
നീതിയും നിയമവും പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കഴിയാവുന്നത്ര പരിപാലിക്കുന്ന ഒരു പൊലീസ് സേനയാണ് നമുക്കുള്ളത്. ചില ഒറ്റപ്പെട്ട വീഴ്ചകളുടെ പേരിൽ പൊലീസിന്റെ മൊത്തത്തിലുള്ള സേവനത്തെ വിലകുറച്ച് കാണാനാകില്ല. എന്നാൽ എവിടെയും പുഴുക്കുത്തുകൾ ഉള്ളതുപോലെ പൊലീസിലും ഉണ്ട്. യൂണിഫോം ഇട്ട നികൃഷ്ടജീവികളായി ഇവർ മാറുന്നത്, ഊതിപ്പെരുപ്പിച്ച ഇവരുടെ അഹങ്കാരത്തിന് മുറിവേറ്റതിന്റെ പേരിൽ നിരപരാധികളായ മനുഷ്യരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുമ്പോഴാണ്. നിയമം പ്രയോഗിക്കാനുള്ള അധികാരം നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ട് ആരെയും അകത്താക്കാനുള്ള സ്വയാർജ്ജിത ലൈസൻസായി ഇവർ എടുത്ത് പ്രയോഗിക്കുന്നത് പൊലീസിനോട് കളിച്ചാൽ ഇങ്ങനിരിക്കും എന്ന 'സന്ദേശം" സമൂഹത്തിന് നൽകുന്നതിനു വേണ്ടിയാണ്.
മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ഭരണഘടനയുമൊക്കെ രാജ്യത്ത് നിലവിൽ വരുന്നതിനു മുമ്പ് പൊലീസിന്റെ പ്രധാന പണികളിലൊന്ന് നാട് ഭരിക്കുന്ന വിദേശികളെ സന്തോഷിപ്പിക്കാനായി കള്ളക്കേസെടുത്ത് സാധാരണക്കാരെ ജയിലിലടയ്ക്കുക എന്നതായിരുന്നു. പൊലീസിനെ അന്നേ ബാധിച്ച ഈ
കുഷ്ഠരോഗത്തിന്റെ അണുക്കൾ പൂർണമായും ഇപ്പോഴും നശിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ കള്ളക്കേസിൽ കുടുക്കി 54 ദിവസം തടവിലിട്ട സംഭവം. മണ്ണിൽ പുതഞ്ഞ പൊലീസ് ജീപ്പ് തള്ളിക്കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിലാണ് തലശ്ശേരി കതിരൂർ സ്വദേശി വി.കെ. താജുദ്ദീനെ മാല മോഷണക്കേസിൽ കുടുക്കിയത്. ഇയാളെ കുടുംബാംഗങ്ങളുടെ മുന്നിൽ വസ്‌ത്രമഴിച്ചുനിറുത്തി തെളിവെടുപ്പ് നടത്തുകയും, നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിച്ച് നാണം കെടുത്തുകയും ചെയ്തപ്പോൾ അധികാരത്തിന്റെ മത്തുപിടിച്ച പൊലീസുകാർ ആവോളം ചിരിച്ചുകാണും.
എന്നാൽ, ഈ കള്ളക്കഥ ചമച്ച് താജുദ്ദീനെ കുടുക്കിയതിന് ഉത്തരവാദികളായ കണ്ണൂർ ചക്കരക്കൽ സ്റ്റേഷനിലെ എസ്.ഐ പി. ബിജു, എ.എസ്.ഐമാരായ യോഗേഷ്, ടി. ഉണ്ണിക്കൃഷ്ണൻ എന്നിവർ ദീർഘകാലം കരയാൻ പര്യാപ്തമായ വിധിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായത്. പൊലീസ് ഭാവിയിൽ ഇങ്ങനെ പെരുമാറാതിരിക്കാനുള്ള വിധിയെന്ന് ഹൈക്കോടതി തന്നെ വിശേഷിപ്പിച്ച ഉത്തരവിലൂടെ മാനഹാനിയും ജയിൽവാസവും നേരിട്ട പരാതിക്കാരന് 10 ലക്ഷം രൂപയും, ഭാര്യയ്ക്കും മൂന്ന് മക്കൾക്കും ഓരോ ലക്ഷം രൂപയും നഷ്ടപരിഹാരം സർക്കാർ നൽകണം. തുക ആദ്യം സർക്കാർ നൽകിയിട്ട് ഈ തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതായത്, ഉത്തരവാദികളായ ഈ മൂന്ന് ഉദ്യോഗസ്ഥരും ചേർന്ന് മൊത്തം 14 ലക്ഷം രൂപ നൽകേണ്ടിവരും.
യൂണിഫോമിട്ട ഇത്തരം നികൃഷ്ടജീവികളെ ഒരുദിവസം പോലും ഇനി സർവീസിൽ തുടരാൻ അനുവദിക്കരുത്. അങ്ങനെ അനുവദിച്ചാൽ ഈ 14 ലക്ഷവും അവർ കൈക്കൂലിയായി നാട്ടുകാരുടെ കൈയിൽ നിന്നാവും വാങ്ങുന്നത്. 2018 ജൂലായ് 11-ന് പുലർച്ചെ സഹോദരിയുടെ വീട്ടിൽ നിന്ന് കുടുംബസമേതം മടങ്ങുമ്പോഴാണ് മണ്ണിൽ പുതഞ്ഞ ജീപ്പ് ഉയർത്താനായി പൊലീസ് സഹായം തേടിയത്. മറ്റുള്ളവർ സഹായിച്ചെങ്കിലും നടുവേദനയായതിനാൽ താജുദ്ദീൻ കാറിൽത്തന്നെ ഇരുന്നു. തുടർന്നാണ് 'കള്ളൻ" എന്ന് മുദ്രകുത്തി ജയിലിലാക്കിയത്. യഥാർത്ഥ പ്രതി മറ്റൊരാളെന്ന് പിന്നീട് കണ്ടെത്തിയതിനെത്തുടർന്നാണ് താജുദ്ദീന് മോചനം ലഭിച്ചത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന ഏർപ്പാട് നടത്തുന്ന എല്ലാ പൊലീസുകാർക്കുമുള്ള ശക്തമായ ഒരു മുന്നറിയിപ്പ് കൂടിയാണ് ഉയർന്ന നഷ്ടപരിഹാരം നൽകാനുള്ള ഹൈക്കോടതിയുടെ വിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |