മോസ്കോ: ഹിന്ദി പാട്ടുകൾക്കൊത്തുള്ള റഷ്യൻ കലാകാരൻമാരുടെ നൃത്തച്ചുവട്. തുടർന്ന് ഗാർഡ് ഒഫ് ഓണർ. പുട്ടിന്റെ ഗംഭീര വിരുന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ആഘോഷമാക്കി റഷ്യ.
ദ്വിദിന സന്ദർശനത്തിനായി ഇന്നലെ വൈകിട്ട് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തിയ മോദിയെ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവ് സ്വീകരിച്ചു. മോസ്കോയിലെ കാൾട്ടൺ ഹോട്ടലിലേക്ക് മോദിക്കൊപ്പം കാറിൽ മാന്റുറോവ് അനുഗമിച്ചതും അപൂർവതയായി.
പത്ത് ഉപപ്രധാനമന്ത്രിമാരിൽ ഏറ്റവും ഉയർന്ന പദവിയാണ് മാന്റുറോവിന്റേത്. അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെ റഷ്യയിലേക്ക് സ്വീകരിച്ചത് മാന്റുറോവിന് കീഴിലുള്ള താഴ്ന്ന റാങ്കിലെ ഉപപ്രധാനമന്ത്രിയാണ്. ഇതിലൂടെ തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളിയാണ് ഇന്ത്യയെന്ന സന്ദേശം ഒരിക്കൽ കൂടി റഷ്യ നൽകി. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യ സന്ദർശനമാണിത്.
ഇന്ന് 22ാമത് ഇന്ത്യ - റഷ്യ ഉച്ചകോടിയിൽ മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും.
കാൾട്ടൺ ഹോട്ടലിൽ മോദിയെ വരവേൽക്കാൻ ഇന്ത്യക്കാരടക്കം നൂറുകണക്കിന് പേർ ഇന്നലെ തടിച്ചുകൂടിയിരുന്നു. വിമാനത്താവളം മുതൽ ഹോട്ടൽ വരെ റോഡിന്റെ ഇരുവശവും അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ ഇന്ത്യക്കാരെത്തി. ഇന്ന് മോസ്കോയിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ക്രെംലിനിലെ സൈനിക സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം മോസ്കോയിലെ റോസാറ്റം എക്‌സിബിഷൻ പവിലിയൻ സന്ദർശിക്കും.
പുട്ടിന്റെ സ്പെഷ്യൽ വിരുന്ന്
റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഇന്നലെ രാത്രി മോദിക്കായി അത്താഴ വിരുന്നുമൊരുക്കി. മോസ്കോയ്ക്ക് പടിഞ്ഞാറുള്ള നോവോ-ഓഗാർയോവോയിലെ പുട്ടിന്റെ അവധിക്കാല വസതിയിലായിരുന്നു സ്വീകരണം. വളരെ അടുത്ത നേതാക്കൾക്ക് മാത്രമാണ് പുട്ടിൻ ഇവിടെ സ്വീകരണം നൽകുന്നത്. മോദിയുടെ വരവിനോടനുബന്ധിച്ച് മോസ്കോയിലെ ഓസ്റ്റാൻകിനോ ടവറിൽ ഇന്ത്യൻ പതാകയുടെ വർണങ്ങൾ തെളിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |