
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് ജീവനക്കാരുടെ വിവരങ്ങൾ പ്രാപ്യമല്ലെന്ന് ഹൈക്കോടതി. ജീവനക്കാരുടെ ഫോൺ നമ്പറിൽ വാട്സ്ആപ്പ് സന്ദേശമയച്ചതിനെതിരെ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ പരാമർശം.
മുഖ്യമന്ത്രി മന്ത്രിസഭയുടെ തലവൻ മാത്രമാണ്.
പാർലമെന്ററി സംവിധാനമുള്ള ഇന്ത്യയിൽ ഉത്തരവുകൾ ഇറങ്ങുന്നത് ഗവർണറുടെ പേരിലാണ്. സർക്കാർ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്ക് സ്വേച്ഛാപരമായ അധികാരമില്ല. 'ഗവൺമെന്റ് ഒഫ് കേരള" എന്ന ഐ.ഡി വികസിപ്പിക്കുന്നതായി ഐ.ടി മിഷൻ അറിയിച്ചതും, ഹർജിക്കാർ ഈ പ്രത്യേക വിഷയം ചോദ്യം ചെയ്തിട്ടില്ലെന്നതും കണക്കിലെടുത്ത് ഒരു നിർദ്ദേശം നൽകുന്നില്ല.
സമ്പൂർണ ഡിജിറ്റൈസേഷന്റെ നോഡൽ ഏജൻസിയായ ഐ.ടി മിഷന്റെ അക്കൗണ്ടിൽ നിന്നാണ് ജീവനക്കാർക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചത്. ഇ-ഗവേണൻസിന്റെ ഭാഗമായി സ്പാർക്കും കൈകാര്യം ചെയ്യുന്നത് സർക്കാരിന്റെ ഭാഗമായ ഐ.ടി മിഷനാണ്. ശമ്പള വിതരണ നടപടികൾ നിർവഹിക്കുന്ന സ്പാർക്കിൽ ജഡ്ജിമാരുടെയടക്കം വ്യക്തിവിവരങ്ങളുണ്ട്. അത് ചോർന്നെന്ന ആരോപണത്തിന് തെളിവില്ല.
വാട്സ്ആപ്പ് സന്ദേശങ്ങളിൽ ന്യായമായ അറിയിപ്പുകൾ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് സമയത്താണെങ്കിൽ പോലും തെറ്റ് കാണാനാകില്ല. സർക്കാരും ജീവനക്കാരും തമ്മിൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് ആശയവിനിമയം വേണ്ടതാണ്. സ്വീകർത്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |