SignIn
Kerala Kaumudi Online
Sunday, 31 August 2025 11.38 AM IST

മാദ്ധ്യമങ്ങളോടു വെല്ലുവിളി വേണ്ട

Increase Font Size Decrease Font Size Print Page

photo

മാദ്ധ്യമ സ്വാതന്ത്ര്യ‌‌ത്തിന് വലിയ വിലകല്‌പിക്കുന്ന കേരള സമൂഹം അത് ഏതെങ്കിലും വിധത്തിൽ ഹനിക്കപ്പെടുമ്പോൾ പ്രതിഷേധിക്കുന്നത് പതിവാണ്. അതിക്രമത്തിനു മുതിരുന്നത് ആരെന്നു നോക്കിയാവില്ല പ്രതിഷേധം. മാദ്ധ്യമങ്ങൾക്കെതിരെയുണ്ടാകുന്ന കൈയേറ്റങ്ങൾ അപലപനീയമാണ്. അത്തരം കുത്സിതശ്രമങ്ങൾ നടന്നപ്പോഴെല്ലാം സാധാരണക്കാരും പ്രതിരോധനിര തീർക്കാനെത്താറുണ്ട്. വെള്ളിയാഴ്ച രാത്രി കൊച്ചി ഏഷ്യാനെറ്റ് ഓഫീസിൽ ഒരുസംഘം എസ്.എഫ്.ഐക്കാർ അതിക്രമിച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചാനലിന്റെ പ്രവർത്തനം തടസപ്പെടുത്തുംവിധം അതിക്രമങ്ങൾക്കു മുതിരുകയും ചെയ്തു.

സംസ്ഥാനത്തു നടന്നുവരുന്ന മയക്കുമരുന്ന് അധോലോക പ്രവർത്തനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാർത്താപരമ്പരയാണ് യുവജന സംഘടനയെ ചൊടിപ്പിച്ചതെന്നാണു വിവരം. മയക്കുമരുന്ന് ഇടപാടിലും ബന്ധപ്പെട്ട പ്രവൃത്തികളിലും എസ്.എഫ്.ഐയുടെയും പാർട്ടിക്കാരിൽ ചിലരുടെയും പങ്ക് ചാനൽ പുറത്തുകൊണ്ടുവന്നിരുന്നു. സ്വാഭാവികമായും സംഘടനയെ ക്ഷീണിപ്പിക്കുന്ന കാര്യമാണിത്. മയക്കുമരുന്നിനും ലഹരിവിളയാട്ടത്തിനുമെതിരെ സർക്കാർതലത്തിൽ വലിയ ക്യാമ്പെയിൻ നടക്കുമ്പോൾ ഭരണകക്ഷിയെയും സർക്കാരിനെതന്നെയും അവമതിക്കുംവിധം പാർട്ടി പ്രവർത്തകർ ഹീനകൃത്യത്തിൽ ഉൾപ്പെടുന്നത് വലിയ ക്ഷീണമാണ്. രഹസ്യം ചാനൽവഴി പുറത്താകുന്നതാകട്ടെ അവർക്ക് ഒരുവിധത്തിലും ഉൾക്കൊള്ളാനാവുന്നതല്ല. അതിന്റെ അമർഷവും അസഹിഷ്ണുതയുമാണ് ഏഷ്യാനെറ്റ് ചാനൽ ഓഫീസിനുനേർക്ക് വെള്ളിയാഴ്ച രാത്രിയുണ്ടായ നിന്ദ്യമായ ആക്രമണം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇത്തരം കേസുകളുടെ ഭാവിയെന്താകുമെന്ന് ജനത്തിനറിയാം. ഏതാനും ദിവസം കഴിയുമ്പോൾ വാദികൾ മാത്രമേ രംഗത്തുണ്ടാവൂ. പ്രതികൾ അപ്രത്യക്ഷമാകും. സംസ്ഥാനത്തെ മൂന്നുകോടിയിൽപ്പരം ജനം ലൈവായി കാണുകയും സ്തബ്‌ധരാവുകയും ചെയ്ത നിയമസഭയിലെ അടിയും കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് എവിടെയെത്തിയെന്നും ഏവർക്കുമറിയാം.

തങ്ങളെ ഏത് കേസിൽനിന്നും രക്ഷിക്കാൻ മുകളിൽ ആളുണ്ടെന്ന ധാർഷ്ട്യമാണ് ഭരണകക്ഷി സംഘടനാ പ്രവർത്തകരെ ഇത്തരം പ്രവൃത്തികളിലേക്കു നയിക്കുന്നത്. അക്രമം ആരു കാണിച്ചാലും നിർദ്ദാക്ഷിണ്യം നേരിടുമെന്നൊക്കെ പറയും. തൻകുഞ്ഞ് പൊൻകുഞ്ഞ് നയമാകും ഒട്ടുമിക്ക കേസുകളിലും സ്വീകരിക്കുന്നത്. മാദ്ധ്യമസ്ഥാപനങ്ങളുടെ നേർക്കുണ്ടാകുന്ന ആക്രമണങ്ങളെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലുള്ള കൈയേറ്റമായേ കാണാനാവൂ. സത്യത്തോട് മുഖംതിരിഞ്ഞു നിന്നിട്ടോ പ്രതിഷേധിച്ചിട്ടോ ഒരു കാര്യവുമില്ല. യാഥാർത്ഥ്യം പച്ചയായി വിളിച്ചുപറയുന്നതിന്റെ പേരിലാകും മാദ്ധ്യമസ്ഥാപനങ്ങൾ പലപ്പോഴും ആക്രമിക്കപ്പെടുന്നത്. മാദ്ധ്യമപ്രവർത്തകരും വർത്തമാനകാലത്ത് ഒട്ടേറെ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ വാർത്തകളും എല്ലാവരെയും ഒരുപോലെ തൃപ്‌തിപ്പെടുത്തണമെന്നില്ല. വിയോജിപ്പും എതിർപ്പും ഉള്ളവർ ധാരാളം കാണും. അതിന്റെ പേരിൽ വാർത്ത പുറത്തുവിട്ട സ്ഥാപനത്തെയും ജീവനക്കാരെയും ആക്രമിക്കാൻ തുനിയുന്നത് തികഞ്ഞ ഭീരുത്വമാണ്. ഭരണത്തിന്റെ ഭാഗമായ ഒരു യുവജന സംഘടനയുടെ അന്തസിനു തീരെ നിരക്കാത്ത നടപടിയാണിത്. ചാനൽ ഓഫീസിനു നേരെയുണ്ടായ അതിക്രമത്തിൽ പങ്കെടുത്തവരെ വിളിച്ച് ശാസിക്കാനും അച്ചടക്ക നടപടിയെടുക്കാനും പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. പൊലീസും നിഷ്‌പക്ഷമായിത്തന്നെ ഈ കേസ് കൈകാര്യം ചെയ്യണം.

സംസ്ഥാനത്തിനു പുറത്ത് എവിടെയെങ്കിലും മാദ്ധ്യമങ്ങൾക്കെതിരെ നടപടിയുണ്ടായാൽ ഇവിടെ പ്രതിഷേധം അലയടിക്കാറുണ്ട്. ബി.ബി.സി ഉൾപ്പെട്ട വിവാദത്തിൽ വല്ലാതെ ചോരതിളച്ചവർ സ്വന്തം കൺമുന്നിൽ ഒരു മാദ്ധ്യമസ്ഥാപനത്തിനു നേർക്കുണ്ടായ അതിക്രമം എന്തുകൊണ്ടാണ് കാണാത്തത്. വാർത്തകളുടെ പേരിൽ മുൻപും മാദ്ധ്യമങ്ങൾ ആക്രമണവിധേയമായിട്ടുണ്ട്. എന്നാൽ കൊച്ചിയിൽ നടന്നതുപോലെ സ്ഥാപനത്തിന്റെ പ്രവർത്തനം തന്നെ തടസപ്പെടുന്നതരത്തിൽ സംഘം ചേർന്ന് ഗുണ്ടായിസം കാണിക്കുന്ന രീതിയിൽ അതു വളർന്നിട്ടില്ല. ഇതൊരു തുടക്കമാകാതിരിക്കട്ടെ എന്നാണ് എല്ലാവരോടും പറയാനുള്ളത്. കേരളത്തിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന സംഭവമാണിത്.

TAGS: ASIANET NEWS OFFICE ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.