SignIn
Kerala Kaumudi Online
Sunday, 07 September 2025 7.57 AM IST

ഇലക്ഷൻ കമ്മിഷനും വോട്ടർ പട്ടികയും കൂടുതൽ വ്യക്തമായ മറുപടി ജനം അർഹിക്കുന്നില്ലേ?​

Increase Font Size Decrease Font Size Print Page
election-commision

ലോകത്തിന് മാതൃകയായതും സുസ്ഥ‌ിരവുമായ ഒരു ജനാധിപത്യ ഭരണ സമ്പ്രദായമാണ് നമ്മുടെ രാജ്യത്തിന്റേത്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനകളിൽ ജനാധിപത്യത്തിനും നിയമവാഴ‌്‌ചയ്ക്കും സ്വതന്ത്ര‌വും നീതിപൂർവകവുമായ തിരഞ്ഞെടുപ്പിനും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഭരണഘടനാ നിർമ്മാതാക്കളിൽ പ്രധാനിയായ ഡോ. ബി.ആർ. അംബേദ്‌കർ 1949 നവംബർ 25ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളിയിൽ നടത്തിയ പ്രസംഗത്തിൽ എടുത്തുപറഞ്ഞ വസ്തുത, ജനാധിപത്യം എന്നാൽ രാഷ്ട്രീയ ജനാധിപത്യം (പൊളിറ്റിക്കൽ ഡെമോക്രസി) മാത്രമല്ല, സാമൂഹിക ജനാധിപത്യം (സോഷ്യൽ ഡെമോക്രസി) കൂടിയാകുന്നു എന്നാണ്. സ്വാതന്ത്ര്യ‌ത്തിലും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ജീവിതരീതി അംഗീകരിക്കുന്ന തത്വം ഉൾക്കൊള്ളുന്നതാണ് നമ്മുടെ ഭരണഘടനയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ ജനാധിപത്യത്തിൽ 'ഒരാൾ, ഒരു വോട്ട്,​ ഒരു മൂല്യം" എന്ന തത്വം നിയമപരമായി അംഗീകരിക്കപ്പെട്ടതോടെ വോട്ടിംഗിൽ സമത്വ സിദ്ധാന്തം നിലനിന്നുപോരുന്നു. എന്നാൽ ജനങ്ങൾ പല കാരണങ്ങളാലും തരംതിരിക്കലിന് വിധേയരാകുന്നതിനാൽ സാമൂഹിക അസമത്വം രാജ്യത്ത് നിലനിൽക്കുന്നതായി അനുഭവപ്പെടുന്നു. ജനാധിപത്യ ഭരണക്രമത്തിൽ മുഖ്യഘടകമാണ് തിരഞ്ഞെടുപ്പ്. അത് കുറ്റമറ്റ വിധത്തിൽ നടത്തപ്പെടേണ്ടതാണ്. കുറ്റമറ്റതാകണമെങ്കിൽ തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രക്രിയകളും സുതാര്യമായിരിക്കണം. യാതൊരുവിധ സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത സുസ്ഥിരമായ ഒരു സ്വതന്ത്ര സ്ഥാപനം ഉണ്ടായിരുന്നാലേ തിരഞ്ഞെടുപ്പ് കുറ്റമറ്റതും നീതിപൂർവകവുമാകൂ എന്ന് ഭരണഘടനാ നിർമ്മാതാക്കൾ തീരുമാനിച്ചതിനാലാണ് ഇലക്ഷൻ കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമായി നിലവിൽ വന്നത്.

കമ്മിഷൻ എന്ന

കാവലാൾ

ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം രാജ്യത്ത് പാർലമെന്റിലേക്കും നിയമനിർമ്മാണ സഭകളിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പുകളിലേക്കുമുള്ള മേൽനോട്ടവും നിയന്ത്രണവും മാർഗനിർദ്ദേശവും നൽകേണ്ട ചുമതലകളാണ് മുഖ്യമായും തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിക്ഷിപ്തമായിരിക്കുന്നത്. ഇങ്ങനെയുള്ള തിരഞ്ഞെടുപ്പുകളിലെ സമ്മതിദായക പട്ടികകൾ തയ്യാറാക്കേണ്ടതും തിരഞ്ഞെടുപ്പ് കമ്മിഷനാണ്.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാ പ്രകാരമുള്ള ഒരു സ്വതന്ത്ര- സുസ്ഥിര സ്ഥാപനമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, കമ്മിഷണർമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ സഹായിക്കാനായി നിയമിക്കപ്പെടുന്ന പ്രാദേശിക കമ്മിഷണർമാർ തുടങ്ങിയവർ ഉൾപ്പെട്ട സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. 1950 ജനുവരി 25ന് ഈ സ്ഥാപനം നിലവിൽ വന്നു.

മന്ത്രിസഭയുടെ ഉപദേശ പ്രകാരം പ്രസിഡന്റാണ് ഇലക്ഷൻ കമ്മിഷണർമാരെ നിയമിക്കുന്നത്. രാജ്യത്ത് ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി സുകുമാർ സെൻ 1950 മാർച്ച് 21-ന് നിയമിക്കപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഏതെങ്കിലും കാരണവശാൽ നീക്കം ചെയ്യണമെങ്കിൽ, അത് സുപ്രീംകോടതിയിലെ ഒരു ജഡ്‌ജിയെ നീക്കം ചെയ്യുന്ന അതേ വ്യവസ്ഥകൾ അനുസരിച്ചാണ്.

തുടക്കത്തിൽ

ഒരാൾ മാത്രം

ഭരണഘടന നിലവിൽ വന്നപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കാലക്രമേണ ഭേദഗതികൾക്കു വിധേയമായി രണ്ട് ഇലക്ഷൻ കമ്മിഷണർമാരെ കൂടി നിയമിച്ചു. ഇലക്ഷൻ കമ്മിഷൻ സ്ഥാപനത്തിലെ നിയമനങ്ങൾ സംബന്ധിച്ച് വിവിധ നിർദ്ദേശങ്ങൾ രാജ്യത്ത് പലതവണ വന്നെങ്കിലും ഒരു നിയമമായി അത് നിലവിൽ വരുന്നത് 2023-ലെ 'The Chief Election Commissioner and other Election Commissioners (Appointment, Conditions and Terms of Office) Act" പ്രാബല്യത്തിൽ വന്നതിനു ശേഷമാണ്. പ്രസ്തുത നിയമം 2024 ജനുവരി രണ്ടു മുതൽ പ്രാബല്യത്തിൽ വന്നതിനു ശേഷം, ഇലക്ഷൻ കമ്മിഷണർമാരെ നിയമിക്കുന്നത് പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രി, കൂടാതെ പ്രതിപക്ഷ നേതാവ് എന്നിവർ അടങ്ങിയ ഒരു സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്.

ഈ സെലക്ഷൻ കമ്മിറ്റിയെ സഹായിക്കുവാനായി കേന്ദ്ര നിയമ മന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ഗവൺമെന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥർ അടങ്ങിയ ഒരു അന്വേഷണ സമിതിയും നിലവിലുണ്ട്. ഇലക്ഷൻ കമ്മിഷണർമാരുടെ സേവന കാലാവധി ആറു വർഷമാണ്. ജനാധിപത്യ ഭരണസമ്പ്രദായം നീതിപൂർവകമാകണമെങ്കിൽ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുന്നതുമുതൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ ജോലികളും ആക്ഷേപരഹിതമാകണം. അതുകൊണ്ടാണ്,​ വോട്ടർപട്ടിക തയ്യാറാക്കുക എന്നത് വളരെ സങ്കീർണവും ശ്രമകരവുമായ ഒരു പ്രക്രിയയായി മാറുന്നത്.

പട്ടികയിലെ

മറിമായം

വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുന്നതിനായി വോട്ടർമാരുടെ വീടുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശിക്കുമ്പോൾ ചിലപ്പോൾ അവിടങ്ങളിൽ ആളില്ലാതെ വരാം. മുമ്പ് ലിസ്റ്റിൽ പേരുള്ളവരിൽ പലരും അന്യദേശത്തായിരിക്കാം. അല്ലെങ്കിൽ മരിച്ചിരിക്കാം. ഇതുമല്ലെങ്കിൽ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കാൻ പോകുന്ന ഉദ്യോഗസ്ഥരുടെ ചില സങ്കുചിത താത്‌പര്യങ്ങൾ... അങ്ങനെ നിരവധി കാരണങ്ങളാൽ കരട് വോട്ടർ പട്ടികയിൽ പാകപ്പിഴകൾ വന്നുകൂടാറുണ്ട്. ഇത്തരം പോരായ്മകൾ വോട്ടേഴ്സ് ലിസ്റ്റിലുണ്ടെങ്കിൽ അവയെല്ലാം മാറ്റിയെടുക്കുവാൻ രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർമാർക്കും നിരവധി അവസരങ്ങൾ നിയമപ്രകാരം ലഭ്യമാണ്. ഈ അവസരങ്ങൾ വേണ്ടവിധം വിനിയോഗിക്കാതെ, തിരഞ്ഞെടുപ്പ് കമ്മിഷണറെ മാത്രം കുറ്റപ്പെടുത്തുന്നതിൽ വെറും രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളതെന്ന് ഏറെപ്പേർ കരുതുന്നു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും,​ പരാജയപ്പെടുന്ന കക്ഷികൾ ജയിക്കുന്ന കക്ഷികൾക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നത് ഉചിതമല്ല.

തിരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് തങ്ങളുടെ തോൽവി തിരഞ്ഞെടുപ്പ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടികൾ മൂലമാണെന്ന് വിശ്വാസമുണ്ടെങ്കിൽ അവർക്ക് ബന്ധപ്പെട്ട കോടതിയെ സമീപിച്ച് പരിഹാരം കാണാൻ വ്യക്തമായ നിയമമുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ചില വിമർശനങ്ങളും ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടത്തിയിരുന്നല്ലോ. ഇവയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നൽകിയ പ്രതികരണം കുറച്ചുകൂടി വ്യക്തതയുള്ളതാകണമായിരുന്നു. ആരോപണങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തി,​ പോരായ്മകളുണ്ടെങ്കിൽ അവ പരിഹരിക്കപ്പെടും എന്നുള്ള ഒരു മറുപടിയായിരുന്നു കൂടുതൽ ഉചിതമെന്ന് വലിയ വിഭാഗം ജനങ്ങൾ ചിന്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ മനസിലാക്കേണ്ടത്,​ രാജ്യത്ത് കുറ്റമറ്റതും കൃത്യതയുള്ളതുമായ ഒരു തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ അത് ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കും എന്നതാണ്.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.