെ തലപ്പത്ത് വരണമെന്നാണ് വാർറൂമിന്റെ ആഗ്രഹം. വേണ്ടാ, വേണ്ടാ എന്നു വയ്ക്കുമ്പോൾ തലയ്ക്കു കയറിയാൽ സമ്മതിക്കില്ല. രാഹുൽജിയുടെ വലംകൈയായ കെ.സി. വേണുഗോപാൽജി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻജി, ലീഡർ കരുണാകർജിയുടെ കളരിയിൽ പയറ്റിത്തെളിഞ്ഞ രമേശ് ചെന്നിത്തലജി, ചന്തുവായിപ്പോയ കെ. മുരളീധരൻജി, കെ.പി.സി.സി മുൻ പ്രസിഡന്റും മലബാറിലെ ആയിരത്തൊന്നു കളരികളുടെ ഗുരുക്കളുമായ സുധാകർജി എന്നിവരുടെ ശിഷ്യൻമാർ കച്ചമുറുക്കിയാൽ എന്തും സംഭവിക്കാം.
കേന്ദ്രത്തിലെ സംഘികളുടെ ബലത്തിലാണ് സഖാക്കളുടെ കളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻജി കഴിഞ്ഞദിവസം കണ്ടെത്തി.
നാട്ടുകാരെ കേൾപ്പിക്കാൻ കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും, പിന്നീട് സുഖിപ്പിക്കാനായി സമ്മാനങ്ങളുമായി ഡൽഹിക്കു പോകുകയും ചെയ്യുന്ന കലാപരിപാടി കുറേനാളായി നടക്കുന്നു. കോഴിക്കോടൻ ഹൽവയും കണ്ണൂർ കിണ്ണത്തപ്പവും അമിത് ജി സഖാവിന് വലിയ ഇഷ്ടാണ്. ഷാഫിയെ പൊലീസുകാരോ പാർട്ടിക്കാരോ കൈവച്ചിട്ടില്ലെന്നാണ് പാർട്ടി സെക്രട്ടറി ഗോവിന്ദൻമാഷ് പറയുന്നത്. കിട്ടിയ തക്കം നോക്കി കോൺഗ്രസുകാർതന്നെ താങ്ങിയതാണത്രേ. സ്വന്തം നേതാക്കളുടെ തല പൊട്ടിത്തെറിക്കാൻ കോഴിത്തലയിൽ ക്ഷുദ്രപ്രയോഗം നടത്തുന്നവർ ഇതിലപ്പുറം ചെയ്യുമെന്ന് സഖാക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |