SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.52 AM IST

ഹൈവോൾട്ടിൽ ഹൈറേഞ്ച്

Increase Font Size Decrease Font Size Print Page
s

സാധാരണ ഏപ്രിൽ മാസത്തിലെ പൊള്ളുന്ന ചൂടിലും ഹൈറേഞ്ചിൽ കുളിര് പകർന്ന് എപ്പോഴും തണുത്ത കാറ്റുണ്ടാകും. പക്ഷേ, ഇത്തവണ ഇവിടുത്തെ അന്തരീക്ഷത്തിലെങ്ങും തിരഞ്ഞെടുപ്പിന്റെ ചൂട് കാറ്റാണ്. കുടിയേറ്റ കർഷകരുടെയും തോട്ടംതൊഴിലാളികളുടെയും നാടായ ഇടുക്കിയിൽ അഞ്ച് മണ്ഡലങ്ങളേ ഉള്ളുവെങ്കിലും അഞ്ചിലും മത്സരം 'ഹൈറേഞ്ചിലാണ് '. പൊതുവെ യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന ജില്ലയാണ് ഇടുക്കിയെന്നാണ് അറിയപ്പെടുന്നതെങ്കിലും രണ്ട് പതിറ്റാണ്ടായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്. കഴിഞ്ഞ നാല് ടേമുകളിലായി കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇടുക്കിയിലില്ല. നിലവിൽ തൊടുപുഴയൊഴിച്ച് മറ്റ് നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഈ മേൽക്കൈ നഷ്ടമാകാതിരിക്കാനാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് നേടിയ 1.33 ലക്ഷത്തിന്റെ ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയവും, നഷ്ടമായ സീറ്റുകളെല്ലാം തിരികെ പിടിക്കാമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിലെ ഫലമനുസരിച്ച് ദേവികുളമൊഴികെയുള്ള നാല് മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. ഓരോ തിരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തുന്ന എൻ.ഡി.എ ഇത്തവണയും ഇരുമുന്നണികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ഇഞ്ചോടിഞ്ച് പോരാട്ടം

തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം എന്നിങ്ങനെ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2021ലെ തിരഞ്ഞെടുപ്പിൽ തൊടുപുഴയൊഴിച്ച് ബാക്കി നാല് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ ഇടുക്കി മണ്ഡലത്തിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി റോഷി അഗസ്റ്റ്യനാണ് വിജയിക്കുന്നത്. കഴിഞ്ഞ തവണ 5573 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ നാല് ടേമുകളിലായി ഇടതിനൊപ്പം അടിയുറച്ച് നിൽക്കുന്ന പീരുമേട് നിയോജകമണ്ഡലത്തിൽ കോൺഗ്രസിലെ സിറിയക് തോമസിനെതിരെ വെറും 1862 വോട്ടുകൾക്കായിരുന്നു സി.പി.ഐയിലെ വാഴൂർ സോമന്റെ വിജയം. രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന തമിഴ് തോട്ടംതൊഴിലാളികളേറെയുള്ള ദേവികുളം മണ്ഡലത്തിൽ 2021ൽ കോൺഗ്രസിലെ ഡി. കുമാർ സി.പി.എമ്മിലെ എ. രാജയോട് 7848 വോട്ടുകൾക്കാണ് തോറ്റത്. എക്കാലവും കോൺഗ്രസിനോടും കേരളകോൺഗ്രസിനോടുമൊപ്പം നിൽക്കുന്ന തൊടുപുഴ നിയോജകമണ്ഡലത്തിൽ കഴിഞ്ഞതവണ 20259 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പി.ജെ. ജോസഫ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ഐ. ആന്റണിയെയാണ് തോൽപ്പിച്ചത്. ഉടുമ്പഞ്ചോല മണ്ഡലത്തിൽ സി.പി.എമ്മിലെ എം.എം. മണി 38305 വോട്ടുകൾക്കായിരുന്നു കോൺഗ്രസിലെ സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.


ചരിത്രം വലത് മാറി ഇടതിനൊപ്പം

ആകെയുള്ള അഞ്ചുസീറ്റിൽ 2006 മുതൽ മേൽക്കൈ എൽ.ഡി.എഫിനാണ്. 1991ലെ തിരഞ്ഞെടുപ്പിൽ അഞ്ചുസീറ്റും യു.ഡി.എഫിനായിരുന്നു. അതിൽ തൊടുപുഴയിൽ പി.ടി. തോമസ് ഉൾപ്പെടെ നാലിടത്തും ജയിച്ചത് കോൺഗ്രസും. 1996ൽ പക്ഷേ, സ്ഥിതി മാറി. തൊടുപുഴയും പീരുമേടും ഇടുക്കിയും ജയിച്ചത് എൽ.ഡി.എഫ് ആയിരുന്നു. യു.ഡി.എഫിന് രണ്ടു സീറ്റ് മാത്രം. അന്ന് പി.ജെ. ജോസഫ് ഇടതുപക്ഷത്താണ്. 2001ൽ വീണ്ടും യു.ഡി.എഫ് ആധിപത്യം ആയി. തൊടുപുഴ ഉൾപ്പെടെ നാലിടത്ത് യു.ഡി.എഫ് ജയിച്ചപ്പോൾ എൽ.ഡി.എഫിന് ഉടുമ്പൻചോല മാത്രം കിട്ടി. തുടർച്ചയായി യു.ഡി.എഫ് ജയിച്ചുവന്ന ഇവിടെ കെ.കെ. ജയചന്ദ്രൻ ആദ്യമായി എം.എൽ.എയായി. 2006ൽ വീണ്ടും കഥമാറി. അഞ്ചിൽ നാലും എൽ.ഡി.എഫ് ജയിച്ചപ്പോൾ യു.ഡി.എഫിന് ഇടുക്കി മണ്ഡലം മാത്രം. അന്ന് മുതൽ കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇല്ലാതായി. 2011 ആയപ്പോഴേക്കും പി.ജെ. ജോസഫ് എൽ.ഡി.എഫ് വിട്ടു. 2011ലെയും 16ലെയും തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്- 3, യു.ഡി.എഫ്- 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. അന്ന് കേരള കോൺഗ്രസിന്റെ ബലത്തിലാണ് യു.ഡി.എഫ് ഇടുക്കിയിലും തൊടുപുഴയിലും ജയിച്ചത്. 2021ൽ തൊടുപുഴ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്.


ഇവർ പോരാളികൾ

ഉടുമ്പഞ്ചോലയുടെ വികസന നായകനായി മാറിയ എം.എം. മണി കളമൊഴിഞ്ഞതോടെ മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 2016ൽ മണിയാശാനെ 1109 വോട്ടിന് ഒതുക്കിയ ചരിത്രമുള്ള കോൺഗ്രസ് നേതാവ് സേനാപതി വേണുവാണ് മുഖ്യ എതിരാളി. ബി.ഡി.ജെ.എസിലെ സംഗീത വിശ്വനാഥനും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. ഇടുക്കിയിൽ കാൽനൂറ്റാണ്ടായി അപരാജിതനായി വാഴുന്ന റോഷി അഗസ്റ്റിനെ തറപറ്റിക്കാൻ, ഇത്തവണ മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുത്ത കോൺഗ്രസ് റോയ് കെ. പൗലോസിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. രണ്ട് മുന്നണികൾക്കും കടുത്ത വെല്ലുവിളിയായി ബി.ഡി.ജെ.എസിലെ പ്രതീഷ് പ്രഭയും കളത്തിലുണ്ട്. അരനൂറ്റാണ്ടിലേറെ തൊടുപുഴ നെഞ്ചോട് ചേർത്ത പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് കളമൊഴിഞ്ഞതോടെ മകൻ അപു ജോൺ ജോസഫിനാണ് ബാറ്റൺ കൈമാറിയിരിക്കുന്നത്. കേരള കോൺഗ്രസുകാർ‌ പരസ്പരം ഏറ്റുമുട്ടുന്ന ഇവിടെ സിറിയക് ചാഴിക്കാടനാണ് എൽ.ഡി.എഫിനായി മത്സരിക്കുന്നത്. 2016ൽ തൊടുപുഴയിൽ എൽ.ഡി.എഫ് സ്വതന്ത്രനായിരുന്ന റോയി വാരികാട്ടാണ് എൻ.ഡി.എയുടെ ഭാഗമായ 20 ട്വന്റിയുടെ സ്ഥാനാർത്ഥി. പീരുമേട് സി.പി.ഐ എം.എൽ.എയായിരിക്കെ അന്തരിച്ച വാഴൂർ സോമന് പകരം പാർട്ടി ജില്ലാ സെക്രട്ടറി കെ. സലിംകുമാറാണ് എൽ.ഡി.എഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും നിസ്സാര വോട്ടുകൾക്ക് തോറ്റുപോയ കോൺഗ്രസിലെ സിറിയക് തോമസിനെ തന്നെയാണ് മണ്ഡലം തിരികെ പിടിക്കാൻ ഇത്തവണയും യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പിയിലെ യുവരക്തം രതീഷ് വരകുമല ഇരുമുന്നണികൾക്കും ശക്തമായ ഭീഷണിയായി മത്സരരംഗത്തുണ്ട്. ദേവികുളം മണ്ഡലത്തിൽ രാജമാരുടെ പോരാട്ടമാണ് നടക്കുന്നത്. നിലവിലെ എം.എൽ.എയായ എ. രാജ തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ എഫ്. രാജയെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.