
ഭാഷ്യരചന, പ്രഭാഷണം എന്നീ വരിഷ്ഠകർമങ്ങളിലൂടെ അദ്വൈതതത്ത്വം സമൂഹത്തിൽ പ്രത്യക്ഷമാക്കിയ ആചാര്യനായിരുന്നു പ്രൊഫ. ജി. ബാലകൃഷ്ണൻനായർ. തിരുവനന്തപുരത്ത് വഴയില എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്- 1923 ഫെബ്രുവരി അഞ്ചിന്. കുറുക്കണ്ണാൽ വീട്ടിൽ ഗോവിന്ദപ്പിള്ളയും ഗൗരിയമ്മയുമാണ് മാതാ പിതാക്കൾ. അച്ഛൻ അറിയപ്പെടുന്ന രാമായണം വായനക്കാരനായിരുന്നു. അതിനാൽ അദ്ദേഹം ഭക്തനും ജ്ഞാനിയും ആയിരുന്നുവെന്ന് അനുമാനിക്കാം. അച്ഛന്റെ ഈവിധ കർമങ്ങൾ മക്കളെ സ്വാധീനിച്ചതിന്റെ ധാരാളം ഉദാഹരണങ്ങളുണ്ട്.
സമാനമായ ഒന്നാണ് തകഴി ശിവശങ്കരപ്പിള്ളയുടേത്. അത്താഴത്തിനുശേഷം അച്ഛൻ രാമായണമോ ഭാഗവതമോ വായിക്കുന്നതിന്റെ ഓർമ്മ തകഴി ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. അച്ഛന്റെ ഹൃദയഹാരിയായ വായനയുടെ ആരോഹണാവരോഹണങ്ങൾക്ക് അനുസരിച്ച് എന്ന വണ്ണം വിശാലമായ കുട്ടനാടൻ പാടശേഖരത്തിലെ നെല്ലോലകൾ തിരമാലകൾപോലെ ഇളകിയാടുന്ന ചേതോഹരദൃശ്യം തകഴിയുടെ മനസിൽനിന്ന് ഒരി ക്കലും മാഞ്ഞുപോയിരുന്നില്ല. ബാലകൃഷ്ണൻനായർ സാറിന്റെ അമ്മയ്ക്കുമുണ്ടായിരുന്നു പ്രത്യേകതകൾ.
അമ്മ അതിരാവിലെ ഉണർന്ന് 'ഹരിനാമകീർത്തനം" ചൊല്ലിക്കൊണ്ടാണത്രേ ജോലി ആരംഭിച്ചിരുന്നത്. മുൻകാലത്ത് ഇതിഹാസ പുരാണങ്ങൾ വായിക്കുന്ന അച്ഛന്മാരെക്കാൾ എത്രയോ ഇരട്ടി അധികമായിരുന്നു, ഹരിനാമാദി കീർത്തനങ്ങൾ ഉരുവിട്ടുകൊണ്ട് വീട്ടുജോലി ചെയ്തിരുന്ന അമ്മമാർ. ഈ അമ്മമാരിൽ പലരും അക്ഷരം പഠിച്ചവരേ ആയിരുന്നില്ല. എങ്കിലും അവർ ഇതൊക്കെ ഹൃദിസ്ഥമാക്കിയിരുന്നു. തങ്ങളുടെ അമ്മയോ മുത്തശ്ശിയോ മറ്റാരെങ്കിലുമോ ചെയ്യുന്നത് കണ്ടും കേട്ടും പഠിച്ചാണ് ഇന്നാട്ടിലെ പെൺകുട്ടികൾ വളർന്നുവന്നത്. അത് തികച്ചും അനൗപചാരികമായ ഒരു വിദ്യാഭ്യാസ പദ്ധതിയായിരുന്നു. അതിലൂടെ, അറിയേണ്ടത് അറിയാനും ചെയ്യേണ്ടതു ചെയ്യാനും അവർ അഭ്യസിച്ചുപോന്നു.
അറിവിന്റെ
വഴിവിളക്ക്
ആ ശീലാചാരങ്ങൾ താങ്ങിയുറപ്പിച്ചതാണ് നമ്മുടെ സംസ്‌കാരം. അറിവിന്റെ ലോകത്തെ ആദ്യ വഴിവിളക്ക് അമ്മയായിത്തീരുന്നത് ഇങ്ങനെയാണ്. മാതാ, പിതാ, ഗുരു, ദൈവം എന്ന് വിവേകികൾ ജ്ഞാനക്രമത്തെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ടല്ലോ. ഇങ്ങനെയുള്ള അച്ഛനമ്മമാർ ലോകത്തിനു സമ്മാനിച്ച ഉത്കൃഷ്ട സന്താനമായിരുന്നു ജി. ബാലകൃഷ്ണൻ നായർ. പിന്നീട്, ജ്ഞാനിയായിത്തീർന്ന ആ മകൻ ഈവിധ കർമാനുഷ്ഠാനത്തെ സമൂഹത്തിന് വിശദമാക്കിത്തന്നിട്ടുമുണ്ട്. അത് 'രണ്ടു മലയാള മാമറകൾ" എന്ന പുസ്തകത്തിൽ കാണാം. ഇവിടെ, മറ എന്നതിന് അർത്ഥം വേദം എന്നാണ്. മാമറകൾ എന്നാൽ മഹാവേദങ്ങൾ. വേദം അറിവാണല്ലോ. അപ്പോൾ മലയാളത്തിൽ എഴുതപ്പെട്ട രണ്ടു മഹാവേദങ്ങളെയാണ് ബാലകൃഷ്ണൻനായർ സാർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. അവ തുഞ്ചത്തെഴുത്തച്ഛന്റെ 'ഹരിനാമകീർത്തന"വും പൂന്താനം നമ്പൂതിരി രചിച്ച 'ജഞാനപ്പാന"യുമാണ്.
കേരളത്തിന്റെ പരമാചാര്യനായ തുഞ്ചത്തെഴുത്തച്ഛൻ ഹരിനാമ കീർത്തനത്തിലെ 5590 പദ്യത്തിൽ പ്രതിപാദിക്കുന്നത് അദ്വൈതാഭ്യാസത്തെക്കുറിച്ചാണെന്ന് ബാലകൃഷ്ണൻനായർ സാർ വിശദമാക്കുന്നു: 'അദ്വൈതാഭ്യാസത്തിന് സമ്പൂർണമായ ആത്മസമർപ്പണവും കർമസാഫല്യവും വരേണ്ടതുണ്ട്. അതിനുള്ള ഉപായം സ്പഷ്ടമാണ്. ജഗത്തു മുഴുവൻ ഒരേ ഈശ്വരന്റെ ശക്തിപ്രകടനമാണെന്ന് ഇന്ന് ശാസ്ത്രവും കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് പലതു കണ്ടു രമിക്കുന്ന മനസിനെ എല്ലാം ഒന്നെന്നുകാട്ടി അദ്വൈതം അഭ്യസിപ്പിക്കണം. അദ്വൈതം മനസിനെ അഭ്യസിപ്പിച്ചുകൊണ്ട് കർമം തുടർന്നാൽ ആ കർമം ഈശ്വരാർപ്പണബുദ്ധി വളർത്തി ആത്മപ്രസാദത്തിനു ഹേതുവായി ഭവിക്കും. ഇവിടെ ഭക്തിയും ജ്ഞാനവും കൈകോർത്തുപിടിച്ച് ജീവിതസാഫല്യം നേടിത്തരും."
അദ്വൈതാഭ്യസനം എങ്ങനെ വേണമെന്ന് തുഞ്ചത്തു ഗുരുപാദർ വിവരിച്ചതിന്റെ പൊരുൾ ബാലകൃഷ്ണൻനായർ സാർ കാട്ടിത്തരുന്നതു ശ്രദ്ധിക്കാം: 'ഈ ലോകത്ത് എന്തൊക്കെ കാണപ്പെടുന്നുവോ, അതൊക്കെ നാരായണന്റെ പ്രതിരൂപമാണ്. എന്തൊക്കെ കേൾക്കപ്പെടുന്നുവോ അതൊക്കെ നാരായണന്റെ സങ്കീർത്തനങ്ങൾ; എന്തൊക്കെ ചെയ്യപ്പെടുന്നുവോ അതൊക്കെ നാരായണന്റെ പൂജകൾ. എന്തിനേറെ, ഇവിടെ എന്തൊക്കെയുണ്ടോ അതൊക്കെ നാരായണമയം. ഹരിനാരായണനു നമസ്‌കാരം!
മൂന്നു വിധം
അദ്വൈതം
അദ്ധൈതാഭ്യാസംകൊണ്ടേ ആത്മാവ് പൂർണമായും തെളിഞ്ഞുകിട്ടൂ. ഭക്തിയുടെ പരമാചാര്യനായ നാരദൻ ഭാഗവതം ഏഴാം സ്‌കന്ധത്തിന്റെ അവസാനഭാഗത്ത് ധർമപുത്രരോട് മൂന്നുവിധം അദ്വൈതം പരിശീലിക്കാൻ ആവശ്യപ്പെടുന്നു. ഭാവാദ്വൈതം, ക്രിയാദ്വൈതം, ദ്രവ്യാദ്വൈതം ഇവയാണ് മൂന്നുവിധം അദ്വൈതങ്ങൾ. പ്രപഞ്ചത്തിന്റെ കാരണം അഖണ്ഡ ബോധസ്വരൂപനായ പരമാത്മാവാണല്ലോ. കാരണത്തിൽനിന്നുണ്ടായ കാര്യങ്ങൾ അതിൽനിന്ന് ഭിന്നങ്ങളാകാൻ പറ്റുകയില്ല. സ്വർണത്തിൽ രൂപംകൊള്ളുന്ന ആഭരണങ്ങൾ സ്വർണംതന്നെയാണല്ലോ. കാരണത്തിൽ ഇല്ലാത്തകാര്യം ഒരിക്കലും ഒരിടത്തും സംഭവിക്കുന്നില്ല. അപ്പോൾ സ്വർണത്തിലും ആഭരണത്തിലും വസ്തു സ്വർണംതന്നെയാണ്. അതുപോലെ, പ്രപഞ്ചകാരണമായ പരമാത്മാവിലും, കാര്യമായ പ്രപഞ്ചത്തിലും വസ്തു പരമാത്മാവുതന്നെ. കാരണകാര്യങ്ങളിലെ ഈ വസതുഐക്യം വിചാരം ചെയ്തറിഞ്ഞ്, കാണപ്പെടുന്ന സകലതിലും പരമാത്മാവിനെ കാണാൻ പ്രേരിപ്പിക്കുന്നതാണ് ഭാവാദ്വൈതം.
എവിടെയും പരമാത്മാവിനെ ദർശിച്ച് മനസുകൊണ്ടും വാക്കുകൊണ്ടും ശരീരംകൊണ്ടും ചെയ്യുന്ന എല്ലാ ക്രിയകളും ആ പരമാത്മാവിന്റെ അർച്ചനയെന്നു കരുതി, അവിടെ സമർപ്പിക്കുന്നതാണ് ക്രിയാദ്വൈതം. സ്വന്തം സ്വാർഥകാമങ്ങൾ പോലെയാണ് മറ്റുള്ളവരുടെയും സ്വാർഥകർമങ്ങൾ എന്നുകണ്ട് ലോകവ്യവഹാരത്തിൽ മനസിനെ ആത്മതുല്യം പഠിപ്പിക്കുന്നത് ദ്രവ്യാദ്വൈതം. ഈ വിധമുള്ള ത്രിവിധാദ്വൈത പരിശീലനം ചിത്തത്തെ അതിവേഗം ശുദ്ധീകരിച്ച് സർവം ബ്രഹ്മമയമെന്ന അദ്വൈത സാക്ഷാത്കാരത്തിൽ സാധകരെ കൊണ്ടെത്തിക്കും. അദ്വൈതാഭ്യാസവിധമാണ് ആചാര്യൻ വിവരിച്ചിരിക്കുന്നത്. ഈ പരിശീലനം നിത്യനിരന്തരമായി നടത്തിയവരായിരുന്നു ബാലകൃഷ്ണൻനായരുടെ അച്ഛനുമമ്മയും. അവരുടെ മകനാകട്ടെ, ആ പുണ്യപരിപാകത്തിന്റെകൂടി ഫലമായി അദ്വൈതാചാര്യനായിത്തീരുകയും ചെയ്തു.
രണ്ടു മലയാള മാമറകൾ കൂടാതെ, ശ്രീമദ്ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം, വേദാന്തദർശനം (3 ഭാഗങ്ങൾ), ഭാഷ്യപ്രദീപം, വാസിഷ്ഠസുധ, ശ്രീനാരായണഗുരുദേവ കൃതികൾ സമ്പൂർണ വ്യാഖ്യാനം (2 ഭാഗങ്ങൾ), ഭാഗവതഹൃദയം, രണ്ടു വിദ്യാരണ്യകൃതികൾ എന്നിവയും ബാലകൃഷ്ണൻനായർ സാർ തയ്യാറാക്കിയ പ്രമുഖ ഭാഷ്യങ്ങളാണ്. അദ്വൈതപ്പൊരുളായ പരമസതൃത്തെ സൂര്യതുല്യം കാട്ടിത്തരുന്നവയാണ് പ്രൊഫ. ജി. ബാലകൃഷ്ണൻനായരുടെ രചനകളെല്ലാം. ഇങ്ങനെ ഗ്രന്ഥരചന, വേദാന്ത പ്രഭാഷണം, പ്രൗഢനുഭൂതി പ്രസരണം എന്നീ മഹാകൃത്യങ്ങൾ നിർവഹിച്ച ബാലകൃഷ്ണൻ നായർ സാർ 2011 ഫ്രെുവരി നാലിന് ബ്രഹ്മത്തിൽ വിലയിച്ചു. പക്ഷേ അദ്ദേഹം അവശേഷിച്ച ഈർജ്ജഗതി ഒരിക്കലും അവസാനിക്കുന്നതല്ല.
(ലേഖകന്റെ ഫോൺ: 94474 33145)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |