
കാൽ നൂറ്റാണ്ട് കാലം കൊല്ലം കോർപ്പറേഷൻ പകരക്കാരില്ലാതെ അടക്കിവാണ സി.പി.എമ്മും ഇടതുമുന്നണിയും തദ്ദേശതിരഞ്ഞെടുപ്പിൽ നേരിട്ടത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. കേരളമാകെ അലയടിച്ച യു.ഡി.എഫ് തരംഗം കൊല്ലം ജില്ലയിലും ആഞ്ഞടിച്ചപ്പോൾ തീരെ പ്രതീക്ഷിക്കാത്ത ഇടത് കോട്ടകൾക്ക് പോലും അടിത്തറയിളകി. കേരളത്തിലെ 6 കോർപ്പറേഷനുകളിൽ അഞ്ചും പോയാലും കൊല്ലം കോർപ്പറേഷൻ തങ്ങൾക്കൊപ്പം പാറ പോലെ ഉറച്ച് നിൽക്കുമെന്ന സി.പി.എമ്മിന്റെ അമിത ആത്മവിശ്വാസമാണ് തിരിച്ചടിയായത്. 2000 ൽ രൂപീകൃതമായ ശേഷം ഇതുവരെ കൊല്ലം കോർപ്പറേഷനിൽ തോൽവി അറിയാതെ ഭരിച്ച ഇടതുമുന്നണിക്ക് ഈ തിരഞ്ഞെടുപ്പിലേറ്റത് സമാനതകളില്ലാത്ത കനത്ത തിരിച്ചടിയാണ്. നിലവിലെ 55 അംഗ ഭരണസമിതിയിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള 38 സീറ്റുകൾ കൈവശം ഉണ്ടായിരുന്ന ഇടതുമുന്നണിക്ക് ഇപ്പോൾ ലഭിച്ചത് വെറും 16 സീറ്റുകൾ. ഇതിൽ സി.പി.എമ്മിന് കിട്ടിയത് 13 സീറ്റുകൾ. 6 സീറ്റിൽ നിന്ന് 12 സീറ്റിലേക്ക് കുതിച്ച ബി.ജെ.പി യുമായി ഒപ്പത്തിനൊപ്പം എത്തിയത് സി.പി.എമ്മിനും എൽ.ഡി.എഫിനും നാണക്കേടും നിരാശയുമായി. ഡീലിമിറ്റേഷനു ശേഷം 56 ഡിവിഷനുള്ള കൊല്ലം കോർപ്പറേഷനിൽ കേവല ഭൂരിപക്ഷമായ 29 ലേക്ക് എത്താനായില്ലെങ്കിലും യു.ഡി.എഫ് 27 സീറ്റുകളോടെ മുന്നിലെത്തി. വോട്ടെണ്ണൽ തുടങ്ങും മുമ്പ് വരെ കൊല്ലത്ത് അത്ഭുതം സംഭവിക്കുമെന്ന് യു.ഡി.എഫ് പോലും കരുതാത്തിടത്ത് നിന്നാണ് അവർ അട്ടിമറി വിജയം നേടിയത്. താമരക്കുളം ഡിവിഷനിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ എ.കെ. ഹഫീസ് കൊല്ലം മേയറാകും.
കാൽ നൂറ്റാണ്ട് ഭരണം, എന്നിട്ടും...
25 വർഷം തുടർഭരണം നടത്തിയിട്ടും കൊല്ലം നഗരത്തിൽ കോർപ്പറേഷൻ നഗരത്തിന്റേതെന്ന് തോന്നാവുന്ന യാതൊരു വികസനവും നടത്താത്തതാണ് എൽ.ഡി.എഫിനെ കൈവിടാൻ ജനങ്ങളെ നിർബ്ബന്ധിതരാക്കിയതെന്ന വിമർശനമാണുയരുന്നത്. ഒന്നും ചെയ്യാതിരുന്നിട്ടും എല്ലാ തിരഞ്ഞെടുപ്പിലും വിജയം, മേയർ സ്ഥാനം ചിലർക്ക് കുത്തക, നല്ലൊരു സ്വകാര്യ ബസ് സ്റ്റാന്റില്ല, ട്രാഫിക് സംവിധാനമില്ല, മനോഹരമായ നഗര പാതകളില്ല, മാലിന്യ നിർമ്മാർജ്ജനത്തിന് യാതൊരു പദ്ധതിയുമില്ല, അറവുശാല ഇല്ലാത്തതിനാൽ എവിടെയും മാംസാവശിഷ്ടങ്ങൾ തള്ളും. അതു ഭക്ഷിച്ച് തെരുവ്നായ്ക്കൾ പെരുകി. അങ്ങനെ കൊല്ലത്തെ നരകമാക്കിയ ഭരണാധികാരികൾക്ക് ക്ഷമകെട്ട ജനം നൽകിയ തിരിച്ചടിയാണ് ഭരണമാറ്റമായി മാറിയതെന്നാണ് ജനസംസാരം. 2000 ൽ കൊല്ലം കോർപ്പറേഷൻ രൂപീകരിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ലഭിച്ചത് 23 സീറ്റുകൾ വീതം. റിബലായി മത്സരിച്ച് വിജയിച്ച രണ്ട് കോൺഗ്രസുകാരെ ഒപ്പം കൂട്ടി ഭരണത്തിലേറിയ ഇടതുമുന്നണി പിന്നീട് ഓരോ അഞ്ചു വർഷത്തിലും നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറി. പ്രതിപക്ഷം ചുരുങ്ങിയ അംഗങ്ങളിൽ മാത്രമായൊതുങ്ങി അപ്രസക്തമായപ്പോൾ എങ്ങനെ ഭരിച്ചാലും ജയിക്കുമെന്ന തോന്നലായി. പ്രതിപക്ഷത്തെ അനൈക്യം എൽ.ഡി.എഫിന് ഊർജ്ജമേകി. ഇപ്പോഴും പ്രതിപക്ഷമായ യു.ഡി.എഫിന് ഭരണം ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു.
ഭരണവിരുദ്ധ വികാരം, ശബരിമല പിന്നെ കാലുവാരലും
കേരളമാകെ ആഞ്ഞു വീശിയ ഭരണവിരുദ്ധ വികാരവും ശബരിമലയിലെ സ്വർണക്കൊള്ളയും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നൽകിയപ്പോൾ കൊല്ലത്ത് സി.പി.എമ്മിനുള്ളിലെ കാലുവാരൽ വിവാദവും ചർച്ചയാകുന്നു. കോർപ്പറേഷനിൽ അഞ്ചാമൂഴം ഭരണം ലഭിച്ചാൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന മൂന്ന് പേരും തോറ്റെന്ന് മാത്രമല്ല, ഒരാൾ ബി.ജെ.പിക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് പാർട്ടിയിലെ കാലുവാരൽ മൂലമെന്നാണ് അടക്കം പറച്ചിൽ. താമരക്കുളം ഡിവിഷനിൽ മത്സരിച്ച പാർട്ടി ജില്ലാ കമ്മിറ്റിയംഗം എ.എം ഇക്ബാലാണ് ബി.ജെ.പിക്കും പിന്നിൽ മൂന്നാമതായത്. കന്നിമേൽ വെസ്റ്റിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ അനിരുദ്ധൻ തോറ്റത് ബി.ജെ.പി സ്ഥാനാർത്ഥിയോടാണെന്നത് പാർട്ടിക്ക് ക്ഷീണമായി. ഉളിയക്കോവിൽ ഈസ്റ്റിൽ മത്സരിച്ച ജില്ലാ കമ്മിറ്റിയംഗവും മുൻ മേയറുമായ വി.രാജേന്ദ്രബാബുവും ബി.ജെ.പിയോടാണ് തോറ്റത്. നിലവിലെ മേയർ ഹണി ബഞ്ചമിൻ, മുൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് എന്നിവരുടെ തോൽവി സി.പി.ഐക്കും ആഘാതമായി.
എൽ.ഡി.എഫിന്റെ ഉറക്കം കെടുത്തും
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന് വൻ നേട്ടം സമ്മാനിച്ച കൊല്ലം ജില്ലയിൽ ഇക്കുറി യു.ഡി.എഫ് നടത്തിയ തേരോട്ടം വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഉറക്കം കെടുത്തുന്നതാണ്. കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിച്ചത് കൂടാതെ ജില്ല, ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം യു.ഡി.എഫ് വൻ മുന്നേറ്റം നടത്തി ചരിത്രമെഴുതിയപ്പോൾ ജില്ലാപഞ്ചായത്ത് ഭരണം നിലനിർത്താനായതും നാല് മുനിസിപ്പാലിറ്റികളിൽ മൂന്നും ഒപ്പം നിർത്താനായതുമാണ് എൽ.ഡി.എഫിന് ആശ്വാസമായത്. 2020 ലെ തിരഞ്ഞെടുപ്പിൽ 26 അംഗ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ 23 സീറ്റുകളിലും എൽ.ഡി.എഫിനായിരുന്നു ജയമെങ്കിൽ ഇക്കുറി യു.ഡി.എഫ് മൂന്നിൽ നിന്ന് 10 സീറ്റുകളിലേക്കെത്തി. കോൺഗ്രസ് രണ്ട് സീറ്റിൽ നിന്ന് 9 സീറ്റിലേക്കെത്തിയപ്പോൾ 14 സീറ്റുണ്ടായിരുന്ന സി.പി.എം 11 സീറ്റുകളിലേക്ക് ചുരുങ്ങി. സി.പി.ഐ കഴിഞ്ഞ തവണ നേടിയ 9 സീറ്റുകൾ ഇത്തവണ 6 ആയും കുറഞ്ഞു. ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ മൂന്നിടത്തും വിജയിക്കാനായത് പരാജയങ്ങൾക്കിടയിലും എൽ.ഡി.എഫിന് നേരിയ ആശ്വാസമായി. പുനലൂർ, കൊട്ടാരക്കര നഗരസഭകളിൽ ഭരണം നിലനിർത്തിയപ്പോൾ പരവൂർ നഗരസഭ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി ഭരണം നടത്തിയ കരുനാഗപ്പള്ളി നഗരസഭ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫും പിടിച്ചെടുത്തു. ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാറിന്റെ തട്ടകമായ പത്തനാപുരത്ത് 1979 നു ശേഷം ഇതാദ്യമായി യു.ഡി.എഫ്, എൽ.ഡി.എഫിൽ നിന്ന് ഗ്രാമ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഗണേശിനും കനത്ത ആഘാതമായി. പത്തനാപുരത്ത് 2000 മുതൽ തുടർച്ചയായി എം.എൽ.എ ആകുന്ന ഗണേശ്കുമാറിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നെഞ്ചിടിപ്പേറ്റുന്നതാണ് യു.ഡി.എഫിന്റെ മുന്നേറ്റം. രൂപീകൃതമായ കാലം മുതൽ എൽ.ഡി.എഫ് ഭരിക്കുന്ന പത്തനാപുരം ബ്ളോക്ക് പഞ്ചായത്തിലും യു.ഡി.എഫ് അട്ടിമറി വിജയമാണ് നേടിയത്. 2020 ൽ 10 ബ്ളോക്ക് പഞ്ചായത്തുകളിൽ ജയിച്ച എൽ.ഡി.എഫ് ഇക്കുറി ഏഴിലേക്ക് താഴ്ന്നു. ഗ്രാമപഞ്ചായത്തുകളിൽ നിലവിലെ 22 ൽ നിന്ന് 32 ലേക്ക് യു.ഡി.എഫ് കുതിച്ചപ്പോൾ എൽ.ഡി.എഫ് 43 ൽ നിന്ന് 33 ലേക്ക് കൂപ്പുകുത്തി. എൽ.ഡി.എഫിന്റെ പരമ്പരാഗത കോട്ടകളിലെ ഗ്രാമ പഞ്ചായത്തുകൾ പലതും ഇക്കുറി നഷ്ടമായപ്പോൾ അവിടെല്ലാം യു.ഡി.എഫ് നേട്ടമുണ്ടാക്കി.
ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടായില്ല
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത് അട്ടിമറി സൃഷ്ടിച്ച ബി.ജെ.പി ക്ക് കൊല്ലം കോർപ്പറേഷനിൽ സീറ്റുകൾ ഇരട്ടിയാക്കാനായെങ്കിലും ജില്ലയിലെ മറ്റിടങ്ങളിലൊന്നും കാര്യമായ ചലനമുണ്ടാക്കാനായില്ല. കോർപ്പറേഷനിൽ നിലവിലെ 6 സീറ്റിൽ നിന്ന് 12 ആയി ഉയർത്തിയ ബി.ജെ.പി 13 സീറ്റ് നേടിയ സി.പി.എമ്മിനൊപ്പം എത്തി എൽ.ഡി.എഫിനെ ഞെട്ടിച്ചെങ്കിലും മറ്റിടങ്ങളിലൊന്നും ഈ നേട്ടം കൈവരിക്കാനായില്ല. രണ്ട് സി.പി.എം മേയർ സ്ഥാനാർത്ഥികളെ തോൽപ്പിച്ചത് കൂടാതെ കോർപ്പറേഷനിലെ 10 ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് 68 ഗ്രാമ പഞ്ചായത്തുകളിൽ രണ്ടിടത്ത് മാത്രമാണ് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചത്. കൊല്ലം കോർപ്പറേഷനിൽ എൻ.ഡി.എ 22.46 ശതമാനം വോട്ട് നേടിയപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും യഥാക്രമം 37.28 ശതമാനവും 37.04 ശതമാനവും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |