SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.12 PM IST

പുകയുന്നത് കഴിവില്ലായ്‌മ

photo

ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരം കത്താതെയും പുകയാതെയുമി​രുന്നെങ്കി​ൽ സുന്ദരമായ ഒരു ലോകത്താണ് നമ്മൾ താമസിക്കുന്നതെന്ന തെറ്റിദ്ധാരണയിൽ നമ്മൾ ജീവിച്ചുപോകുമായിരുന്നു. സംഭവിക്കുന്നതെല്ലാം നല്ലതിനെന്നാണ് ഇതിഹാസങ്ങൾ പറയുന്നത്. ആ അർത്ഥത്തിൽ ബ്രഹ്മപുരത്ത് തീ കത്തിയതും അഥവാ കത്തിച്ചതും 12 ദിവസം കഴിഞ്ഞും പുക അടങ്ങാതെ തുടരുന്നതും നല്ലതായെന്ന് കൊച്ചിക്ക് പുറത്തുള്ളവർക്ക് പറയാം. അതുകൊണ്ടാണല്ലോ ഈ പ്രശ്നത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കപ്പെട്ടതും ഹൈക്കോടതിയുടെയും മറ്റും സത്വരമായ ഇടപെടലുണ്ടായതും. പക്ഷേ പുക ശ്വസിച്ച ജനങ്ങൾക്കും അതിന്റെ ചാരപ്പൊടികൾ വീടിന്റെ അകത്തളങ്ങളിലെ സാമഗ്രികളിലും വസ്‌ത്രങ്ങളിലും അവനവന്റെ ശ്വാസകോശങ്ങളിലും ഏറ്റുവാങ്ങിയവർക്കും സംഭവിച്ചത് നല്ലതാണെന്ന് ഒരിക്കലും പറയാനാകില്ല.

ഇതുപോലുള്ള നിരവധി ബ്രഹ്മപുരങ്ങൾ നാടാകെയുണ്ട്. അതൊന്നും കത്താതെയും പുകയാതെയുമിരിക്കുന്നതിനാൽ നമ്മുടെ ഭരണാധികാരികളുടെ കഴിവില്ലായ്മ പുറത്തുവരുന്നില്ല എന്നുമാത്രം. ബ്രഹ്മപുരം ഇങ്ങനെയായതിന് കാരണക്കാരായ കുറ്റവാളികളെയാണ് എല്ലാവരും തിരയുന്നത്. ഇതിന്റെ മൊത്തം പാപഭാരവും കരാറുകാരന്റെ തലയിൽവച്ച് യഥാർത്ഥ ഉത്തരവാദികൾ ഒടുവിൽ തലയൂരും. കേസും വഴക്കുമാകുന്നത് ഒരർത്ഥത്തിൽ കരാറുകാരനും നല്ലതാണ്. കാരണം അതു തീരുന്നതുവരെ പണിയും പൂർത്തിയാക്കേണ്ട വാങ്ങിയ പണവും തിരിച്ചടയ്ക്കേണ്ട. അപ്പീലുകളൊക്കെ കഴിഞ്ഞ് ഈ കേസിൽ കരാറുകാരന് അനുകൂലമായോ പ്രതികൂലമായോ ഒരു വിധി വരുമ്പോഴേക്കും ബ്രഹ്മപുരം എന്ന സ്ഥലപ്പേര് തന്നെ പലരും മറന്നുപോയിരിക്കും. ഇവിടത്തെ മിക്കവാറും വിവാദങ്ങളുടെയെല്ലാം സ്ഥിതി അതാണ്. രണ്ട് മൂന്ന് ആഴ്ചയിലേക്ക് എല്ലാം കത്തിപ്പടർന്ന് തീയും പുകയുമായി നില്ക്കും. പിന്നീടത് ആരും ശ്രദ്ധിക്കാത്തവിധം കെട്ടടങ്ങും. രാഷ്ട്രീയക്കാർ പരസ്പരം പഴിചാരിയോ ചെളിവാരിയെറിഞ്ഞോ ജനങ്ങളുടെ ശ്രദ്ധയകറ്റും. പ്രശ്നം ഒരിക്കലും പരിഹരിക്കാതെ അനന്തമായി തുടരുകയും ചെയ്യും. ബ്രഹ്മപുരം പ്ളാന്റിലെ നിയമലംഘനങ്ങളുടെ കാര്യത്തിലും ഏറെക്കുറെ ഇതാവും സംഭവിക്കാൻ പോകുന്നത്.

സി.ബി.ഐ വന്ന് അന്വേഷണം നടത്തി ഒരാളെ വിലങ്ങുവച്ച് കൊണ്ടുപോകുന്നതുകൊണ്ട് തീരുന്നതല്ല ജനങ്ങളെ സംബന്ധിച്ച് ബ്രഹ്മപുരം പ്രശ്നം. ജനങ്ങൾക്ക് വേണ്ടത് ഇതിനൊരു ശാശ്വതമായ പരിഹാരമാണ്. അതിന് എന്നു തുടക്കമാവാം എന്നതിനെക്കുറിച്ചാണ് ചർച്ച നടക്കേണ്ടത്. കോർപ്പറേഷൻ തികഞ്ഞ പരാജയമായതിനാൽ തുടർന്നും അവരെ സംസ്കരണചുമതല ഏല്പിക്കുന്നത് കള്ളനെ പണപ്പെട്ടിയുടെ താക്കോൽ ഏല്പിക്കുന്നതു പോലെയാണ്. കൊച്ചി കോർപ്പറേഷനാണ് തുടർന്നും ഇതിന്റെ ചുമതല വഹിക്കുന്നതെങ്കിൽ വർഷങ്ങൾ കഴിഞ്ഞും ബ്രഹ്മപുരത്തിന്റെ അവസ്ഥ ഇതുതന്നെയായിരിക്കുമെന്ന് ഉൗഹിക്കുന്നതി​ന് വി​ശേഷാൽ ബുദ്ധി​യൊന്നും ആവശ്യമി​ല്ല. ബ്രഹ്മപുരത്തെ പുകച്ചുരുളുകൾ ആകാശത്ത് ഏറെ തെളി​മയോടെ എഴുതി​ക്കാണി​ച്ചത് അഴിമതി​ എന്ന വാക്കാണ്. അഴി​മതിക്കപ്പുറം നമ്മൾ തി​രഞ്ഞെടുക്കുന്ന ജനപ്രതി​നി​ധി​കളുടെ കഴി​വി​ല്ലായ്മയാണ് അവി​ടെ പുകയുന്നത്. ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന് അവർക്ക് അറി​യി​ല്ല. അറി​വുള്ളവരെക്കൊണ്ട് ആ പ്രശ്നം പരി​ഹരി​ക്കാനും അവർ സമ്മതി​ക്കി​ല്ല. ജനാധി​പത്യത്തി​ന്റെ ദുരവസ്ഥയാണ് ബ്രഹ്മപുരത്ത് പുകഞ്ഞുകൊണ്ടി​രി​ക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAHMAPURAM PLANT FIRE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.