സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴുമാസത്തിന് ശേഷം, 1948 മാർച്ച് 10ന് മദ്രാസിലെ രാജാജി ഹാളിൽ രാജ്യത്തെ പ്രധാന മുസ്‌ലിം നേതാക്കൾ ഒരു അസാധാരണ യോഗം ചേർന്നു. മുസ്‌ലിങ്ങൾക്ക് പ്രത്യേക രാജ്യമെന്ന വാദവുമായി മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ രൂപീകരിക്കുകയും വിഭജനത്തിന്റെ അശാന്തിയിൽ സാമൂഹികാന്തരീക്ഷം തിളച്ചുമറിയുകയും ചെയ്ത കാലം കൂടിയാണത്. വിഭജനാന്തരം ദുർബലമായ അഖിലേന്ത്യ മുസ്‌ലിം ലീഗിനെ മറ്റൊരു രൂപത്തിൽ ഉയർത്തെഴുന്നേൽപ്പിക്കുകയായിരുന്നു രാജാജി ഹാളിലെ യോഗത്തിന്റെ മുഖ്യ അജൻഡ. രാജ്യത്തിന്റെ വിഭജനത്തിലേക്ക് വഴിവെച്ച പ്രസ്ഥാനമെന്ന പഴി നിരന്തരം കേൾക്കുന്നതിനിടെ വീണ്ടും മുസ്‌ലിം ലീഗിനെ പുനരുജ്ജീവിപ്പിക്കുക എന്നത് അക്കാലത്തെ വലിയ സാഹസമായിരുന്നു.
1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവർണേഴ്സ് ബംഗ്ലാവിൽ മദ്രാസ് മുസ്‌ലിം ലീഗ് പ്രസിഡന്റായിരുന്ന എം.മുഹമ്മദ് ഇസ്‌മാഈൽ സാഹിബിനെ കാണാൻ അവസാന ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭുവെത്തി. മുസ്‌ലിം ലീഗിനെ പുനരുജ്ജീവിപ്പിക്കാൻ മുൻകൈയെടുത്തത് എം.മുഹമ്മദ് ഇസ്‌മാഈൽ സാഹിബായിരുന്നു. പ്രധാനമന്ത്രി നെഹ്റുവിന്റെ ദൂതുമായായിരുന്നു മൗണ്ട് ബാറ്റന്റെ വരവ്. ഇന്ത്യൻ മുസ്‌ലിങ്ങൾക്കായി പുതിയ പാർട്ടി രൂപീകരിക്കരുത് എന്നായിരുന്നു ഉപദേശം. ഇതുകേട്ട മുഹമ്മദ് ഇസ്‌മാഈൽ സാഹിബ് പറഞ്ഞ വാക്കുകളിലാണ് ഇന്നും മുസ്‌ലിം ലീഗ് നേതൃത്വവും അണികളും ആവേശം കൊള്ളുന്നത്. 'എനിക്കതിന് കഴിയില്ല. ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് സ്വന്തമായൊരു സംഘടന വേണമെന്ന് അവരാഗ്രഹിക്കുന്ന കാലത്തോളം അത് സംഭവിക്കുക തന്നെ ചെയ്യും.' അത് സംഭവിക്കുക തന്നെ ചെയ്തു. ഉറച്ച വാക്കുകളുടെ കോണിയേറി ഇന്ന് മുസ്‌ലിം ലീഗ് എഴുപത്തഞ്ചിന്റെ നിറവിലാണ്.
സംഭവബഹുലമായി ചരിത്രത്തെ മദ്രാസിൽ നിന്നും പാണക്കാട്ടേക്ക് ചുരുക്കിയ കാഴ്ചയാണ് പിന്നീട് കണ്ടത്. ബംഗാളിലും തമിഴ്നാട്ടിലും വിത്തിട്ട മുസ്‌ലിം ലീഗ് പടന്നുപന്തലിച്ചത് കേരളത്തിലാണ്. പ്രത്യേകിച്ചും മലബാറിൽ. രാജ്യത്തെ മുസ്‌ലിങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ നിലവാരം ഉയർത്തുകയെന്ന വലിയ ലക്ഷ്യം 75ന്റെ നിറവിലും മുസ്‌ലിം ലീഗിന് എത്രമാത്രം നിറവേറ്റാനായി എന്നത് ചോദ്യചിഹ്നമാണ്. മദ്രാസിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് വളരാൻ വിത്തുകൾ പാകിയ പാർട്ടിയെ പാണക്കാട്ടെ മണ്ണിലേക്ക് ചുരുക്കിയതിന്റെ ഉത്തരവാദികൾ ആരെന്ന ചോദ്യം ഏറെ വാദപ്രതിപാദങ്ങളുടേതുമാണ്.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ബാഫഖി തങ്ങളുടെ നിര്യാണത്തിന് പിന്നാലെ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളിലേക്ക് അധികാരത്തിന്റെ കോണി എത്തിക്കുന്നതിൽ സി.എച്ച്.മുഹമ്മദ്കോയ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിലേക്ക് കൂടി ഈ ചോദ്യത്തിന്റെ മുന നീട്ടുന്നുണ്ട് ചരിത്രകാരന്മാർ. രാജ്യത്ത് കാര്യമായ ചലനമുണ്ടാക്കാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തിൽ ന്യൂനപക്ഷ സമുദായത്തിനിടയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലീഗിന് കഴിഞ്ഞിട്ടുണ്ടെന്നത് പ്രതിയോഗികളും സമ്മതിക്കുന്നതാണ്. പാണക്കാട് പാർട്ടിയായെന്ന ആക്ഷേപങ്ങൾക്കിടയിലും പാണക്കാട്ടെ തങ്ങൾമാരുടെ നേതൃത്വത്തിന്റെ പക്വതയാർന്ന മതേതര നിലപാടുകൾ അശാന്തിയുടെ വിത്ത് മുളപ്പിക്കാൻ ഇറങ്ങി പുറപ്പെട്ട ചില ന്യൂനപക്ഷ സംഘടനകൾക്ക് മുന്നിൽ കൊടുംവേനലായി മാറിയതിന്റെ ഉദാഹരണങ്ങൾ ഏറെയുണ്ട്.
ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ രാജ്യത്തെങ്ങും പ്രതിഷേധങ്ങളുടെ രൂപം മാറിയപ്പോൾ കേരളം ശാന്തമായിരുന്നു. കേരളത്തിലെ ഒരുക്ഷേത്രത്തിന്റെ ഓട് പോലും പൊട്ടാതിരിക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കാവൽനിൽക്കണമെന്ന മുസ്‌ലിം ലീഗിനെ മൂന്നര പതിറ്റാണ്ടിലധികം നയിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിലപാട് ഇന്നും മതേതര കേരളം നന്ദിയോടെ സ്മരിക്കുന്നുണ്ട്. സമുദായ പാർട്ടിയായിരിക്കുമ്പോഴും മതേരത നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോവണമെന്ന നിലപാടാണ് മുസ്‌ലിം ലീഗിന് പൊതുസമൂഹത്തിൽ സ്വീകാര്യതയേകുന്നത്. സംസ്ഥാന അദ്ധ്യക്ഷരായിരുന്ന പി.എം.എസ്.എ പൂക്കോയ തങ്ങൾ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ തെളിച്ച പാതയിലൂടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇപ്പോൾ മുസ്‌ലിം ലീഗിനെ മുന്നോട്ടുനയിക്കുന്നത്.
ബാഫഖി തങ്ങൾ നയിച്ച പാതയിലൂടെ
സംസ്ഥാന മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട നേതാവാണ് കൊയിലാണ്ടി സ്വദേശിയായ അബ്ദുറഹിമാൻ ബാഫഖി തങ്ങൾ. മുസ്‌ലിം ലീഗിന്റെ ദേശീയ, സംസ്ഥാന പ്രസിഡന്റ് പദവികൾ അലങ്കരിച്ച ഏക വ്യക്തി. കോഴിക്കോട് സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റായും പിന്നീട് മലബാർ ജില്ലാ ലീഗ് പ്രസിഡന്റായും കേരളപ്പിറവിക്ക് ശേഷം സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റായും ഏറ്റവുമൊടുവിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചു. രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുമ്പോഴും മതേരത, ബഹുസ്വര സമൂഹത്തിന്റെ പ്രത്യേകതകൾ കൂടി പരിഗണിക്കണമെന്ന ബാഫഖി തങ്ങളുടെ നിലപാടാണ് ലീഗിന് ഇന്നും പ്രചോദനമേകുന്നത്. സംസ്ഥാന മുസ്‌ലിം ലീഗ് കണ്ട ഏറ്റവും മികച്ച നേതാവും തന്ത്രജ്ഞനുമായിരുന്നു ബാഫഖി തങ്ങൾ. അധികാരത്തിന്റെ കേന്ദ്രങ്ങളിൽ നിന്ന് അകറ്റിയ മുസ്‌ലിം ലീഗിനെ അധികാരം കൈയ്യാളുന്ന നിർണ്ണായക ശക്തിയായി വളർത്തിയതും ബാഫഖി തങ്ങളാണ്.
1952ൽ നടന്ന പ്രഥമ പൊതുതിരഞ്ഞെടുപ്പിൽ സാഹചര്യം തികച്ചും പ്രതികൂലമായിരുന്നിട്ടും മുസ്‌ലിം ലീഗ് ഏതാനും സീറ്റുകളിൽ മത്സരിച്ചത് ബാഫഖി തങ്ങളുടെ നേതൃപാടവം കൊണ്ടാണ്. എണ്ണപ്പെട്ട നിയോജക മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെയും മറ്റിടങ്ങളിൽ കക്ഷിരഹിതരെ പിന്തുണയ്ക്കുകയെന്ന നയമാണ് ബാഫഖി തങ്ങൾ സ്വീകരിച്ചത്. ഭരണം കൈയാളുന്ന കോൺഗ്രസിനെ പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. ലീഗ് എട്ട് നിലയിൽ പൊട്ടുമെന്ന് പ്രവചിച്ചവർ ഫലം പുറത്തുവന്നപ്പോൾ ഞെട്ടി. ലീഗിന്റെ ഒരു എം.പിയും അഞ്ച് എം.എൽ.എമാരും മലബാറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു, മദിരാശി അസംബ്ലിയിൽ ഒറ്റക്ക് ഭൂരിപക്ഷമില്ലാതെ വന്നതോടെ ലീഗിന്റെ പിന്തുണ കോൺഗ്രസ് തേടി. ലീഗിനെ അവഗണിച്ച കോൺഗ്രസിനെ പരിഗണിച്ച് മധുര പ്രതികാരം ചെയ്യാനായിരുന്നു ബാഫഖി തങ്ങളുടെ തീരുമാനം.
1960ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.എസ്.പി - മുസ്‌ലിം ലീഗ്- കോൺഗ്രസ് മുക്കൂട്ട് മുന്നണി 94 സീറ്റ് നേടി. മത്സരിച്ച 12 സീറ്റുകളിൽ പതിനൊന്നിലും മുസ്‌ലിം ലീഗ് വിജയിച്ചു. നേരത്തെ 43 സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസിന് 63 സീറ്റ് കിട്ടി. മുസ്‌ലിം ലീഗിന്റെ സാന്നിദ്ധ്യം മുക്കൂട്ട് മുന്നണിയുടെ വിജയത്തിന് മാറ്റ് കൂട്ടി. സാമുദായിക കക്ഷിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്ന നിലപാടിൽ മന്ത്രിസഭയിലേക്ക് ലീഗിനെ കൂട്ടാൻ കോൺഗ്രസ് ഹൈക്കമാന്റ് തയ്യാറായില്ല. പകരം സ്പീക്കർ പദവി നൽകി. സ്പീക്കറായ കെ.എം.സീതിയുടെ മരണത്തോടെ ഈ പദവി കോൺഗ്രസ് തന്നെ തിരിച്ചെടുത്തു. ലീഗിന് സ്പീക്കർ പദവി വീണ്ടും നൽകുന്നതിൽ കെ.പി.സി.സി നേതൃത്വം ഉടക്കിട്ടു. ലീഗ് അംഗത്വം രാജിവച്ച് വരുന്നയാളെ സ്പീക്കറാക്കാമെന്ന കോൺഗ്രസിന്റെ നിലപാടിൽ സി.എച്ച്.മുഹമ്മദ് കോയ ലീഗിന്റെ പ്രാഥമികാംഗത്വം രാജിവച്ച് സ്പീക്കറായി. തങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടെന്ന വികാരമായിരുന്നു മുസ്‌ലിം ലീഗ് പ്രവർത്തകർക്ക്. എന്നാൽ ജനാധിപത്യ സംരക്ഷണവും ഉറച്ച ഭരണവും സുസാദ്ധ്യമാക്കുന്നതിനാണ് ലീഗ് വിട്ടുവീഴ്ച ചെയ്തതെന്ന് ബാഫഖി തങ്ങൾ നിലപാടെടുത്തു.
തളരാത്ത ലീഗ്
1962ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ചോദിച്ച ലീഗിന് കോൺഗ്രസ് ഒരുസീറ്റും നൽകിയില്ല. ബാഫഖി തങ്ങളും എം.മുഹമ്മദ് ഇസ്മാഈൽ സാഹിബും സന്നിഹിതരായ ലീഗ് നേതൃയോഗം ത്രികക്ഷി സഖ്യം അവസാനിപ്പിക്കാനും സ്പീക്കർ സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു. തുടർന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. കോഴിക്കോട്, മഞ്ചേരി, പൊന്നാനി സീറ്റുകളിൽ ലീഗ് തനിച്ച് മത്സരിച്ചു. വടകര, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉൾപ്പടെ നാല് സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്തു. സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ലീഗിന്റെ പാർലമെന്റ് സീറ്റ് ഒന്നിൽ നിന്ന് രണ്ടായി ഉയർന്നു. ലീഗ് പിന്തുണച്ച രണ്ട് സ്വതന്ത്രർ വടകരയിലും തലശ്ശേരിയിലും വിജയിച്ചു. കൂടെ നിന്ന് കോൺഗ്രസ് വഞ്ചിച്ചെന്ന വികാരമായിരുന്നു ലീഗ് നേതൃത്വത്തിന്. 1965ൽ സി.പി.എമ്മുമായി നീക്കുപോക്കുകളുണ്ടാക്കി. കോൺഗ്രസിന്റെ സീറ്റ് 63ൽ നിന്ന് 35 ആയി ചുരുങ്ങി. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേർന്നില്ല. 1967 സി.പി.എമ്മുമായി സഖ്യത്തിലേർപ്പെട്ട് മത്സരിച്ചപ്പോൾ മുന്നണിക്ക് 117 സീറ്റ് കിട്ടി. മത്സരിച്ച 15ൽ 14 സീറ്റിലും ലീഗ് വിജയിച്ചു. മികച്ച വിജയം നേടിയ ലീഗിന് ഇ.എം.എസ് മന്ത്രിസഭയിൽ രണ്ട് മന്ത്രി സ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കർ പദവിയും കിട്ടി. കോൺഗ്രസ് ഒമ്പത് സീറ്റിൽ ഒതുങ്ങി. ലീഗിന്റെ കരുത്ത് കോൺഗ്രസ് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. 1969ൽ സി.പി.ഐ നേതാവ് സി.അച്യുതമേനോന്റെ നേതൃത്വത്തിൽ മന്ത്രിസഭ നിലവിൽ വരുന്നതിലും ലീഗ് വലിയ പങ്കുവഹിച്ചു. 1970ലെ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിലും നിർണായക പങ്ക് ലീഗ് വഹിച്ചു. 1967 മുതൽ 1987 വരെയുള്ള കാലയളവിൽ വിവിധ മന്ത്രിസഭകളിൽ ലീഗ് ഭാഗവാക്കായി. ഇതിനിടയിൽ നായനാർ സർക്കാർ വന്ന ഒരുവർഷക്കാലം മാത്രമാണ് അധികാരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. അന്നത്തെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ ഏത് പാർട്ടി ഭരിച്ചാലും മന്ത്രിസഭയിൽ ലീഗ് ഉണ്ടാവുമെന്ന അവസ്ഥ. കാലം മുന്നോട്ടുനീങ്ങിപ്പോൾ ലീഗ് വീണ്ടും യു.ഡി.എഫിലെത്തി. 1991ൽ ലീഗ് യു.ഡി.എഫ് വിട്ടെങ്കിലും മറ്റൊരു മുന്നണിയിലേക്കും പോയില്ല. ഏതാനും മാസങ്ങൾക്ക് ശേഷം ലീഗ് യു.ഡി.എഫിൽ തിരിച്ചെത്തി. അഞ്ച് വർഷത്തിനപ്പുറം അധികാരത്തിന് പുറത്ത് ലീഗ് നിന്നിട്ടില്ല. ഇപ്പോൾ തുടർച്ചയായി രണ്ട് തവണ അധികാരത്തിൽ നിന്ന് പുറത്തുനിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |