
സാമ്പത്തിക തട്ടിപ്പുകൾ, ആക്രമണങ്ങൾ, പീഡനങ്ങൾ തുടങ്ങിയ ഗൗരവമേറിയ ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ പ്രബുദ്ധ കേരളവും ഒട്ടും പിന്നിലല്ല. ദ്വയാർത്ഥ പ്രയോഗങ്ങൾ, വിദ്വേഷ പരാമർശങ്ങൾ, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റങ്ങൾ തുടങ്ങിയ വിക്രിയകളും ഇരുചെവിയറിയാതെ ഒത്തുതീർന്നിരുന്ന കാലവും കഴിഞ്ഞു. കൈവശമുള്ള ഫോണിൽ നിന്ന് ആർക്കും ഏതു പൊലീസ് സ്റ്റേഷനിലേക്കും പരാതി അയയ്ക്കാവുന്ന വിധം നടപടികൾ സിമ്പിളായി. പ്രതി ചേർക്കപ്പെടുന്നവർ അപരാധികളാണോ എന്നുറപ്പിക്കാൻ വിചാരണകളും നടപടികളും വേറെയുണ്ട്. പിടിക്കപ്പെട്ടാൽ ഇതൊന്നും നോക്കാതെ ചിലപ്പോൾ പൊലീസിന്റെ ഇടിയുറപ്പ്. ഉറക്കമില്ലാതെ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം ലോക്കപ്പിന്റെ നാലുചുവരിൽ കഴിയേണ്ടിവരും. റിമാൻഡിലായാൽ ജയിലിലും പോകണം. അവിടെ നിന്ന് അനുഭവിക്കേണ്ടിവരുന്ന അപമാനങ്ങളും ദുരിതങ്ങളും വേറെ. അതിനാൽ പരാതി പോയിട്ടുണ്ടെന്നറിഞ്ഞാൽ ആരോപണ വിധേയർക്ക് അഭയം വക്കീലന്മാർ തന്നെയാണ്. മുൻകൂർ ജാമ്യാപേക്ഷ നൽകി ഏതുവിധേനയും കസ്റ്റഡി ഒഴിവാക്കുക. ഹർജി പരിഗണനയിലിരിക്കുന്ന കാലയളവിൽ എവിടെയെങ്കിലും ഒളിവിലിരിക്കാം. മുൻകൂർ ജാമ്യം ലഭിച്ചശേഷം കീഴടങ്ങിയാലും പ്രശ്നമില്ല. അറസ്റ്റ് രേഖപ്പെടുത്തിയാലും അപ്പോൾ തന്നെ ജാമ്യത്തിലിറങ്ങാം. കോടതിയുടെ തീരുമാനം കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ചാണെങ്കിലും ഒരു ചാൻസെടുക്കുന്നവരാണ് മിക്ക കുറ്റാരോപിതരും. അവരെ സഹായിക്കാനാണ് വക്കീലന്മാർ കോട്ടുമിട്ടു നടക്കുന്നത്. മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കാൻ സെഷൻസ് കോടതികൾക്കും ഹൈക്കോടതിക്കും അധികാരമുണ്ട്. ആദ്യം സെഷൻസ് കോടതികളിൽ പോവുകയും തീരുമാനം അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയിലെത്തുകയുമാണ് ശരിയായ റൂട്ട്. എന്നിട്ടും നടന്നില്ലെങ്കിലാണ് സുപ്രീം കോടതിയെ ആശ്രയിക്കുക. എന്നാൽ സെഷൻ കോടതിയിൽ പോകാതെ നേരിട്ട് ഹൈക്കോടതിയിലെത്തുന്ന മുൻകൂർ ജാമ്യഹർജികളുടെ ബാഹുല്യമാണ് അടുത്തിടെ കേരളത്തിലുണ്ടായത്. ഇത് സുപ്രീംകോടതിയുടെ നെറ്റിചുളിപ്പിച്ചു. കേരള ഹൈക്കോടതി ഇതിൽ നിയന്ത്രണം കൊണ്ടുവരേണ്ടതാണെന്ന് വിമർശിക്കുകയും ചെയ്തു. വിഷയം സ്ഥിതിവിവരക്കണക്കുകൾ വച്ച് സുപ്രീംകോടതി പരിശോധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ച അമിക്കസ് ക്യൂറിമാർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.
അമ്പരപ്പിച്ച കണക്ക്
കഴിഞ്ഞ 14 മാസത്തിനിടെ 9215 മുൻകൂർ ജാമ്യഹർജികളാണ് കേരളത്തിലെ കോടതികളിൽ എത്തിയത്. ഇതിൽ 7449 എണ്ണവും ഹൈക്കോടതിയിൽ നേരിട്ടാണ് വന്നത്. 3286 പേർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചെയ്തു. ഇക്കാര്യത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് കേരള ഹൈക്കോടതി. ഒന്നാമതുള്ള ഒഡീഷ ഹൈക്കോടതിയിൽ ഇക്കാലയളവിൽ 17,978 ഹർജികളെത്തി. 8,801 പേർക്ക് മുൻകൂർ ജാമ്യം കിട്ടി. ഈ കണക്കുകളാണ് അമിക്കസ് ക്യൂറിമാരായ സിദ്ധാർത്ഥ ലൂത്രയും ജി. അരുദ്ര റാവുവും സുപ്രീംകോടതിയിൽ സമർപ്പിച്ചത്. മുൻകൂർ ജാമ്യഹർജികൾ നേരിട്ട് ഹൈക്കോടതിയിൽ എത്തുന്നത് നിയന്ത്രിക്കുന്നതിന് പരമോന്നത കോടതി ഇടപെട്ട് മാർഗരേഖയുണ്ടാക്കണമെന്നും ശുപാർശ ചെയ്തു. കേരള ഹൈക്കോടതിയിൽ മാറിമാറി വന്ന ചീഫ് ജസ്റ്റിസുമാർ ഭരണ വിഭാഗത്തിന് ഇത്തരം നിർദ്ദേശങ്ങളോ സർക്കുലറുകളോ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. നാലു സാഹചര്യങ്ങളിൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് ഹൈക്കോടതിയിലെത്തുന്നത് അനുവദിക്കാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു:
1. അറസ്റ്റ് ഭയക്കുന്ന വ്യക്തി സെഷൻസ് കോടതിയുടെയോ ഹൈക്കോടതിയുടെയോ അധികാരപരിധിയിലല്ല താമസിക്കുന്നതെങ്കിൽ.
2. സെഷൻസ് കോടതിയുടെ അധികാരപരിധിയിൽ സമരമോ മറ്റെന്തെങ്കിലും തടസ്സങ്ങളോ അക്രമസാദ്ധ്യത യോ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ.
3. ആരോഗ്യപ്രശ്‌നങ്ങളോ മറ്റെന്തെങ്കിലും അടിയന്തരസാഹചര്യങ്ങളോ കാരണം സെഷൻസ് കോടതിയെ സമീപിക്കാനാകുന്നില്ലെങ്കിൽ.
4. അഡീഷണൽ സെഷൻസ് ജഡ്ജിയോ സെഷൻസ് ജഡ്ജിയോ പ്രവർത്തിക്കുന്ന സ്ഥലം പ്രത്യേക നിയമപ്രകാരം സ്ഥാപിക്കപ്പെട്ട സ്പെഷ്യൽ കോടതിയുടെ അധികാരപരിധിയാണെങ്കിൽ.
വേടൻ മുതൽ
ബാലചന്ദ്ര മേനോൻ വരെ
സുപ്രീം കോടതി പരാമർശിച്ച കാലയളവിൽ ഹൈക്കോടതിയിൽ നിന്ന് നേരിട്ട് മുൻകൂർ ജാമ്യം നേടിയവരിൽ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുമെല്ലാം ഉൾപ്പെടും. വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ റാപ്പർ വേടൻ, നടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രമേനോൻ, വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജ്, മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ, ജിമ്മിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയെന്ന പരാതിയിൽ ബിഗ് ബോസ് ജേതാവ് ജിന്റോ, പബ്ബിലെ തർക്കത്തിലും തട്ടിക്കൊണ്ടുപോകലിലും തെന്നിന്ത്യൻ നടി ലക്ഷ്മി മേനോൻ... ഇങ്ങനെ പോകുന്നു മുൻകൂർ ജാമ്യം നേടിയ പ്രമുഖരുടെ നിര. നേരിട്ടു ഹൈക്കോടതിയെ സമീപിക്കുന്നതിന് സുപ്രീം കോടതി ഇടപെട്ട് നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ നല്ലൊരു വിഭാഗം ക്രിമിനൽ അഭിഭാഷകർക്കും അത് വയറ്റത്തടിയാകും. അതുകൊണ്ടാണ് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ കഴിഞ്ഞദിവസം അസാധാരണ പൊതുയോഗം ചേർന്നത്. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനപടികളിൽ തീരുമാനമെടുക്കാനാണ് യോഗം വിളിച്ചത്. ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 438-ാം വകുപ്പും ഭാരതീയ നാഗരിക സുരക്ഷാസംഹിതയുടെ 482-ാം വകുപ്പും പ്രകാരം ഹൈക്കോടതിക്കും വിചാരണക്കോടതിക്കും മുൻകൂർ ജാമ്യത്തിന് അധികാരമുണ്ടെന്നാണ് അഭിഭാഷകരുടെ വിശദീകരണം. അതിനാൽ ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരരുതെന്ന് സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനാണ് നീക്കം.
വലിയ കാലതാമസമില്ലാതെ തീരുമാനമുണ്ടാകുമെന്നതാണ് മുൻകൂർ ജാമ്യത്തിന് നേരിട്ട് ഹൈക്കോടതിയെ സമീപിക്കാൻ പ്രേരകമായ ഘടകം. കീഴ്ക്കോടതി ജാമ്യത്തേക്കാൾ വിലയുള്ള ഉത്തരവായിരിക്കും ഹൈക്കോടതിയിൽ നിന്ന് ഉണ്ടാവുകയെന്ന ബോദ്ധ്യവും ഇതിന് കാരണമാണ്. മുൻകൂർ ജാമ്യഹർജികളുടെ ബാഹുല്യമാണ് ഇതിന്റെ ഫലമായി സംഭവിച്ചത്. സുപ്രീം കോടതി ഇടപെടൽ ഇനി എന്തു മാറ്റങ്ങളുണ്ടാക്കുമെന്നതാണ് കണ്ടറിയേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |