SignIn
Kerala Kaumudi Online
Sunday, 31 August 2025 10.04 PM IST

പാകിസ്ഥാനെ വിഴുങ്ങുന്ന പ്രതിസന്ധികൾ

Increase Font Size Decrease Font Size Print Page

photo

പാകിസ്ഥാനിലെ സാമൂഹികസ്ഥിതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കഴിഞ്ഞവർഷം രാജ്യത്തെ തകർത്തുകളഞ്ഞ പ്രളയത്തിലൂടെയും രൂക്ഷമാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. പുതുവർഷം രാജ്യത്തിന് പ്രതീക്ഷകളൊന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നത് ജനങ്ങൾക്ക് അമർഷത്തിനും സമരങ്ങൾക്കും കാരണമായില്ലെങ്കിലേ അത്ഭുതമുള്ളൂ. രാജ്യത്തെ പലപ്രദേശങ്ങളിലും ഗോതമ്പ് ഉത്‌പന്നങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും നേരിടുന്ന കടുത്ത ക്ഷാമവും വിലക്കയറ്റവും, അതിനെതുടർന്നുള്ള ജനങ്ങളുടെ പരക്കംപാച്ചിലിലും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. ശ്രീലങ്ക കഴിഞ്ഞവർഷം കടന്നുപോയതിനു സമാനമായ സ്ഥിതി രൂപപ്പെട്ടുവരുന്നു എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

ഇതിനിടയിൽ ഇക്കഴിഞ്ഞ ദിവസം പാക്കിസ്ഥാനു വേണ്ടി ജനീവയിൽ വച്ച് നടന്ന അന്താരാഷ്ട്രസമ്മേളനത്തിന് പല മാദ്ധ്യമങ്ങളും വാർത്താ പ്രാധാന്യം നൽകാതെ പോയത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. കാലാവസ്ഥാ മാറ്റം കൊണ്ട് പ്രളയം തകർത്ത പാകിസ്ഥാനിലെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും പിന്തുണയും വേണമെന്ന ആഹ്വാനത്തോടെയാണ് സമ്മേളനം സമാപിച്ചത്. യു.എൻ സെക്രട്ടറി ജനറൽ ഉൾപ്പടെ വലിയൊരുനിര നേതാക്കൾ സമ്മേളനത്തിനെത്തുകയും പാകിസ്ഥാന് സഹായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. സമ്പദ് വ്യവസ്ഥ പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് നീങ്ങുമ്പോഴാണ് 2022ൽ പ്രളയം പാകിസ്ഥാനെ തകർത്തത്. 1700 ഓളം പേരുടെ ജീവനെടുക്കുകയും 80 ദശലക്ഷം പേരെ സ്വന്തം കിടപ്പാടം നഷ്‌ടപ്പെട്ടവരാക്കുകയും ചെയ്ത പ്രളയത്തിന്റെ നഷ്ടം മൂന്ന് ബില്യൺ ഡോളർ ആണെന്നാണ് പാകിസ്ഥാനിലെ വിദഗ്ദ്ധർ പറയുന്നത്. മൊത്തം സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ നാലിരട്ടിയോളം ആഘാതമുണ്ടാക്കുകയും ചെയ്തു.

2019ൽ ഐ.എം.എഫുമായി പാകിസ്ഥാൻ ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നു. ഏഴ് ബില്യൺ ഡോളർ വരെയുള്ള സഹായം ഇതിന്റെ ഭാഗമായിരുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും വിദേശകടവും കൊണ്ട് പൊറുതിമുട്ടിയ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരണമെങ്കിൽ തെറ്റായ സാമ്പത്തികനയങ്ങൾ തിരുത്തേണ്ടി വരുമെന്നും, നിർണായക മേഖലകളിൽ കടുത്ത പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും ഐ.എം.എഫ് നിർദേശിച്ചിരുന്നു. എന്നാൽ പ്രളയം എല്ലാ പ്രതീക്ഷകളെയും തകർത്തു. ഐ.എം.എഫിന്റെ കല്‌പനകൾ അനുസരിക്കാത്ത പാക്കിസ്ഥാന് തുടർന്ന് സഹായം നൽകാൻ വിസമ്മതിച്ചു. ഇന്ധനവില ഉയർത്താനും നികുതി വർദ്ധിപ്പിക്കാനും മറ്റുമുള്ള നിർദേശങ്ങൾ നടപ്പാക്കാൻ പ്രളയത്തിൽ മുങ്ങിയ പാകിസ്ഥാനു കഴിയുമായിരുന്നില്ല. പ്രതിസന്ധികളിൽ ഇരതേടുന്ന ഐ.എം.എഫിനുണ്ടോ ഇതിനെയെല്ലാം ഉൾക്കൊള്ളാനുള്ള സന്മനസ്സ്? അങ്ങനെയായിരുന്നെങ്കിൽ ലോകത്തിലെ എത്രയോ പട്ടിണി രാജ്യങ്ങൾ കരകയറുമായിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകൾ കൊണ്ടുതന്നെ പാകിസ്ഥാന്റെ വിദേശ കരുതൽശേഖരം ആറ് ബില്യൺ ഡോളറിന്റെ താഴേക്ക് വന്നു. ഡിസംബറിൽ ഇത് 5.5 ബില്യൺ ഡോളറായി ഇടിഞ്ഞു. ശ്രീലങ്കയിൽ രൂക്ഷമായ സ്ഥിതിവിശേഷം ഇതുപോലുള്ള സാഹചര്യത്തിലാണ് ഉണ്ടായത്. പാകിസ്ഥാന് ഇപ്പോൾ മൂന്നാഴ്ചക്കാലത്തെ ഇറക്കുമതിക്ക് ആവശ്യമായ പണമേ കരുതൽശേഖരത്തിൽ ഉള്ളൂ. വിദേശകടത്തിന്റെ തിരിച്ചടവ്, അത്യാവശ്യ മരുന്നുകളുടേയും ഭക്ഷ്യവസ്തുക്കളുടേയും ഇറക്കുമതി തുടങ്ങിയവയെല്ലാം അവതാളത്തിലാകാൻ പോകുന്നു എന്നാണ് കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 30 വർഷക്കാലത്തെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ കടന്നുപോകുന്നത്. അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ രാജ്യം കൊടുത്തുതീർക്കേണ്ട വിദേശകടബാദ്ധ്യത എട്ട് ബില്യൺ ഡോളറിന്‌ മേലെയാണ്. ഈ സന്ദർഭത്തിലാണ് പാകിസ്ഥാൻ വിദേശരാജ്യങ്ങളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും ആശ്രയിക്കാൻ തീരുമാനിച്ചത്. ഏറ്റവും അടുത്ത് കിടക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലേക്കാണ് ആദ്യം ഭരണാധികാരികൾ തിരിഞ്ഞത്. സൗദി അറേബ്യയോട് പാകിസ്ഥാൻ മൂന്ന് ബില്യൺ ഡോളറിന്റെ സഹായമാണ് അഭ്യർത്ഥിച്ചത്.

ജനുവരി ഒൻപതിന് ജനീവയിൽ നടന്ന അന്താരാഷ്ട്രസമ്മേളനം യു.എൻ സെക്രട്ടറി ജനറലുമായി ചേർന്നാണ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഐ.എം.എഫ് പ്രതിനിധികളെ വരെ ഇക്കാര്യത്തിൽ വിശ്വാസത്തിലെടുത്തു. ചുരുക്കത്തിൽ നാല്പതിലേറെ രാജ്യങ്ങളിൽ നിന്നായി ഒൻപത് ബില്യൺ ഡോളർ സഹായവാഗ്ദാനം കിട്ടിയതായി പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ ഒരു ബില്യൺ ഡോളറും അമേരിക്ക 100 മില്യൺഡോളറും ഫ്രാൻസ് 345 മില്യൺ ഡോളറും ചൈന 100 മില്യൺ ഡോളറും ജപ്പാൻ 77 മില്യൺ ഡോളറും ജർമനി 88 മില്യൺ ഡോളറും യൂറോപ്യൻ യൂണിയൻ 93 മില്യൺ ഡോളറും ലോകബാങ്ക് രണ്ട് ബില്യൺ ഡോളറും സഹായം വാഗ്ദാനം ചെയ്തു. കൂടാതെ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് തുടങ്ങിയവയും സഹായം വാഗ്ദാനം ചെയ്തു.

സമ്മേളനത്തിൽ യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞത് പാകിസ്ഥാൻ കാലാവസ്ഥാ ദുരന്തത്തിന്റേയും ധാർമ്മികത നഷ്ടപ്പെട്ട ആഗോള സാമ്പത്തിക വ്യവസ്ഥിതിയുടേയും ഇരയാണെന്നാണ്. വാസ്തവത്തിൽ പാകിസ്ഥാനിലെ സാധാരണ പൗരന്മാർ ഇരകളാകുന്നത് മറ്റൊരു ദുരന്തം കൂടി അവരെ വിടാതെ പിന്തുടരുന്നത് കൊണ്ടാണ്. അത് സ്വന്തം ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അഴിമതിയും തെറ്റായ സാമ്പത്തികനയങ്ങളുമാണ്. രാജ്യത്തെ അതിസമ്പന്നർക്ക് പ്രോത്സാഹനം നൽകുന്ന നടപടികളിലൂടെ ഭരണനേതൃത്വം ജനങ്ങളെ വെറും വിഡ്ഢികളാക്കി. രാജ്യത്തിന്റെ പണപ്പെരുപ്പം 25 മുതൽ 30 ശതമാനം വരെ എത്തി. അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ വില 55 മുതൽ 60 ശതമാനം വരെ ഉയർന്നു. ഉള്ളി,ഗോതമ്പ് തുടങ്ങിയവയുടെ വിലയും അസാധാരണമായി വർദ്ധിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമായി. മഹാമാരിയും യുക്രെയിൻ യുദ്ധവും ഒരുഭാഗത്ത് സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ചപ്പോൾ മറുഭാഗത്ത് വർഷങ്ങളായി മാറിവന്ന ഭരണാധികാരികൾ പിന്തുടർന്ന ജനവിരുദ്ധനയങ്ങൾ പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കി.
ഇമ്രാൻ ഖാന്റെ 'നയാപാക്കിസ്ഥാൻ' വലിയ പരാജയമായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ഷഹബാസ് ഷരീഫ് കൂടുതൽ വെല്ലുവിളികൾ നേരിടുകയാണ്. ഒരു ഭാഗത്തു പാകിസ്ഥാൻ താലിബാൻ ഉയർത്തുന്ന തീവ്രവാദ ഭീഷണികൾ രാജ്യത്തെ കടുത്ത അരാജകത്വത്തിലേക്ക് നയിച്ചു (2022ൽ മാത്രം നൂറിലേറെ ആക്രമണങ്ങളാണ് അവർ അഴിച്ചുവിട്ടത്). മറുഭാഗത്തു പ്രളയവും സാമ്പത്തിക പ്രതിസന്ധിയും. പാകിസ്ഥാൻ ഇനി ശ്രീലങ്കയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമോ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്.

(ലേഖകൻ ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് സീനിയർ ഫെല്ലോയും എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറുമാണ്)

TAGS: ECONOMIC CRISIS IN PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.