SignIn
Kerala Kaumudi Online
Friday, 12 July 2024 7.57 AM IST

ധ്യാന സമുദ്രം

modi-

പൈതൃകത്തെ നമുക്ക് ആധുനിക രീതിയിൽ പുനർനിർവചിക്കേണ്ടതുണ്ട്. പഴകിപ്പോയ ചിന്തകളെയും വിശ്വാസങ്ങളെയും പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസം ഇല്ലാത്തവരുടെ സമ്മർദ്ദത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കേണ്ടതുണ്ട്....

കന്യാകുമാരിയിലെ ധ്യാനം പൂർത്തിയാക്കി,​ ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിലിരുന്ന് നരേന്ദ്ര മോദി എഴുതിയ കുറിപ്പിൽ നിന്ന്...

................

കന്യാകുമാരിയിലെ ധ്യാനഋതുവിൽ എല്ലാ ശബ്ദങ്ങളുമൊഴിഞ്ഞ്,​ ശൂന്യതയുടെ ഒരു കടൽ ഹൃദയത്തിലേക്ക് ഒഴുകിനിറയുന്നത് ഞാൻ അറിഞ്ഞു. ഇവിടെ ധ്യാനിക്കുമ്പോൾ സ്വാമി വിവേകാനന്ദൻ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഞാനും ചിന്തിച്ചിരുന്നു. എന്റെ ധ്യാനത്തിന്റെ ഒരു ഭാഗം അത്തരം ചിന്തകളുടെ ധാരയായി. ഈ വിരക്തികൾക്കിടയിൽ, സമാധാനത്തിനും നിശബ്ദതയ്ക്കുമിടയിൽ ഭാരതത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും മനസ് നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. ഉദയസൂര്യൻ എന്റെ ചിന്തകൾക്ക് പുതിയ ഉയരം നൽകി; സമുദ്രവിശാലത എന്റെ ആശയങ്ങളെ വികസിപ്പിച്ചു; ചക്രവാളത്തിന്റെ വിശാലത പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ പതിഞ്ഞിരിക്കുന്ന ഐക്യത്തെയും ഏകത്വത്തെയും കുറിച്ച് എന്നെ നിരന്തരം ബോദ്ധ്യപ്പെടുത്തി...

എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഇടമാണ് കന്യാകുമാരി. ഏകനാഥ് റാനഡെജിയുടെ നേതൃത്വത്തിലാണ് ഇവിടെ വിവേകാനന്ദ സ്മാരകം നിർമ്മിച്ചത്. ഏകനാഥ് ജിയോടൊപ്പം ധാരാളം യാത്ര ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ സ്മാരകത്തിന്റെ നിർമ്മാണ വേളയിൽ കന്യാകുമാരിയിലും കുറച്ചു സമയം ചെലവിട്ടിരുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ,​ രാജ്യത്തെ ഒരോ പൗരന്റെയും ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയ പൊതു സ്വത്വമാണിത്. ശക്തിമാതാവ് കന്യാകുമാരിയായി അവതരിച്ച 'ശക്തിപീഠം" ഇതാണ്. ഈ തെക്കേ അറ്റത്ത്, ശക്തിമാതാവ് ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള ഹിമാലയത്തിൽ വസിക്കുന്ന ഭഗവാൻ ശിവനു വേണ്ടി തപസനുഷ്ഠിക്കുകയും കാത്തിരിക്കുകയും ചെയ്തു!

സംഗമങ്ങളുടെ

കന്യാതീരം

സംഗമങ്ങളുടെ ഭൂമിയാണിത്. രാജ്യത്തെ പുണ്യനദികൾ വിവിധ സമുദ്രങ്ങളിലേക്ക് ഒഴുകുമ്പോൾ,​ ഇവിടെ ആ കടലുകൾ തന്നെ സംഗമിക്കുന്നു. ഇവിടെ മറ്റൊരു മഹാസംഗമത്തിന് നമ്മൾ സാക്ഷ്യം വഹിക്കുന്നു- ഭാരതത്തിന്റെ പ്രത്യയശാസ്ത്ര സംഗമത്തിന്! വിവേകാനന്ദ സ്മാരകം, തിരുവള്ളുവരുടെ മഹത്തായ പ്രതിമ, ഗാന്ധി മണ്ഡപം, കാമരാജർ മണി മണ്ഡപം.... ഈ മഹാരഥന്മാരിൽ നിന്നുള്ള ചിന്താധാരകൾ ഒത്തുചേർന്ന് ഇവിടെ ദേശീയ ചിന്തയുടെ സംഗമം സൃഷ്ടിക്കുന്നു. ഇത് രാഷ്ട്രനിർമ്മാണത്തിന് വലിയ പ്രചോദനം നൽകുന്നു. തിരുവള്ളുവരുടെ പ്രതിമ കടലിൽ നിന്ന് ഭാരതമാതാവിന്റെ വിശാലതയിലേക്ക് നോക്കുന്നതായി തോന്നുന്നു. അദ്ദേഹത്തിന്റെ കൃതിയായ തിരുക്കുറൾ നമുക്കും രാജ്യത്തിനും വേണ്ടി ഏറ്റവും മികച്ചതു നൽകാൻ നമ്മെ പ്രചോദിപ്പിക്കുന്നു.


സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു: 'ഒരോ രാജ്യത്തിനും നൽകാൻ ഒരു സന്ദേശമുണ്ട്, നിറവേറ്റാൻ ഒരു ദൗത്യമുണ്ട്, എത്തിച്ചേരാൻ ഒരു വിധിയുണ്ട്!" ആയിരക്കണക്കിന് വർഷങ്ങളായി ഭാരതം ഈ ലക്ഷ്യബോധത്തോടെയാണ് മുന്നോട്ടു പോകുന്നത്. നാം സമ്പാദിച്ചതിനെ ഒരിക്കലും നമ്മുടെ വ്യക്തിപരമായ സമ്പത്തായി കണക്കാക്കുകയോ,​ ഭൗതികമായ അളവുകോലുകൾ ഉപയോഗിച്ച് അതിനെ അളക്കുകയോ ചെയ്തിട്ടില്ല. അതിനാൽ, 'ഇദംന മമ' (ഇത് എന്റേതല്ല) എന്നത് ഭാരതത്തിന്റെ സ്വഭാവത്തിന്റെ അന്തർലീനവും സ്വാഭാവികവുമായ ഭാഗമായി മാറിയിരിക്കുന്നു.

ഭാരതമെന്ന

മാതൃക


ഇന്ന് ഭാരതത്തിന്റെ ഭരണമാതൃക പല രാജ്യങ്ങൾക്കും മാതൃകയായിരിക്കുന്നു. വെറും പത്തു വർഷത്തിനുള്ളിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ പ്രാപ്തരാക്കുക എന്നത് അഭൂതപൂർവമാണ്. ദരിദ്രരെ ശാക്തീകരിക്കാനും സുതാര്യത കൊണ്ടുവരാനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും സങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നു തെളിയിക്കുന്ന ഭാരതത്തിന്റെ ഡിജിറ്റൽ ഇന്ത്യ യജ്ഞം ഇപ്പോൾ ലോകമെമ്പാടും മാതൃകയാണ്. ദരിദ്രർക്കുള്ള വിവരങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിലൂടെ ഭാരതത്തിലെ ചെലവുകുറഞ്ഞ ഡാറ്റ സാമൂഹ്യസമത്വത്തിനുള്ള മാർഗമായി മാറുകയാണ്.


ഭാരതത്തിന്റെ പുരോഗതിയും ഉയർച്ചയും ഭാരതത്തിനായുള്ള സുപ്രധാന അവസരം മാത്രമല്ല, ലോകമെമ്പാടും നമ്മുടെ പങ്കാളികളായ എല്ലാ രാജ്യങ്ങൾക്കും ചരിത്രപരമായ അവസരം കൂടിയാണ്. ജി 20 ഉച്ചകോടിയുടെ വിജയത്തിനുശേഷം, ലോകം ഭാരതത്തിന് ഒരു വലിയ പങ്ക് വിഭാവനം ചെയ്യുകയാണ്. ഇന്ന്, ഗ്ലോബൽ സൗത്തിന്റെ കരുത്തുറ്റതും പ്രധാനപ്പെട്ടതുമായ ശബ്ദമായി ഭാരതം അംഗീകരിക്കപ്പെടുന്നു. ഭാരതത്തിന്റെ മുൻകൈയിൽ ആഫ്രിക്കൻ യൂണിയൻ ജി 20 സംഘത്തിന്റെ ഭാഗമായി. ആഫ്രിക്കൻ രാജ്യങ്ങളുടെ ഭാവിയിൽ ഇത് നിർണായക വഴിത്തിരിവാകും.

വലിയ സ്വപ്നം,

വലിയ ലക്ഷ്യം


ഭാരതത്തിന്റെ വികസനപാത നമ്മിൽ അഭിമാനവും മഹത്വവും നിറയ്ക്കുന്നു, എന്നാൽ അതേസമയം, അത് 140 കോടി പൗരന്മാരെയും അവരുടെ ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇനി, ഒരു നിമിഷം പോലും പാഴാക്കാതെ വലിയ കടമകളിലേക്കും വലിയ ലക്ഷ്യങ്ങളിലേക്കും നാം മുന്നേറണം. പുതിയ സ്വപ്നങ്ങൾ കാണുകയും അവ യാഥാർത്ഥ്യമാക്കി മാറ്റുകയും ആ സ്വപ്നങ്ങളിൽ ജീവിക്കുകയും വേണം. ഭാരതത്തിന്റെ വികസനത്തെ ആഗോള പശ്ചാത്തലത്തിൽ കാണണം. ഇതിനായി ഭാരതത്തിന്റെ ആന്തരിക കഴിവുകൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ ഭാരതത്തിന്റെ ശക്തികളെ അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ലോകത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുകയും വേണം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകം നിരവധി പ്രതീക്ഷകളോടെയാണ് ഭാരതത്തെ ഉറ്റുനോക്കുന്നത്. ആഗോള സാഹചര്യത്തിൽ മുന്നോട്ടു പോകാൻ നമുക്ക് നിരവധി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നമ്മുടെ പരമ്പരാഗത ചിന്താഗതിയും മാറ്റേണ്ടതുണ്ട്. ഭാരതത്തിന് പരിഷ്‌കരണത്തെ കേവലം സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്താനാകില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നവീകരണത്തിന്റെ ദിശയിലേക്ക് നാം മുന്നേറണം. നമ്മുടെ പരിഷ്‌കാരങ്ങൾ 2047-ഓടെ വികസിത ഭാരതമെന്ന അഭിലാഷവുമായി പൊരുത്തപ്പെടണം.


രാജ്യത്തിനു വേണ്ടിയുള്ള പരിഷ്‌കരണം, പ്രവർത്തനം, പരിവർത്തനം എന്നീ കാഴ്ചപ്പാടുകൾ ഞാൻ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്തെ വികസിത ഭാരതമാക്കുന്നതിന് നാം മികവിനെ അടിസ്ഥാനമാക്കണം. വേഗത, തോത്, സാദ്ധ്യത, മാനദണ്ഡങ്ങൾ എന്നീ നാല് ദിശകളിലും നമ്മൾ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഉത്പാദനത്തിനൊപ്പം ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും 'സീറോ ഡിഫെ്ക്ട്,​ സീറോ ഇഫക്‌ട്" എന്ന തത്വം പാലിക്കുകയും വേണം.

നിഷേധാത്മകത

ഉപേക്ഷിക്കാം


ദൈവം നമുക്ക് ഭാരതഭൂമിയിൽ ജന്മം നൽകി അനുഗ്രഹിച്ചതിൽ ഒരോ നിമിഷവും അഭിമാനിക്കണം. ഭാരതത്തെ സേവിക്കാനും മികവിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ സ്വന്തം പങ്ക് നിറവേറ്റാനും ദൈവം നമ്മെ തെരഞ്ഞെടുത്തിരിക്കുന്നു. ആധുനിക പശ്ചാത്തലത്തിൽ പ്രാചീന മൂല്യങ്ങളെ ഉൾക്കൊണ്ട്, നമ്മുടെ പൈതൃകത്തെ ആധുനിക രീതിയിൽ പുനർനിർവചിക്കണം. കാലഹരണപ്പെട്ട ചിന്തകളെയും വിശ്വാസങ്ങളെയും നാം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസമില്ലാത്തവരുടെ സമ്മർദ്ദത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കേണ്ടതുണ്ട്. നിഷേധാത്മകതയിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് വിജയത്തിലേക്കുള്ള ആദ്യപടിയെന്ന് ഓർക്കണം. ശുഭചിത്തതയുടെ മടിത്തട്ടിലാണ് വിജയം വിടരുന്നത്.


ഇനിയുള്ള ഇരുപത്തിയഞ്ചു വർഷം നമുക്ക് രാജ്യത്തിനായി സമർപ്പിക്കാം. നമ്മുടെ പരിശ്രമങ്ങൾ വരുംതലമുറകൾക്കും വരും നൂറ്റാണ്ടുകൾക്കും ശക്തമായ അടിത്തറ സൃഷ്ടിക്കുകയും ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യും. നാടിന്റെ ഊർജവും ആവേശവും നോക്കുമ്പോൾ ലക്ഷ്യം അകലെയല്ലെന്ന് എനിക്കു പറയാനാകും. നമുക്ക് വേഗത്തിൽ ചുവടുകൾ വയ്ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MODI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.