SignIn
Kerala Kaumudi Online
Saturday, 27 April 2024 12.40 AM IST

ബോർ‌ഡിനെ ഗ്രസിച്ച 'മാലിന്യം", സ്വകാര്യ വൈദ്യുതിക്ക് വഴിതുറക്കുമോ ?

kseb

വൈദ്യുതി മേഖലയിലേക്ക് സ്വകാര്യ സംരംഭകർ വന്നാൽ ഇപ്പോൾ യൂണിറ്റിന് 6- 7 രൂപയ്ക്ക് ബോർഡ് നൽകുന്ന വൈദ്യുതി സ്വകാര്യ കമ്പനികൾ 2- 3 രൂപയ്ക്ക് വിൽക്കാൻ മുന്നോട്ട് വരുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി തന്നെ വ്യക്തമാക്കുന്നു. വൈദ്യുതി ബോർഡിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വകാര്യവത്ക്കരണം എന്ന ഭീഷണിക്ക് മുന്നിൽ വൈദ്യുതിബോർഡിന് അധികകാലം പിടിച്ചുനിൽക്കാനാകില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മന്ത്രി പറയുന്നത് ശരിയെങ്കിൽ സ്വകാര്യവത്ക്കരണം ഉപഭോക്താക്കൾക്ക് സ്വാഗതാർഹമാകേണ്ടതാണ്. ഇന്ന് ഇന്ത്യയിൽത്തന്നെ വൈദ്യുതിക്ക് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. വൈദ്യുതി മീറ്റർ വയ്ക്കുന്ന സമയത്ത് വില ഈടാക്കുകയും പിന്നീട് ഓരോ തവണ ബില്ല് നൽകുമ്പോഴും മീറ്റർ വാടക ഈടാക്കുകയും ചെയ്യും. ബില്ലിന് പണം അടയ്ക്കേണ്ട തീയതി കഴിഞ്ഞാൽ അടുത്തദിവസം ഫ്യൂസ് ഊരുന്നതിൽ മാത്രമൊതുങ്ങുന്നു 'കൃത്യനിഷ്ഠ".

1.40 കോടി ഉപഭോക്താക്കളുള്ള ബോർഡ് 14,600 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിലും 11,000 കോടിയുടെ കടത്തിലുമാണ് പ്രവർത്തിക്കുന്നത്. പിടിച്ചു നിൽക്കണമെങ്കിൽ നിരക്ക് ഇനിയും കൂട്ടണമെന്ന ബോർഡിന്റെ ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മിഷനു മുന്നിലുണ്ട്. നിരക്ക് വർദ്ധനയിലൂടെ ഉപഭോക്താവിന്റെ ഭാരം എത്രത്തോളം ഉണ്ടാകുമെന്നേ അറിയേണ്ടതുള്ളൂ. സ്വകാര്യവത്ക്കരണം എന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത് ഇവിടെയാണ്. വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ സംരംഭകർ വന്നാൽ ബോർഡിന്റെ ലൈനിലൂടെ അവരും വൈദ്യുതി വിതരണം ചെയ്യുമെന്നും നിരക്ക് കുറച്ച് നൽകുമെന്നും മന്ത്രി പറയുന്നുണ്ട്.

സ്വകാര്യസംരംഭകർക്ക് കടന്നുവരാൻ വഴിയൊരുക്കിയ കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായാണ് ടെലികോം മേഖലയിൽ സ്വകാര്യ സംരംഭകർ കടന്നുവന്നത്. ഇന്ന് ആ മേഖലയിൽ വിപ്ളവമാണ് അരങ്ങേറുന്നതെന്നതിൽ ആർക്കും സംശയമില്ല. പൊതുമേഖലാസ്ഥാപനമായ ബി.എസ്.എൻ.എല്ലിന്റെ പ്രവർത്തനം പ്രതിസന്ധിയിലായെങ്കിലും ടെലിഫോൺ ഉപഭോക്താക്കളെ സംബന്ധിച്ച് പരാതികൾ കുറഞ്ഞെന്ന് മാത്രമല്ല, കുറഞ്ഞ നിരക്കിൽ മികച്ച സേവനവും ലഭിക്കുന്നുണ്ട്. ആകർഷകമായ പാക്കേജുകൾ നൽകാൻ വിവിധ സ്ഥാപനങ്ങൾ മത്സരിക്കുന്ന കാഴ്ചയുമുണ്ട്.

വൈദ്യുതി ബോർഡിൽ നടക്കുന്നത്

ഏറെക്കാലമായി വൈദ്യുതിബോർഡിലെ ഉന്നത തസ്തികയിലുള്ള ഓഫീസർമാർ നടത്തുന്ന അനാവശ്യ മിന്നൽ സമരവും പണിമുടക്കും മാനേജ്മെന്റും ജീവനക്കാരുമായുള്ള സംഘർഷത്തിനും വാക്പോരിനും ഇടയാക്കിയിരിക്കുകയാണ്. ഏത് സർക്കാർ അധികാരത്തിൽ വന്നാലും ആര് വകുപ്പ് മന്ത്രി ആയാലും ബോർഡിന്റെ ദൈനംദിന ഭരണകാര്യങ്ങളും നയരൂപീകരണവുമെല്ലാം നിയന്ത്രിക്കുന്നത് സി.പി.എം അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് കുമാറും ജനറൽ സെക്രട്ടറി ബി. ഹരികുമാറും പരിവാരങ്ങളും ചേർന്നായിരുന്നു. സുരേഷ് കുമാറിനെ ഏപ്രിൽ 6 നും തൊട്ടടുത്ത ദിവസം ഹരികുമാറിനെയും സസ്പെൻഡ് ചെയ്‌ത നടപടി അസോസിയേഷനെ ഞെട്ടിച്ചു. ഒന്നാം പിണറായി സർക്കാരിൽ ആദ്യം വൈദ്യുതി മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കുമാർ എം.എം മണി മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മന്ത്രിമാരെയും ബോർഡ് ഡയറക്ടർ ബോർഡ് അംഗങ്ങളെയുമൊക്കെ പേരെടുത്ത് വിളിക്കുകയും മാന്യതയില്ലാതെ പെരുമാറുന്നതും അധിക്ഷേപിക്കുന്നതും സുരേഷ് കുമാറിന്റെ രീതിയാണെന്ന് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ചെയർമാനായി ബി.അശോക് ചുമതലയേറ്റ ശേഷം ഇടത് സംഘടനയുടെ അപ്രമാദിത്വം പഴയതുപോലെ ചെലവാകാതായതോടെയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ച് ചെയർമാനെയും വകുപ്പ് മന്ത്രിയെയും ഡയറക്ടർ ബോർഡിനെയും സമ്മർദ്ദത്തിലാക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നത്. ആദ്യം മന്ത്രിയെത്തന്നെ മാറ്റാൻ ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ചെങ്കിലും നടക്കാതായതോടെയാണ് ചെയർമാനെ എങ്ങനെയും പുകച്ച് പുറത്തുചാടിക്കാനുള്ള ശ്രമം തുടങ്ങിയത്. ലീവിന് അപേക്ഷ നൽകുകയോ ചുമതല മറ്റൊരാൾക്ക് രേഖാമൂലം നൽകാതെയോ ഉത്തരേന്ത്യയിലേക്ക് വിനോദയാത്ര പോയ എക്‌സിക്യൂട്ടീവ് എൻജിനിയറും അസോസിയേഷൻ നേതാവുമായ ജാസ്‌മിൻ ബാനുവിനെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് ഇടത് സംഘടനാ ജീവനക്കാർ ബോർഡ് ചെയർമാൻ ബി. അശോകിനെതിരെ പ്രതിഷേധം ശക്തമാക്കിയത്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ചെയർമാന്റെ മുറിയിലേക്ക് അതിക്രമിച്ചുകയറി ഭീഷണിമുഴക്കുകയും സസ്പെൻഷൻ

പിൻവലിച്ചില്ലെങ്കിൽ ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ആക്രോശിക്കുകയും ചെയ്തു. തുടർന്നാണ് സുരേഷ് കുമാറിനെയും പിന്നാലെ ഹരികുമാറിനെയും സസ്പെൻഡ് ചെയ്തത്. അപ്രതീക്ഷിത നടപടിയിൽ ഞെട്ടിയ നേതാക്കൾ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. ചെയർമാന്റെ പ്രതികാര നടപടികളും സ്ത്രീവിരുദ്ധ പരാമർശങ്ങളും പിൻവലിക്കണമെന്നതാണ് സമരക്കാരുടെ ആവശ്യം. എന്നാൽ കഴിഞ്ഞദിവസം സസ്പെൻഷൻ പിൻവലിച്ച് സുരേഷ് കുമാറിനെ പെരിന്തൽമണ്ണയിലേക്കും ജാസ്മിൻ ബാനുവിനെ പത്തനംതിട്ട സീതത്തോട്ടിലേക്കും സ്ഥലം മാറ്റി ഉത്തരവായി.

മാനേജ്മെന്റും അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയിൽ സസ്പെൻഷൻ പിൻവലിക്കാൻ ധാരണയായതിനു പിന്നാലെ നേതാക്കളെ സ്ഥലം മാറ്റിയ നടപടി അവർക്ക് ഷോക്ക് ട്രീറ്റ്മെന്റായി. മന്ത്രിയുടെയും ചെയർമാന്റെയും മുന്നിൽ ഇവരുടെ ഉമ്മാക്കികൾ ഇനി ചെലവാകാനുള്ള സാദ്ധ്യത എത്രത്തോളം ഉണ്ടാകുമെന്നത് കണ്ടറിയേണ്ടതാണ്. എക്സിക്യൂട്ടീവ് എൻജിനിയറായ സുരേഷ് കുമാറിന് ചീഫ് സെക്രട്ടറിയെക്കാൾ ശമ്പളമുണ്ട്. ദിവസം 10,000 രൂപയാണ് യാതൊരു ജോലിയുമെടുക്കാതെ യൂണിയൻ പ്രവർത്തനം മാത്രം നടത്തുന്ന ഇദ്ദേഹത്തിന് ശമ്പളമായി ലഭിക്കുന്നത്. ഇദ്ദേഹത്തിന്റെ അനുയായികളായ 450 ഓളം ഓഫീസർമാർക്കെതിരെ നടപടിനീക്കവുമായി മാനേജ്മെന്റ് മുന്നോട്ട് പോകുകയാണ്.

പരാക്രമം സ്ത്രീകളെ ഉപയോഗിച്ചും !

ചെയർമാനടക്കമുള്ള ഉന്നത ഓഫീസർമാർ തങ്ങൾക്ക് അനഭിമതരായാൽ അവരെ വരുതിയിലാക്കാൻ ഓഫീസേഴ്സ് അസോസിയേഷൻ വനിതാജീവനക്കാരെയും കരുവാക്കുമെന്ന ഞെട്ടിക്കുന്ന വിവരം ഇപ്പോൾ പുറത്തായിട്ടുണ്ട്. ബോർഡ് ചെയർമാൻ ബി.അശോക് തന്നെയാണ് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നടിച്ചത്. സംഘടനയിലെ ഏതെങ്കിലും വനിതാ ജീവനക്കാരിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പ്രശ്ന പരിഹാരത്തിനെന്ന വ്യാജേനെ സംഘടനയിലെ പുരുഷ ജീവനക്കാരനുമായി ഉന്നത ഓഫീസറുടെ മുറിയിലെത്തും. ഓഫീസറുമായി ജീവനക്കാരി സംസാരിക്കുന്നതിനിടെ ഒപ്പമെത്തിയ ആൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങും. വനിതാജീവനക്കാരി തന്റെ പ്രശ്നം പറഞ്ഞ് കരച്ചിലിന്റെ വക്കിലെത്തും. ഈ സമയം പുറത്തുപോയ നേതാവ് അകത്തുവരുമ്പോൾ ജീവനക്കാരി കണ്ണീർ വാർക്കുന്ന കാഴ്ചയാകും കാണുക. അതോടെ ഓഫീസർ വനിതാ ജീവനക്കാരിയെ അപമാനിച്ചെന്ന് പറഞ്ഞ് പ്രശ്നം സൃഷ്ടിക്കും. ഇതിനിടെ അസോസിയേഷന്റെ മറ്റു ഭാരവാഹികളുമെത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ഓഫീസറെ നിശബ്ദനാക്കും. അതോടെ ആ ഓഫീസർ അസോസിയേഷന്റെ ചൊൽപ്പടിയിലാകും. കാലങ്ങളായി അസോസിയേഷൻ നടത്തുന്ന ഈ കപട നാടകമാണ് ജാസ്മിൻബാനുവിനെ സസ്പെൻഡ് ചെയ്ത ചെയർമാൻ ബി. അശോകിനോടും പ്രയോഗിച്ചു നോക്കിയത്.

'മാലിന്യ"ങ്ങളെ പുറത്താക്കും

കെ.എസ്.ആർ.ടി.സി യെപ്പോലെ മറ്റൊരു വെള്ളാനയായി മാറിയ ബോർഡ് 2013 ൽ കമ്പനിയായ ശേഷം ഇതാദ്യമായി 600 കോടിയുടെ പ്രവർത്തനലാഭം നേടിയത് പ്രതീക്ഷ നൽകുന്നതാണെങ്കിലും അതിനെയൊക്കെ തുരങ്കം വയ്ക്കുന്ന നടപടിയാണ് ഓഫീസേഴ്സ് അസോസിയേഷനിൽ നിന്നുണ്ടായത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബോർഡിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അതിന് തുരങ്കം വയ്ക്കുന്ന 'മാലിന്യ"ങ്ങളെ എടുത്തു പുറത്തു കളഞ്ഞില്ലെങ്കിൽ ആ സ്ഥാപനത്തിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന ചെയർമാന്റെ വാക്കുകൾ പ്രവൃത്തിപഥത്തിലെത്തിയാൽ സ്ഥിതി മാറുമെന്ന് പ്രതീക്ഷിക്കാം. ലക്ഷങ്ങൾ ശമ്പളമായി കൈപ്പറ്റി ഒരു ജോലിയും ചെയ്യാതെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ തണലിൽ യൂണിയൻ കളിച്ചു നടക്കുന്നവരെ ഇനിയും നിലയ്ക്ക് നിറുത്തിയില്ലെങ്കിൽ പിന്നെ പ്രതീക്ഷയ്ക്ക് വകയില്ലാതാകും. മന്ത്രിയുടെയും ചെയർമാന്റെയും നടപടികൾക്ക് എത്രത്തോളം രാഷ്ട്രീയ പിന്തുണ കിട്ടുന്നു എന്നതിനെ ആശ്രയിച്ചാകും ബോർഡിന്റെ ഭാവി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB, KOLLAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.