SignIn
Kerala Kaumudi Online
Tuesday, 17 March 2026 5.43 PM IST

പ്രചാരണച്ചൂടിൽ ഇലക്ഷൻ കാലം

Increase Font Size Decrease Font Size Print Page
s

കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തീയതി കുറിച്ചിരിക്കുകയാണ്. ഏപ്രിൽ 9ന് പതിനാറാമത്തെ നിയമസഭയെ ആര് നയിക്കും എന്ന് കേരളം തീരുമാനിക്കും. അന്ന് പെട്ടിയിലാവുന്ന ഫലം അറിയാൻ 25 ദിവസം കാത്തിരിക്കണം. ഇനിയുള്ള മൂന്നാഴ്ച കേരളം ഇടത്, വലത്, എൻ.ഡി.എ മുന്നണികളുടെ തീപാറുന്ന പ്രചാരണ ശബ്ദങ്ങളാൽ മുഖരിതമായിരിക്കും. വേനൽച്ചൂടും തിരഞ്ഞെടുപ്പ് ചൂടും കൂടി അക്ഷരാർത്ഥത്തിൽ കേരളം ചുട്ടുപൊള്ളുന്ന ദിനങ്ങളാണിനി വരുന്നത്.

കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ 9ന് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിൽ ഏപ്രിൽ 23നും പശ്ചിമബംഗാൾ നിയമസഭയിലേക്ക് ഏപ്രിൽ 23, 29 തീയതികളിൽ രണ്ടു ഘട്ടമായും വോട്ടെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളിലെല്ലാം കൂടി 17.4 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്താനുള്ളതെന്ന് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ പറഞ്ഞു. എല്ലായിടത്തും മേയ് നാലിനാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ എസ്.ഐ.ആർ പ്രക്രിയയ്ക്ക് ശേഷം വോട്ടർപട്ടികയിൽ 2.69 കോടിപ്പേരാണ് ഉണ്ടായിരുന്നത്. വോട്ടർപട്ടികയിലുള്ള പേരുചേർക്കൽ ഇപ്പോഴും തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്ക് അമ്പതിനായിരത്തോളം പേർ കൂടി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.

മൂന്നാം വരവ് ലക്ഷ്യമിടുന്ന എൽ.ഡി.എഫ്, പിണറായിയുടെ നേതൃത്വത്തിൽ ഭരണം തിരിച്ചുപിടിക്കാനാണ് കളത്തിലിറങ്ങുന്നത്. വിജയമല്ലാതെ മറ്റൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത മാനസിക നിലയുമായാണ് യു.ഡി.എഫ് വർദ്ധിതവീര്യത്തോടെ പോർക്കളത്തിൽ കച്ചമുറുക്കി നിൽക്കുന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ വോട്ടുബാങ്കുള്ള ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ഇരു മുന്നണികൾക്കും വലിയ വെല്ലുവിളി ഉയർത്തുന്നതിനൊപ്പം അപ്രതീക്ഷിതവും അത്ഭുതപ്പെടുത്തുന്നതുമായ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ത്രികോണ മത്സരമാവും ഭൂരിപക്ഷം മണ്ഡലങ്ങളിലും നടക്കാൻ പോകുന്നത്. കേരളത്തിന്റെ ജനഹിതം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമാണെന്ന് ആർക്കും പറയാനാവാത്ത ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഏതാണ്ട് തുല്യനിലയിലുള്ള ഒരു പോരാട്ടമാവും നടക്കുക. മൂന്നാം മുന്നണിയായ എൻ.ഡി.എ ഭരണം പിടിക്കില്ലെങ്കിലും ആര് ഭരിക്കണം എന്ന് നിർണയിക്കുന്ന ഒരു ശക്തിയായി മാറില്ലെന്ന് പറയാനാകില്ല. അതിനാൽ തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് വീറും വാശിയും കുറച്ച് കൂടുതലായിരിക്കും.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിനം തന്നെ ഭരണമുന്നണിയിലെ പ്രബല കക്ഷികളായ സി.പി.എമ്മും സി.പി.ഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പിന്നാലെ എൻ.ഡി​.എയും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നു.

നോമിനേഷൻ നൽകുന്നതിന് മുൻപ് തന്നെ ഏതാനും ചില മണ്ഡലങ്ങൾ ഒഴികെയുള്ളവയിലെ മത്സരചിത്രം തെളിഞ്ഞിരിക്കുകയാണ്. സാധാരണ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിക്കുന്ന വേള കൂടിയാണ് തിരഞ്ഞെടുപ്പ് കാലം. നടക്കുന്നതും നടക്കാത്തതുമായ എല്ലാ വാഗ്ദാനങ്ങളും നിർലോഭം ചൊരിയപ്പെടുന്ന ഇടവേള കൂടിയാണിത്. ഇനി വോട്ട് തേടി പ്രചാരണ നോട്ടീസുകളുമായി എല്ലാ മുന്നണികളുടെയും പ്രവർത്തകർ വീടുകൾ കയറിയിറങ്ങാൻ തുടങ്ങുകയും വളരെ സഹിഷ്ണുതയോടുകൂടി ജനങ്ങളോട് ഇടപഴകുകയും ചെയ്യും. കേരളത്തിലെ ജനങ്ങൾ പൊതുവെ രാഷ്ട്രീയത്തിൽ വളരെ താത്‌പര്യമുള്ളവരാണ്. അങ്ങനെ വലിയ താത്‌പര്യമില്ലാത്തവർ പോലും പ്രായഭേദമന്യെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ദിനങ്ങളാണ് മുന്നിൽ. എവിടെ ചെന്നാലും ആര് ജയിക്കും എന്ന ഒരു ചോദ്യത്തോടെയാവും ചർച്ചകൾക്ക് ചൂടുപിടിച്ചു തുടങ്ങുക. മേയ് 4ന് അറിയാമല്ലോ എന്ന തർക്കമില്ലാത്ത ഉത്തരത്തിലാവും ചർച്ചകൾ അവസാനിക്കുക. മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും എന്തിന് നാലുപേർ കൂടുന്നിടത്തെല്ലാം തിരഞ്ഞെടുപ്പാണ് മുഖ്യ ചർച്ചാവിഷയം. ജയിക്കാൻ ഏതടവും പയറ്റപ്പെടാം. നുണപ്രചാരണങ്ങളും നടക്കാം. ആദ്യമായി നിർമ്മിതബുദ്ധി എന്ന എ.ഐ കൂടി അതിന്റേതായ പങ്ക് വഹിക്കുന്ന തിരഞ്ഞെടുപ്പാവും ഇത്. അതിനാൽ കാണുന്നതും കേൾക്കുന്നതും കൂടി അതേപടി വിശ്വസിക്കാതിരിക്കാനുള്ള ജാഗ്രത പൊതുജനങ്ങളും പുലർത്തേണ്ടതാണ്.

കടുത്ത വേനൽ, ഗൾഫിലെ യുദ്ധം, പാചകവാതക പ്രതിസന്ധി, സാമ്പത്തിക ഞെരുക്കം, വിലക്കയറ്റം, ഭീതി ഉണർത്തുന്ന ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയെല്ലാം കൂടി വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്താണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നിരുന്നാലും ജനപങ്കാളിത്തത്തിന്റെ കാര്യത്തിൽ ഒരു പടി മുന്നോട്ട് പോവുക എന്നല്ലാതെ ഈ തിരഞ്ഞെടുപ്പ് പിന്നാക്കം പോവില്ല. റെക്കാഡ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്താനുള്ള എല്ലാ സാദ്ധ്യതകളും നമുക്ക് മുന്നിൽ കാണാം. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും കാര്യക്ഷമമായി പദ്ധതികൾ നടപ്പാക്കാൻ എൽ.ഡി.എഫ് സർക്കാർ തന്നെ വേണമെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ടെന്നും അതിനാൽ വിജയം സുസാദ്ധ്യമാണെന്നുമാണ് എൽ.ഡി.എഫ് മുന്നണി കരുതുന്നത്. എന്നാൽ പത്തുവർഷത്തെ ഭരണവിരുദ്ധ വികാരം സുനാമിയാവുമെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൂറ് എന്ന അക്കം തികയ്ക്കുമെന്നുമാണ് യു.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇത്തവണ വോട്ട് വിഹിതം വർദ്ധിപ്പിക്കുക മാത്രമല്ല ചില മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടി തങ്ങളുടെ പ്രധാനപ്പെട്ട സാരഥികൾ നിയമസഭയിലെത്തുമെന്നാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുമ്പ് തന്നെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിൽ പൊട്ടലും ചീറ്റലുമൊക്കെ നടന്നിട്ടുണ്ട്. പക്ഷേ മത്സരചിത്രം തെളിയാൻ തുടങ്ങുമ്പോഴും തമ്മിലടി തുടർന്നാൽ അത് ജനങ്ങൾക്ക് ഇഷ്ടമായെന്ന് വരില്ല. അതിനാൽ നാടിന്റെ ജനാധിപത്യത്തിന് കരുത്തേകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാവണം വരും ദിവസങ്ങളിൽ എല്ലാ മുന്നണികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. വ്യക്തിഹത്യയും നുണപ്രചാരണങ്ങളും പരമാവധി ഒഴിവാക്കാൻ നേതാക്കന്മാരും അണികളും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് വേളയിൽ സമാധാനപരമായ അന്തരീക്ഷം നിലനിറുത്തേണ്ടത് രാഷ്ട്രീയ കക്ഷികളുടെയും പ്രവർത്തകരുടെയും ചുമതലയാണെന്നതും ആരും മറക്കരുത്. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ ഘട്ടത്തിൽ ഏറ്റവും അനുയോജ്യരായവരെയാകും സംസ്ഥാനത്തെ വോട്ടർമാർ തിരഞ്ഞെടുക്കുക എന്ന് പ്രതീക്ഷിക്കാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.