SignIn
Kerala Kaumudi Online
Thursday, 19 September 2024 1.37 AM IST

ത്രിപുര മത്സരം ; തിപ്രമോതയിൽ കണ്ണുവച്ച്

Increase Font Size Decrease Font Size Print Page

thripura

ത്രിപുരയിൽ 16 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി - സി.പി.എം മുന്നണികൾ ഏറ്റുമുട്ടുമ്പോൾ എല്ലാവരുടെയും കണ്ണുകൾ പുതിയ ഗിരിവർഗ പാർട്ടിയായ തിപ്രമോതയിലാണ്. ത്രിപുരയിലെ 40 ലക്ഷം വരുന്ന ജനസംഖ്യയിൽ മൂന്നിലൊന്നുള്ള തദ്ദേശീയ ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന തിപ്രമോത തങ്ങളുടെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റിലാണ് മത്സരിക്കുന്നത്. ഗോത്രവിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള 20 സീറ്റുകളിലേക്കാണ് ഇരുമുന്നണികളും ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് തൂക്കുസഭയുണ്ടാകുമെന്നും വിലപേശൽ ശക്തിയായി രംഗത്ത് വരാനാകുമെന്നുമാണ് തിപ്രമോതയുടെ വിശ്വാസം. ബംഗാളിനപ്പുറത്തേക്ക് വളരാൻ തൃണമൂൽ കോൺഗ്രസും രംഗത്തുണ്ട്. 60 സീറ്റിൽ 22 എണ്ണത്തിലാണ് അവരുടെ പോരാട്ടം.

ഭരണകക്ഷി

നേരിടുന്ന വെല്ലുവിളി

ഭരണകക്ഷിയായ ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളി സി.പി.എം - കോൺഗ്രസ് സഖ്യം തന്നെയാണ്. 2018 ൽ ആദ്യമായി അധികാരത്തിൽവന്ന ബി.ജെ.പി മുന്നണിയും ഇടതുമുന്നണിയും തമ്മിലുള്ള വോട്ടുവ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. ആ തിരഞ്ഞെടുപ്പിൽ യഥാക്രമം 42.22, 7.5 ശതമാനം വോട്ടുകൾ നേടിയ ഇടതുമുന്നണിയും കോൺഗ്രസും ഈ തിരഞ്ഞെടുപ്പിൽ ഒന്നിക്കുമ്പോൾ ബി.ജെ.പിക്ക് നെഞ്ചിടിക്കുന്നത് സ്വാഭാവികം. സഖ്യത്തിന്റെ പ്രത്യാഘാതങ്ങൾ തങ്ങൾക്ക് നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. വർഷങ്ങളോളം ത്രിപുര ഭരിച്ച സി.പി.എം സർക്കാരിന്റെ ഭരണകാലത്ത് ബി.ജെ.പി പ്രവർത്തകർ അനുഭവിച്ചതിന്റെ നൂറിരട്ടി പീഡനങ്ങൾ കോൺഗ്രസ് അനുഭവിച്ചതായും കോൺഗ്രസ് അണികൾ ഒരിക്കലും സി.പി.എം. സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യില്ലെന്നുമാണ് ബി.ജെ.പിയുടെ പ്രചാരണം. ഇതുറപ്പിക്കാൻ സി.പി.എം ഭരണകാലത്തെ ജംഗിൾരാജിനെ ഓർമ്മിപ്പിച്ചാണ് സംസ്ഥാന നേതാക്കൾ മുതൽ നരേന്ദ്രമോദി വരെയുള്ളവരുടെ പ്രചാരണം. ഇത് പ്രതിരോധിക്കാൻ അഞ്ചുവർഷത്തെ ബി.ജെ.പി ദുർഭരണത്തെക്കുറിച്ചാണ് സി.പി.എം പറയുന്നത്. പ്രചാരണം ശക്തിപ്പെടുത്താനാണ് സി.പി.എമ്മും കോൺഗ്രസും ഒരേവേദിയിൽ അണിനിരക്കുന്നത്.

തിപ്രമോതപാർട്ടിയാണ് ബി.ജെ.പിക്കുള്ള മറ്റൊരു ഭീഷണി. ഗോത്രവർഗ മേഖലകൾ കേന്ദ്രീകരിച്ച് ഗ്രേറ്റർ തിപ്രലാൻഡ് എന്ന ആവശ്യവുമായാണ് ഈ പാർട്ടി രൂപംകൊണ്ടത്. ഗോത്രവർഗത്തിന് സ്വാധീനമുള്ള 20 നിയമസഭാമണ്ഡലങ്ങളിൽ ഇവർ എത്ര നേടുമെന്നതാണ് ബി.ജെ.പിയുടെ ആശങ്ക. കഴിഞ്ഞവർഷം നടന്ന ത്രിപുര ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പിൽ തിപ്രമോത പാർട്ടി വൻവിജയം നേടിയിരുന്നു. 28 സീറ്റിൽ അവർ തനിച്ച് 18 സീറ്റുകളും സ്വന്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യകക്ഷിയും ഗോത്രവർഗ പാർട്ടിയുമായ ഐ.പി.എഫ്.ടി നിഷ്പ്രഭമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോത്രവർഗ മേഖലയിൽനിന്നും ചുരുങ്ങിയത് 12 സീറ്റുകളെങ്കിലും നേടിയാൽ തങ്ങൾക്ക് സംസ്ഥാനഭരണം നിയന്ത്രിക്കാനാകുമെന്നാണ് പാർട്ടി അദ്ധ്യക്ഷനും ത്രിപുര രാജകുടുംബാംഗവും പഴയ കോൺഗ്രസ് നേതാവുമായ പ്രദ്യോത് ദേബ് ബർമന്റെ വിശ്വാസം.

സി.പി.എമ്മിന്

ബലം പകർന്ന്

സുദീപ് റോയ് ബർമൻ

ഒരുകാലത്ത് സി.പി.എം ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ് സുദീപ് റോയ് ബർമൻ. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിനെ പിളർത്തി ബി.ജെ.പിയിൽചേർന്നു. ബി.ജെ.പിയുടെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് ബലംപകർന്ന നേതാവ്. ബിപ്ലവ് കുമാർ ദേബിന്റെ മന്ത്രിസഭയിലെ ആരോഗ്യ, പൊതുമരാമത്ത് മന്ത്രി. കഴിഞ്ഞവർഷം ബിപ്ലവ് കുമാർ ദേബിനെതിരെ പടനയിച്ച് മുഖ്യമന്ത്രിക്കസേര തെറിപ്പിച്ചു. പിന്നാലെ സുദീപ് റോയ് ബർമൻ എം.എൽ.എ സ്ഥാനം ഉൾപ്പെടെ രാജിവെച്ച് കോൺഗ്രസിലേക്ക് മടങ്ങി. പിന്നീട് ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. നിയമസഭയിലെ ഏക കോൺഗ്രസ് അംഗവുമായി . ബി.ജെ.പിക്കെതിരെ സംഘടിക്കാൻ ഭയന്നുനിന്ന സി.പി.എം, കോൺഗ്രസ് നേത്യത്വത്തിന് ആത്മബലം പകർന്ന് പരസ്യപ്രചാരണത്തിനിറങ്ങാൻ പ്രേരണയായത് കോൺഗ്രസിലേക്കുള്ള സുദീപ് റോയിയുടെ തിരിച്ചുവരവാണ്.

ബി.ജെ.പിയുടെ

ആത്മവിശ്വാസം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വൻവിജയവും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ നേട്ടവുമാണ് അവരുടെ ആത്മവിശ്വാസത്തിന്റെ രണ്ട് പ്രധാന കാരണങ്ങൾ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് വിജയിച്ചത്. അത് വെറും വിജയമായിരുന്നില്ല, സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയാണ് ലീഡ് ചെയ്തത്. ഒമ്പതിടങ്ങളിൽ കോൺഗ്രസും. ഒരു സ്ഥലത്ത് പോലും സി.പി.എം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾക്ക് ലീഡ് നേടാനായില്ല.

കഴിഞ്ഞവർഷം നവംബർ 25 ന് നടന്ന തദ്ദേശതിരഞ്ഞെടുപ്പും ബി.ജെ.പി തൂത്തുവാരി. ആകെയുള്ള 334 സീറ്റുകളിൽ 112 എണ്ണത്തിലും ബി.ജെ.പി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നടന്ന 222 സീറ്റുകളിൽ 217 സീറ്റുകളും ബി.ജെ.പി നേടി. സി.പി.എം മൂന്ന് സീറ്റുകളും തൃണമൂൽ കോൺഗ്രസ്, തിപ്രമോത പാർട്ടി എന്നിവ ഓരോ സീറ്റും നേടി.

ബി.ജെ.പിയുടെ വോട്ടുബാങ്കായ ബംഗാളി ഹിന്ദുക്കളിൽ കേന്ദ്രീകരിച്ചാണ് തൃണമൂൽ കോൺഗ്രസും പ്രചാരണം നടത്തുന്നത്. ഇതും ബി.ജെ.പിക്ക് ഭീഷണിയാണ്. ഇത്തവണ 22 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് 2018

ബി.ജെ.പി മുന്നണി - 43.59 ശതമാനം

ഇടത് മുന്നണി - 42.22 ശതമാനം

കോൺഗ്രസ് - 7.5 ശതമാനം

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019

ബി.ജെ.പി മുന്നണി - 49.03 ശതമാനം

കോൺഗ്രസ് - 25.34 ശതമാനം

ഇടതുമുന്നണി - 17.31 ശതമാനം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ELECTION THRIPURA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.