SignIn
Kerala Kaumudi Online
Friday, 26 April 2024 11.31 AM IST

ശമ്പളത്തോടെയുള്ള പണിമുടക്ക് വേണ്ട

photo

ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കാനുള്ള ജീവനക്കാരുടെ അവകാശം നിഷേധിക്കാനാവില്ല. അതേസമയം പണിമുടക്കുന്ന ദിവസങ്ങളിലെ വേതനവും വേണമെന്നു ശഠിക്കുന്നതാണ് ഉൾക്കൊള്ളാനാകാത്തത്. സർവീസ് ചട്ടങ്ങൾ ബാധകമായ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും നിയമപരമായി പണിമുടക്കാൻ അവകാശമില്ല. സർവീസ് ചട്ടങ്ങൾ മാത്രമല്ല പെരുമാറ്റച്ചട്ടവും പണിമുടക്കിന് എതിരാണ്. എങ്കിലും സംസ്ഥാനം രൂപംകൊണ്ട കാലം മുതലേ ഇവിടെ സർക്കാർ ജീവനക്കാർ പണിമുടക്കു നടത്താറുണ്ട്. ആഴ്ചകളും മാസങ്ങളും നീണ്ടുനിന്ന പണിമുടക്കുകളും നടന്നിട്ടുണ്ട്. ഒത്തുതീർപ്പുണ്ടാകുമ്പോൾ പണിമുടക്കു ദിനങ്ങൾ ശമ്പളത്തോടുകൂടിയ അവധിയിൽ വരവുവയ്ക്കാറാണു പതിവ്.

അച്ചുതമേനോൻ സർക്കാരിന്റെ കാലത്താണ് പണിമുടക്ക് ദിനങ്ങളിൽ ശമ്പളം നൽകില്ലെന്ന വ്യവസ്ഥ കൊണ്ടുവന്നത്. കാലക്രമേണ അതിലും അയവുണ്ടായി.

പണിമുടക്കാനുള്ള അവകാശത്തിനൊപ്പം ആ ദിവസങ്ങളിലെ ശമ്പളം കൂടി സർക്കാരിൽ സമ്മർദ്ദം ചെലുത്തി നേടുന്നത് ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതുപോലെയാണ്. നിയമപരമായോ ധാർമ്മികമായോ ഇത് ശരിയാണെന്നു പറയാനാവില്ല. ശമ്പളം ത്യജിച്ചുകൊണ്ട് പണിമുടക്കിനിറങ്ങാൻ ജീവനക്കാരിൽ പലരും മടിക്കും എന്നതുകൊണ്ടാണ് സർക്കാരിൽ സമ്മർദ്ദം ചെലുത്തി കാര്യസിദ്ധി നേടുന്നത്.

ദേശീയ പണിമുടക്കിന്റെ ഭാഗമായി 2022 മാർച്ച് 28, 29 തീയതികളിൽ കേരളത്തിലും സർക്കാർ ജീവനക്കാർ പണിമുടക്കിയിരുന്നു. ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നതാണ്. വിലക്ക് ലംഘിച്ച് പണിമുടക്കുന്നവർക്ക് ശമ്പളം നൽകരുതെന്ന് നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. ഈ പണിമുടക്കുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ഹർജി തീർപ്പാക്കവെയാണ് സർക്കാർ ജീവനക്കാരുടെ പണിമുടക്കു പ്രശ്നത്തിൽ കർക്കശ നടപടികളുമായി മുന്നോട്ടുപോകാനുള്ള ഹൈക്കോടതി ഉത്തരവ്. സംസ്ഥാന വരുമാനത്തിന്റെ 32 ശതമാനവും 5.17 ലക്ഷം വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനു വേണ്ടിയാണ് വിനിയോഗിക്കുന്നത്. സ്ഥിതി ഇതായിരിക്കെ ജനങ്ങൾക്ക് സേവനം നിഷേധിച്ചുകൊണ്ടുള്ള അവരുടെ പണിമുടക്ക് അംഗീകരിക്കാനാവില്ല. മാത്രമല്ല പണിമുടക്കു ദിനങ്ങളിലെ ശമ്പളം വേണമെന്ന് ആവശ്യപ്പെടുന്നതും അന്യായ നടപടിയാണ്. പൊതുജനങ്ങളെ കഷ്ടത്തിലാക്കുന്ന സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരെ 2021ലും ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നതാണ്. കഴിഞ്ഞ വർഷം പണിമുടക്കിയ ജീവനക്കാരിൽ ഒന്നരലക്ഷത്തിൽപ്പരം പേരുടെ രണ്ടുദിവസത്തെ ശമ്പളം തടഞ്ഞിട്ടുണ്ടെന്ന് സർക്കാർ കോടതിക്കു സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അദ്ധ്യാപകർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. വിവരശേഖരണം പൂർത്തിയായിട്ടില്ലെന്നാണ് വിശദീകരണം. ശമ്പളവിതരണത്തിന് പ്രത്യേക സോഫ്‌റ്റ്‌‌വെയർ ഉപയോഗിക്കുന്ന സ്ഥിതിക്ക് ഇത്തരം വിവരങ്ങൾ വേഗത്തിൽ സമാഹരിക്കാവുന്നതേയുള്ളൂ.

കോടതിവിധി വന്നതുകൊണ്ട് ജീവനക്കാരുടെ പണിമുടക്ക് ഇല്ലാതാകാനൊന്നും പോകുന്നില്ലെന്ന് എൻ.ജി.ഒ യൂണിയൻ പ്രതികരിച്ചിട്ടുണ്ട്. തൊഴിൽമേഖലയുടെ സംരക്ഷണം മുൻനിറുത്തി പണിമുടക്ക് ഉൾപ്പെടെ ഏതുവിധ സമരമാർഗവും സ്വീകരിക്കാൻ അവർക്കു സ്വാതന്ത്ര്യ‌‌മുണ്ട്. എന്നാൽ ഇങ്ങനെ പണിമുടക്കുമ്പോൾ അതിന് ശമ്പളവും ആവശ്യപ്പെടരുതെന്നേയുള്ളൂ. അവസാന മാർഗമെന്ന നിലയ്ക്കാണ് മുൻപൊക്കെ പണിമുടക്കിനെ കണ്ടിരുന്നത്. ഇപ്പോൾ തങ്ങളെ നേരിട്ടു ബാധിക്കാത്ത കാര്യങ്ങൾക്കുവേണ്ടിയും ജീവനക്കാർ പണിമുടക്കുന്നത് അപൂർവമല്ല. പണിമുടക്കു വിഷയത്തിൽ പുനരാലോചനയൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും 'ഡയസ്‌‌നോൺ" ചട്ടം അംഗീകരിക്കാൻ കോടതിവിധിയുടെ വെളിച്ചത്തിൽ അവർ ബാദ്ധ്യസ്ഥരാകും. രാഷ്ട്രീയ കാരണങ്ങളാൽ സമ്മർദ്ദത്തിനു വഴങ്ങേണ്ടിവരുന്ന സർക്കാരിനും ആശ്വാസമാകും അത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT EMPLOYEES STRIKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.