SignIn
Kerala Kaumudi Online
Saturday, 20 April 2024 8.00 AM IST

കൊളീജിയം സംവിധാനം വേണോ വേണ്ടയോ?

photo

ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളാണ് നിയമനിർമ്മാണ സഭകളും നീതിന്യായ കോടതികളും ഉദ്യോഗസ്ഥ സംവിധാനവും. ഓരോന്നിന്റെയും കർത്തവ്യങ്ങൾ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ ചില സന്ദർഭങ്ങളിൽ അധികാരത്തിന്റെ അതിരുകൾ ലംഘിക്കപ്പെടാറുണ്ട്. ഇന്ത്യയെപ്പോലെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് അത് സ്വാഭാവികമാണ്. ഭരണഘടന നിയമനിർമ്മാണത്തിന്റെ ഉത്തരവാദിത്വം പൂർണമായും ഏല്പിച്ചിരിക്കുന്നത് ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ അടങ്ങിയ പാർലമെന്റിനെയും സംസ്ഥാന നിയമസഭകളെയുമാണ്. ഒരു കോടതിക്കും സ്വന്തം നിലയിൽ നിയമം നിർമ്മിക്കാൻ അവകാശമില്ല. ജനപ്രതിനിധിസഭകൾ നിർമ്മിക്കുന്ന നിയമങ്ങൾക്കനുസരിച്ച് ഭരണസംവിധാനം മുന്നോട്ടുകൊണ്ടുപോയി ഇതെല്ലാം നടപ്പിൽവരുത്തേണ്ട ചുമതല ബ്യൂറോക്രസിക്കാണ്. അതേസമയം ജനപ്രതിനിധി സഭകൾ പാസാക്കുന്ന നിയമങ്ങൾ ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെങ്കിൽ അത് റദ്ദാക്കാനുള്ള അവകാശം നീതിന്യായ സംവിധാനത്തിൽ നിക്ഷിപ്തമാണ്.

1950 മുതൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ വരെ സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരെ നിയമിച്ചിരുന്നത് കൊളീജിയത്തിലൂടെ ആയിരുന്നില്ല. ജസ്റ്റിസ് പി.എൻ. ഭഗവതി, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ തുടങ്ങിയ പ്രഗത്ഭരായ ന്യായാധിപന്മാർ കൊളീജിയം നിലവിലുണ്ടായിരുന്നെങ്കിൽ ഒരിക്കലും സുപ്രീംകോടതിയിൽ എത്തില്ലായിരുന്നു. ഏതാനും വർഷങ്ങൾ മാത്രം ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്ന കൃഷ്ണയ്യർ പിന്നീട് ലാ കമ്മിഷൻ അംഗമാവുകയും അദ്ദേഹത്തിന്റെ പ്രവർത്തനം കേന്ദ്ര നിയമമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. ഇതാണ് അദ്ദേഹത്തിന് സുപ്രീംകോടതിയിലേക്കുള്ള വഴിയൊരുക്കിയത്. പക്ഷേ ഇപ്പോൾ നിലനിൽക്കുന്ന കൊളീജിയം സംവിധാനത്തിൽ മികവിന്റെ അടിസ്ഥാനത്തിൽ ജൂനിയർ ജഡ്ജിയെ സുപ്രീംകോടതിലെ ജഡ്‌ജിയായി ശുപാർശ ചെയ്യാറില്ല. സീനിയോറിറ്റിക്കാണ് അവർ കൂടുതൽ ഉൗന്നൽ നൽകുന്നത്. രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന കൊളീജിയം സംവിധാനം പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ഉള്ളതല്ല. പക്ഷേ മറ്റൊന്ന് വരുന്നതുവരെ അതിനെ മാനിച്ചേ മതിയാവൂ. അതിനുപകരം കൊളീജിയത്തിന്റെ ശുപാർശകൾ വച്ചുതാമസിപ്പിക്കുകയും തിരിച്ചയയ്ക്കുകയും ചെയ്ത് രാഷ്ട്രീയക്കാരുടെ സ്ഥിരം കളി കളിക്കുന്നത് നല്ലതല്ല. കൊളീജിയം സംവിധാനത്തെ വിമർശിച്ച് ഉപരാഷ്ട്രപതിയും കേന്ദ്ര നിയമമന്ത്രിയും പൊതുവേദികളിൽ സംസാരിച്ചിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ടവർ നീതിന്യായ സംവിധാനത്തെ നിരന്തരം വിമർശിക്കുന്നത് നീതിന്യായ സംവിധാനത്തിന്റെ വില കുറയ്ക്കുന്ന നടപടിയാണ്.

2015-ൽ പാർലമെന്റ് കൊണ്ടുവന്ന നാഷണൽ ജുഡിഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. അപാകതകൾനീക്കി അതേ സംവിധാനം വീണ്ടും കൊണ്ടുവരാൻ പാർലമെന്റിനാണ് അധികാരമുള്ളത്. അതിന് തയ്യാറാകാതെ വർഷങ്ങൾ പാഴാക്കിയിട്ട് സുപ്രീംകോടതിയെ നിരന്തരം വിമർശിക്കുന്നത് ജനാധിപത്യത്തിന്റെ സംശുദ്ധിക്ക് ചേർന്നതല്ല. ഇപ്പോൾ നിലനിൽക്കുന്ന കൊളീജിയം സംവിധാനം രാഷ്ട്രീയക്കാർ വിമർശിക്കുന്നതുപോലെ അത്ര മോശപ്പെട്ടതുമല്ല. രാഷ്ട്രീയക്കാർ നിരന്തരം ഇടപെടുന്ന പല സംവിധാനങ്ങളും ഫലത്തിൽ ജനവിരുദ്ധമായി മാറുന്നത് നമ്മുടെ അനുഭവമാണ്. പൊലീസ് സേനയുടെ പ്രവർത്തനം ഉദാഹരണം. അമിതമായ

രാഷ്ട്രീയ ഇടപെടൽ സേനയുടെ നിലവാരം കുറയ്ക്കാനല്ലാതെ കൂട്ടാൻ ഒരിക്കലും ഇടയാക്കിയിട്ടില്ല.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നവരല്ല ജഡ്ജിമാരെങ്കിലും അവർക്ക് ജനങ്ങളോടുള്ള ആത്മാർത്ഥതയെയും സ്വതന്ത്ര‌മായ സമീപനത്തെയും ചോദ്യം ചെയ്യുന്നത് നല്ലതല്ല. അതിനാൽ ചില കുറവുകളുണ്ടെങ്കിലും നിലനിൽക്കുന്നിടത്തോളം കൊളീജിയം സംവിധാനം തന്നെയാണ് നല്ലത്. അതിൽ മാറ്റം വരുത്തണമെങ്കിൽ അതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ അധികാരപ്പെട്ട ലെജിസ്ളേച്ചർ ശ്രമിക്കുകയാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREME COURT COLLEGIUM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.