SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

കാനഡയിലെ സ്‌കൂളിൽ വെടിവയ്പ്; അക്രമിയായ സ്ത്രീ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു

Increase Font Size Decrease Font Size Print Page
police

ഒട്ടാവ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന വെടിവയ്‌പിൽ അക്രമിയായ സ്ത്രീ ഉൾപ്പടെ പത്തുപേർ കൊല്ലപ്പെട്ടു. റോയൽ കാനഡ മൗണ്ടഡ് പൊലീസാണ് (ആർസിഎംപി) സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. സ്‌കൂളിനുള്ളിൽ ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തിയതായും മ​റ്റൊരാൾ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപും മരിച്ചതായി ആർസിഎംപി പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. വെടിവയ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വീട്ടിൽ നിന്ന് രണ്ടുപേലെ മരിച്ച നിലയിൽ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

അക്രമി സ്കൂളിനുള്ളിൽ സ്വയം വെടിവച്ച് മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നിസാര പരിക്കേറ്റവരെ പ്രദേശത്തുള്ള മെഡിക്കൽ സെന്ററുകളിലും പ്രവേശിപ്പിച്ചു. സ്കൂളിനുള്ളിൽ കുടുങ്ങിപ്പോയ മറ്റ് കുട്ടികളെയും അദ്ധ്യാപകരെയും സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ആക്രമണത്തിന്റെ യഥാർത്ഥ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഭവത്തെത്തുടർന്ന് പ്രവിശ്യയിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്തെ വിദ്യാലയങ്ങൾ അടിയന്തരമായി അടച്ചുപൂട്ടുകയും പൊലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തു. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ വെടിവയ്‌പുകളിൽ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഏകദേശം 2400 പേരുള്ള ടംബ്ലർ റിഡ്‌ജ് പട്ടണത്തിലാണ് ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏഴുമുതൽ 12 വരെ ഗ്രേഡുകളാണ് ഇവിടെയുള്ളത്. നിലവിൽ സ്കൂളിൽ 175 വിദ്യാർത്ഥികളുണ്ടെന്നാണ് ഔദ്യോഗിക വിവരം.

TAGS: CASE DIARY, CANADA, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY