SignIn
Kerala Kaumudi Online
Friday, 19 April 2024 4.59 AM IST

ബാലിശം ഈ പൊലീസ് നടപടി

photo

ഒന്നരമാസം മുൻപ് ഭാരത് ജോഡോ യാത്രയ്ക്കിടെ കാശ്മീരിൽവച്ചു നടത്തിയ പരാമർശത്തിന്റെ പേരിൽ ഡൽഹി പൊലീസ് ഞായറാഴ്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വസതിയിലെത്തി വിവരങ്ങൾ തേടിയതിനെ സാധാരണ അന്വേഷണ നടപടിയായി കരുതാനാവില്ല.

പ്രതിപക്ഷ നേതാക്കളെ മനഃപൂർവം കുടുക്കാനുള്ള ചട്ടുകമായി അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നെന്ന ആക്ഷേപം ബലപ്പെടുത്താനേ ബാലിശമായ ഈ പൊലീസ് നടപടി ഉപകരിക്കൂ. ജോഡോ യാത്രയ്ക്കിടയിലുണ്ടായ അനുഭവങ്ങൾ പങ്കിടുന്നതിനിടെ സ്‌ത്രീകളിൽനിന്നു കേൾക്കേണ്ടിവന്ന ചില ദുരനുഭവങ്ങളടെ വിവരണമാണ് ഇപ്പോൾ പൊലീസ് അന്വേഷണത്തിൽ എത്തിനില്‌ക്കുന്ന കേസിന്റെ ഉത്ഭവം.

രാജ്യത്ത് സ്‌ത്രീകൾ ഇപ്പോഴും ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നും യാത്രയ്‌ക്കിടെ നിരവധി സ്‌ത്രീകൾ കരഞ്ഞുകൊണ്ട് ഇക്കാര്യങ്ങൾ തന്നോടു പറഞ്ഞെന്നുമാണ് രാഹുൽ ശ്രീനഗറിൽവച്ച് വെളിപ്പെടുത്തിയത്. ബലാത്സംഗ പരാതി ഉന്നയിച്ച സ്‌ത്രീകളുടെ വിവരങ്ങൾ തേടിയാണ് പൊലീസ് രാഹുലിന്റെ വസതിയിലെത്തിയത്. ഇതുപോലുള്ള പ്രചാരണയാത്രയ്ക്കിടെ നേതാക്കളുടെ വായിൽനിന്ന് പലതും പുറത്തുവീഴാറുണ്ട്. അവയിൽ വിവാദത്തിലേക്കു നയിച്ചേക്കാവുന്ന പരാമർശങ്ങളുമുണ്ടാകും. എന്നാൽ രാഹുൽഗാന്ധി നടത്തിയ പരാമർശത്തിലുൾപ്പെട്ട സ്‌ത്രീകളുടെ വിവരങ്ങൾ നൽകണമെന്ന ആവശ്യവുമായാണ് പൊലീസ് എത്തിയിരിക്കുന്നത്. രാഹുൽ എന്നല്ല രാജ്യത്തെ ഏതു രാഷ്ട്രീയ കക്ഷിയിലുംപെട്ട നേതാക്കളുടെ വായിൽനിന്ന് ഇതുപോലെയോ ഇതിലപ്പുറമോ വിവാദ പരാമർശങ്ങൾ ഉണ്ടാകാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. അതിന്റെയെല്ലാം പിറകെ പോകാനാണെങ്കിൽ പൊലീസിന് അവരുടെ ചുമതലകൾ നിർവഹിക്കാൻ സമയം കാണില്ല.

പൊലീസ് ആവശ്യപ്പെട്ട വിവരങ്ങൾ നല്‌കാൻ പത്തുദിവസത്തെ സാവകാശം രാഹുൽ ആവശ്യപ്പെട്ടതോടെയാണ് സംഘം മടങ്ങിയത്. ഒരു നേതാവിന്റെ അപ്രധാനമായ പരാമർശത്തിന്റെ പേരിൽ സാധാരണ ഇത്തരം സംഭവങ്ങളിൽ പൊലീസ് കേസെടുക്കാറില്ല. എന്നിട്ടും പൊലീസ് സംഘങ്ങൾ രാഹുലിന്റെ വസതിക്കു മുമ്പിൽ തെളിവു ശേഖരിക്കാനെന്ന മട്ടിൽ മണിക്കൂറുകളോളം കാത്തുകിടക്കണമെങ്കിൽ അതിനു പിന്നിൽ നല്ല ഉദ്ദേശ്യം മാത്രമാണുള്ളതെന്നു കരുതാനാവില്ല.

കേന്ദ്ര സർക്കാരിനെ, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാർലമെന്റിനകത്തും പുറത്തും നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന തന്നോടുള്ള വ്യക്തിവൈരാഗ്യം വച്ചുകൊണ്ടാണ് പൊലീസ് നിരന്തരം തന്റെ പിന്നാലെ കൂടുന്നതെന്ന രാഹുലിന്റെ ആക്ഷേപത്തിനു കരുത്തുകൂട്ടുന്നതാണ് ഇപ്പോഴത്തെ അന്വേഷണവും തെളിവെടുപ്പുമൊക്കെ. പൊതുചടങ്ങുകളിലും വാർത്താസമ്മേളനങ്ങളിലും നേതാക്കന്മാർ പലതും പറയും. സർക്കാർ നടപടികളെ രൂക്ഷമായി വിമർശിക്കും. ഭരണതലപ്പത്തുള്ളവരെ വിമർശനങ്ങൾകൊണ്ടു കീറിമുറിച്ചെന്നുവരും. ജനങ്ങളിൽനിന്നു കേൾക്കുന്ന പലതും പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചെന്നുവരും. അതിന്റെയൊക്കെ തെളിവുതേടി പൊലീസ് ഇറങ്ങണമെന്ന് ആരും ശഠിക്കാറില്ല. അതിശയോക്തി കൂടി കലർത്തി പറയുന്ന ഇമ്മാതിരി പല സംഭവങ്ങൾക്കും ചിലപ്പോൾ അടിസ്ഥാനം തന്നെ കണ്ടെന്നുവരില്ല. പൊലീസ് സ്റ്റേഷനുകളിൽ നേരിട്ട് ഇരകൾ സമർപ്പിക്കുന്ന പരാതികളിൽ പോലും കേസും അന്വേഷണവുമൊന്നും നടത്താൻ തയ്യാറാകാത്ത പൊലീസ് രാഹുൽ ഒന്നരമാസം മുൻപ് നടത്തിയ പരാമർശം ആധാരമാക്കി നടത്തുന്ന അന്വേഷണ പ്രഹസനം അമിതോത്സാഹമായേ കാണാനാവുകയുള്ളൂ. അല്ലെങ്കിൽത്തന്നെ രാഹുൽ മുമ്പാകെ കദനകഥ നിരത്തിയവരിൽ എത്രപേർ തെളിവു നൽകാൻ മുമ്പോട്ടുവരുമെന്ന് ആലോചിച്ചിട്ടുണ്ടോ‌? വാലും തുമ്പുമില്ലാത്ത ഒരു സംഭവത്തിനു പിറകേപോയി സ്വയം ഇളിഭ്യരാകാം എന്നതിനപ്പുറം ഒരു നേട്ടവുമുണ്ടാക്കാൻ പൊലീസിനോ അവരെ ഇതിനായി നിയോഗിച്ചവർക്കോ സാധിക്കുമെന്നു തോന്നുന്നില്ല. തിരഞ്ഞെടുപ്പുകളിൽ തുടരെയുണ്ടാകുന്ന തിരിച്ചടികളിൽ തളർന്നു നില്‌ക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പുതിയ ഉൗർജ്ജം പകരാൻ ഈ അന്വേഷണ പരമ്പരകൾ ഒരുപക്ഷേ ഉപകരിച്ചേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.