എണ്ണത്തിൽ കുറഞ്ഞുപോയെങ്കിലും 2023-ലെ ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച സഹനടനായി വിജയരാഘവനും സഹനടിയായി ഉർവശിയും തിരഞ്ഞെടുക്കപ്പെട്ടതിൽ മലയാളത്തിന് അഭിമാനിക്കാം. ഇവർക്കൊപ്പം മികച്ച എഡിറ്ററായി മിഥുൻ മുരളിയും (ചിത്രം: പൂക്കാലം) കലാസംവിധായകനായി മോഹൻദാസും (ചിത്രം: 2018) തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, നോൺ ഫീച്ചർ വിഭാഗത്തിൽ ചെറുവയൽ രാമനെക്കുറിച്ച് എം.കെ. രാമദാസ് തയ്യാറാക്കിയ 'നെക്കൽ - ക്രോണിക്കിൾ ഒഫ് ദി പാഡി" ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. ഹിന്ദി ചിത്രമായ 'അനിമലി"ന്റെ സൗണ്ട് ഡിസൈനിംഗിന് മലയാളികളായ സച്ചിൻ സുധാകരനും ഹരിഹരൻ മുരളീധരനും അവാർഡ് നേടിയപ്പോൾ ഈ ചിത്രത്തിലെതന്നെ റീ റെക്കോഡിംഗിന് മലയാളിയായ എം.ആർ. രാജാകൃഷ്ണന് പ്രത്യേക പരാമർശവും ലഭിച്ചു. 'ദ സേക്രഡ് ജാക്ക്" എന്ന ചിത്രത്തിലെ വിവരണത്തിന് മലയാളിയായ ഹരികൃഷ്ണനും അവാർഡ് നേടി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്കാ" ണ് മികച്ച മലയാള ചിത്രം. അവാർഡ് നേടിയ എല്ലാ മലയാളികളെയും മറ്റ് അവാർഡ് ജേതാക്കളെയും ഞങ്ങൾ അഭിനന്ദിക്കുന്നു.
'പൂക്കാലം" എന്ന ചിത്രത്തിൽ ഇട്ടൂപ്പ് എന്ന വയോവൃദ്ധനായ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ അഭിനയത്തിനാണ് വിജയരാഘവന് മികച്ച സഹനടനുള്ള അവാർഡ് നൽകിയത്. മികച്ച നടനുള്ള അവാർഡ് രണ്ടുവട്ടം ആലോചിക്കാതെ നൽകാൻ കഴിയുന്ന പെർഫോമൻസാണ് ആ ചിത്രത്തിൽ അതുല്യ നടനായ വിജയരാഘവൻ കാഴ്ചവച്ചത്. മികച്ച നടനുള്ള അവാർഡ് പങ്കിട്ട ഷാരൂഖ് ഖാനും വിക്രാന്ത് മാസിക്കുമൊപ്പം അവസാന റൗണ്ട് വരെയും വിജയരാഘവന്റെ പേരുമുണ്ടായിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ വിജയരാഘവനെ തേടി ഇതാദ്യമായാണ് ദേശീയ പുരസ്കാരം എത്തുന്നുവെന്നത് കേൾക്കുമ്പോൾ വിചിത്രമായി തോന്നാം.
'ഉള്ളൊഴുക്ക്" എന്ന ചിത്രത്തിൽ ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഉർവശിക്കും മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കാതിരുന്നത് നിരാശാജനകമായിപ്പോയി എന്ന് പറയാതെ വയ്യ. ഇന്ത്യൻ സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്ന മികച്ച അഭിനേത്രികളുടെ മുൻനിരയിലാണ് ഉർവശിയുടെ സ്ഥാനം. ഏത് കഥാപാത്രമായാലും ഉർവശി അവതരിപ്പിക്കുമ്പോൾ അത് വ്യത്യസ്ഥമായ ഭാവതലങ്ങൾ പ്രകടമാക്കുന്നു. ഇത് രണ്ടാംവട്ടമാണ് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ഉർവശിക്ക് ലഭിക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള അന്തിമ ജൂറിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗമായ പ്രദീപ് നായർ സജീവമായ ഇടപെടലുകൾ നടത്തുകയുണ്ടായി. പ്രാഥമിക ജൂറി തള്ളിക്കളഞ്ഞ 2018 എന്ന ചിത്രമുൾപ്പെടെ നാല് മലയാള ചിത്രങ്ങൾ പ്രദീപിന്റെ ആവശ്യപ്രകാരം തിരിച്ചുവിളിക്കുകയുണ്ടായി. അതിൽ 2018-ന് അവാർഡ് ലഭിക്കുകയും ചെയ്തു. വാണിജ്യ സിനിമയെയും കലാമൂല്യമുള്ള ചിത്രങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംവിധായകൻ അശുതോഷ് ഗവാരിക്കർ അദ്ധ്യക്ഷനായ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ഇക്കുറി സ്വീകരിച്ചത്.
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 'ട്വൽത്ത് ഫെയിൽ" എന്ന ഹിന്ദി ചിത്രം ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് അതിന് ഉദാഹരണമാണ്. കഠിനാദ്ധ്വാനത്തിലൂടെ സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ യുവാവിന്റെ കഥ പറയുന്ന ഈ ചിത്രത്തിലെ നായക കഥാപാത്രമാണ് വിക്രാന്ത് മാസിയെ മികച്ച നടന്മാരിൽ ഒരാളാക്കിയത്. സുധീപ്തോ സെൻ 'കേരള സ്റ്റോറി" എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാർഡ് നിർണയം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ജൂറിയുടെകൂടി ഉത്തരവാദിത്വമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |