പ്രതിപക്ഷം വാക്കൗട്ട് നടത്തി
ന്യൂഡൽഹി: ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും നന്ദിപ്രമേയ ചർച്ചയുടെ മറുപടിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
അടിയന്തരാവസ്ഥയിലൂടെ മൗലികാവകാശം തടഞ്ഞ കോൺഗ്രസ് ഭരണഘടനയുടെ ഒന്നാം നമ്പർ ശത്രുവാണെന്ന് മോദി കുറ്റപ്പെടുത്തി. സഖ്യകക്ഷികളുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് ജയിച്ച പരാന്നജീവിയാണ് കോൺഗ്രസ് എന്ന പരിഹാസവും ആവർത്തിച്ചു. പണ്ട് അഴിമതിയിൽ മുങ്ങിക്കുളിച്ചവരാണ് ഇപ്പോൾ അതിനെതിരെ ശബ്‌ദിക്കുന്നത്.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിക്കുന്നവർ കേരളത്തിലെ സ്വന്തം മുന്നണിയിലെ പാർട്ടിയുടെ മുഖ്യമന്ത്രിയെ ജയിലിലടയ്‌ക്കാൻ പറയുന്നു. 2013ൽ യു.പി.എ കാലത്ത് സി.ബി.ഐ ദുരുപയോഗം മുലായം സിംഗ് ആരോപിച്ചത് സമാജ്‌വാദി ഒാർമ്മിക്കണം. മുൻ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
രാജ്യം അഴിമതി വിമുക്തമാക്കും.
കോൺഗ്രസിന്റെ യു.പി.എ സർക്കാരിൽ പ്രധാനമന്ത്രിക്കും മുകളിലുള്ള ഉപദേശക സമിതി റിമോട്ട് കൺട്രോൾ ഭരണമാണ് നടത്തിയത്. പ്രധാനമന്ത്രിയെ അപമാനിച്ചു. ഒരു കുടുംബത്തിന് മാത്രമായി പ്രോട്ടോക്കോൾ തയ്യാറാക്കി.
സത്യം നേരിടാനാവാതെയാണ് പ്രതിപക്ഷം വാക്കൗട്ട് ചെയ്‌തത്. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കേൾക്കാനുള്ള ധൈര്യമില്ല. ഉന്നത സഭയെ അപമാനിക്കുന്നു. ചിലരുടെ (രാഹുൽ ഗാന്ധി) 'റീലോഞ്ചിംഗ്' പരാജയപ്പെട്ടതിലുള്ള നിരാശയാണ്.
പത്തുവർഷത്തെ തന്റെ ഭരണം വെറും അപ്പെറ്റൈസർ (പ്രധാന ഭക്ഷണത്തിന് മുൻപുള്ളത്) മാത്രമാണ്. മെയിൻ കോഴ്സ് (പ്രധാന ഭക്ഷണം) വരുന്നതേയുള്ളൂ. ജനങ്ങൾ തങ്ങൾക്ക് അംഗീകാരം നൽകി. ജനവിശ്വാസം ഉള്ളതിനാൽ തങ്ങൾ വരും കാലങ്ങളിലും ഭരിക്കും. എൻ.ഡി.എ സർക്കാരിന്റെ പത്തുവർഷം കഴിഞ്ഞു. ഇനി 20 വർഷം ബാക്കികിടക്കുന്നു. ലൈറ്റ് ഹൗസ് പോലെ സർക്കാർ ജനങ്ങൾക്ക് വഴികാട്ടിയാകും. ദാരിദ്യം തുടച്ചു നീക്കും.അടിസ്ഥാന സൗകര്യ മേഖലകളിൽ മാറ്റമുണ്ടാകും.
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കം. കടുത്ത നടപടിയെടുത്തതോടെ അക്രമങ്ങൾ കുറഞ്ഞു. സമാധാനം തിരിച്ചെത്തി. കോൺഗ്രസ് ഭരിച്ചപ്പോൾ 10 തവണ അവിടെ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. അതിൽ നിന്ന് ചില പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാണല്ലോ. 1993ൽ തുടങ്ങിയ കലാപം അഞ്ചു വർഷമാണ് നീണ്ടത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയത് ഭരണഘടനയോടും സഭയോടുമുള്ള അനാദരവും അപമാനവുമാണെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ പറഞ്ഞു. പ്രതിപക്ഷത്തിന് സംസാരിക്കാൻ പരമാവധി സമയം നൽകി.
1950ൽ ആർ.എസ്.എസ് ഭരണഘടനയെ എതിർത്തതിൽ വ്യക്തത ആവശ്യപ്പെട്ടെങ്കിലും സംസാരിക്കാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് വാക്കൗട്ടെന്ന് മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |