
അസഹ്യമായ ചൂടിൽ കാടും കടലും ഇടനാടുകളുമെല്ലാം പൊളളുകയാണ്. കടലിൽ മീൻ കുറയുന്നതും കരയിൽ സസ്യലതാദികളും പക്ഷിമൃഗാദികളും നശിക്കുന്നതും പല തരത്തിലാണ് മനുഷ്യരേയും ബാധിക്കുന്നത്. അതിവേഗത്തിൽ നഗരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ, സംസ്ഥാനത്ത് ഓരോ വേനലിലും കൂടുതൽ ചൂട് അനുഭവേദ്യമാകുന്നുവെന്നതാണ് സത്യം. വടക്കൻ സംസ്ഥാനങ്ങളിൽ പ്രകടമാകുന്ന താപതരംഗത്തിൻ്റെ വക്കിലാണ് കേരളവും. അറബിക്കടലിലെ താപവർദ്ധന മൂലം കേരളത്തിന്റെ കരയും കടലും ഒരുപോലെ ചുട്ടുപൊളളുന്നുണ്ട്. ചൂട് കനത്തതോടെ കടലിൽനിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത നന്നേ കുറഞ്ഞു. കടലിൽ ചൂട് കൂടുന്നതിനാൽ മത്സ്യങ്ങൾ മുകൾത്തട്ടിലേക്കു വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകുന്നതാണ് മീൻ കുറയാനിടയാവുന്നത്. സാധാരണ വേനൽക്കാലത്ത് കൂടുതലായി കിട്ടിയിരുന്ന മീനുകൾ പോലും കിട്ടാനില്ല. സമുദ്ര താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനംപോലും മത്സ്യസമ്പത്തിനെ ബാധിക്കും. ചൂട് കൂടിത്തുടങ്ങുമ്പോൾ മുതൽ മീൻ ഉൾക്കടലിലേക്കു പോകും.
കാടും പൊളളുന്നു
കഠിനമായ വേനലിൽ വനത്തിനുള്ളിലെ ജലാശയങ്ങൾ വറ്റുകയും കാട്ടുതീ പടരുകയും ചെയ്തതോടെ വന്യജീവികൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്കെത്തുന്നുണ്ട്. ആന, കാട്ടുപന്നി എന്നിവയ്ക്ക് പുറമേ മയിൽ ഉൾപ്പെടെയുള്ള പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങും. മലയോര മേഖലകളിൽ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിംഗുകൾ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമാകുന്നില്ലെന്ന് ജനം ആരോപിക്കുന്നു. വനമേഖലകളോട് ചേർന്നുള്ള റെയിവേ ട്രാക്കിൽ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇത് പരിഹരിക്കാൻ വടക്കാഞ്ചേരി, വാളയാർ, ആര്യങ്കാവ്, കഞ്ചിക്കോട് തുടങ്ങിയ മേഖലകളിൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ വിശദമായ പഠനം നടത്തിയിരുന്നു. എന്നാൽ പ്രതിരോധ നടപടികളുണ്ടായില്ല. വടക്കാഞ്ചേരി അകമല, ഉത്രാളിക്കാവ് ഭാഗങ്ങളിലെ റെയിൽപ്പാളങ്ങളിലും കാട്ടാനയിറങ്ങുന്നുണ്ട്.
എ.ഐ എപ്പോൾ?
വനാതിർത്തികളിൽ കാട്ടാനകളുടെ സാന്നിദ്ധ്യം നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരീക്ഷണ സംവിധാനം നടപ്പാക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയുണ്ട്. വന്യജീവി ആക്രമണങ്ങൾ തടയാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വനാതിർത്തികളിൽ അത്യാധുനിക എ.ഐ ക്യാമറകൾ സ്ഥാപിച്ച് ആനകളുടെ സാന്നിദ്ധ്യം തത്സമയം നിരീക്ഷിക്കാനുള്ള പദ്ധതി കഴിഞ്ഞമാസം തയ്യാറാക്കിയിരുന്നു. കാട്ടാനകളുടെ ചലനം തിരിച്ചറിയുന്ന നിമിഷം വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാദേശിക റെസ്‌പോൺസ് ടീമുകൾക്കും മൊബൈൽ സന്ദേശം വഴി മുന്നറിയിപ്പ് നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ആനയിറങ്ങുന്ന വിവരം നേരത്തേ അറിഞ്ഞാൽ ജനങ്ങളെ ജാഗ്രതപ്പെടുത്താനും അപകടങ്ങൾ ഒഴിവാക്കാനുമാകും. ഓരോ വന ഡിവിഷനിലും സ്ഥാപിച്ച് പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്ന് പറയുന്നു. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനായി വനപ്രദേശങ്ങളിൽ ഫെൻസിംഗ് ശക്തിപ്പെടുത്തേണ്ടതുണ്ട്. തകർന്നുപോയ ഫെൻസിംഗുകൾ പുനർനിർമ്മിക്കാനായുള്ള നടപടികളെടുക്കണം. നിയമങ്ങളും ചട്ടങ്ങളും മാത്രം മുറുകെ പിടിച്ച് ഫെൻസിംഗ് പുനർ നിർമ്മാണം തടയരുതെന്നും പറയുന്നു.
എല്ലാം അതിതീവ്രം
അതിതീവ്രമഴ കഴിഞ്ഞാൽ പിന്നെ അതിതീവ്ര വേനൽ എന്നത് സാധാരണ പ്രതിഭാസമായി മലയാളി ഉൾക്കൊണ്ടുകഴിഞ്ഞു. പ്രളയവും വരൾച്ചയും ഒരുപോലെ നേരിടുക എന്നത് സമൂഹത്തിനും മനുഷ്യശരീരത്തിനും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല. മനുഷ്യനിർമ്മിതമായ പ്രത്യാഘാതങ്ങളും തിരിച്ചടികളുമുണ്ട്. അതിലൊന്നാണ് കാട്ടുതീ. വേനലിലെ കാട്ടുതീ ഭൂരിഭാഗവും മനുഷ്യനിർമ്മിതമാണ്. ട്രക്കിങ്ങിനിടെ 23 പേർ കാട്ടുതീയിൽപ്പെട്ട് വെന്തുമരിച്ച കൊരങ്ങിണി ദുരന്തത്തിനുശേഷം ഇന്ത്യയിലെ തന്നെ ആദ്യ സംഭവമായിരുന്നു തൃശൂരിലെ ദേശമംഗലം കൊറ്റമ്പത്തൂരിലുണ്ടായത്. ആറുവർഷം മുൻപ് ഫെബ്രുവരിയിലായിരുന്നു ആ ദുരന്തം. കാട്ടുതീയിൽ മൂന്നു വനപാലകർ വെന്തുമരിക്കുന്ന കേരളത്തിലെ ആദ്യ ദുരന്തമായിരുന്നു അത്. മൃഗങ്ങൾക്കും മനുഷ്യർക്കും ആവാസവ്യവസ്ഥയ്ക്കും അതുണ്ടാക്കിയ പ്രത്യാഘാതം വലുതായിരുന്നു. കേരളത്തിലെ വനം റെയ്ഞ്ചുകളിൽ ആയിരക്കണക്കിന് ഹെക്ടറാണ് സംരക്ഷിത വനമുളളത്. കാട്ടുതീ പ്രതിരോധിക്കാൻ പലയിടങ്ങളിലും നിർമിക്കുന്ന ഫയർലൈനുകൾ പരിമിതമാണ്. ഫണ്ടിന്റെ അപര്യാപ്തതയുടെ പേരിൽ പലയിടത്തും ഫയർലൈൻ ഒഴിവാക്കും. ഓരോ വർഷവും ഹെക്ടർ കണക്കിന് കാട് കത്തുന്നുണ്ട്. വനസംരക്ഷണത്തിനായി പലയിടങ്ങളിലും വാച്ചർമാരില്ല. വനത്തിൽ കാട്ടുതീ പടർന്നാൽ ഇന്നും പച്ചത്തലപ്പുകൾകൊണ്ട് അടിച്ചുകെടുത്തുന്ന രീതി പലയിടങ്ങളിലുമുണ്ട്.
മിക്കപ്പോഴും അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് വനത്തിനുള്ളിലേക്ക് എത്തിച്ചേരുക പ്രയാസമാണ്. വനമേഖലയോടു ചേർന്നുകിടക്കുന്ന ഫയര്‍സ്റ്റേഷനുകൾക്ക് പോലും ഊടുവഴികളിലൂടെവരെ പോവാൻ കഴിയുന്ന ചെറിയ വാഹനങ്ങൾ ലഭ്യമാണോയെന്ന് സംശയമാണ്. അധിനിവേശ മരങ്ങളായ അക്കേഷ്യയും യൂക്കാലിപ്റ്റസും അടക്കമുള്ള പ്‌ളാന്റേഷനുകളാണ് കൊറ്റമ്പത്തൂരിൽ എരിതീയിൽ എണ്ണയായത്. യൂക്കാലിപ്റ്റസ് എണ്ണയുടെ സാന്നിദ്ധ്യമുള്ള മരമായതിനാൽ പച്ചയ്ക്ക് പോലും കത്തും. ഇവ ജലക്ഷാമം രൂക്ഷമാക്കും. മറ്റ് മരങ്ങളിലേക്കും പടരും. കാടുണക്കുന്ന അധിനിവേശ മരങ്ങളായിരുന്നു കൊറ്റമ്പത്തൂരിൻ്റെ ഹരിതഹൃദയത്തിൽ തീയായത്. ഈ അധിനിവേശ മരങ്ങൾ ജലക്ഷാമം കൂട്ടി കാടുണക്കും. തീറ്റയും വെള്ളവും കുറയുമ്പോൾ മൃഗങ്ങൾ കാടിറങ്ങും. ഇവയുടെ അടിയിൽ മറ്റ് സസ്യങ്ങളും മരങ്ങളും വളരില്ല. വൻമരങ്ങളിലെ ഉയർന്ന അളവിലെ എണ്ണ കാട്ടുതീ കൂട്ടും. കാട്ടിലെ ജൈവ സന്തുലിതാവസ്ഥയെ തകിടം മറിക്കും. എന്നാൽ സ്വാഭാവിക വനം ഒരുക്കുമ്പോൾ മൃഗങ്ങൾ കാടിറങ്ങുന്നത് വളരെ കുറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |