SignIn
Kerala Kaumudi Online
Thursday, 25 April 2024 5.33 AM IST

കാടിനെ വിഴുങ്ങുന്നു തീ

opinion

കേരളത്തിലെ ഒമ്പതുലക്ഷത്തിൽപ്പരം ഹെക്ടർ വനങ്ങളിൽ ഏതാണ്ട് മൂന്നിലൊന്ന് ഉഷ്‌ണമേഖലാ നിത്യഅർദ്ധഹരിത വനങ്ങളും മൂന്നിലൊന്നിൽ കൂടുതൽ നനവാർന്ന ഇലകൊഴിയും വനങ്ങളും ആറിലൊന്നോളം മനുഷ്യനിർമിത വനങ്ങളുമാണ്. ബാക്കിയുള്ളവ വരണ്ട ഉഷ്‌ണമേഖലാവനങ്ങൾ, പർവതമിതോഷ്ണ മേഖലാവനങ്ങൾ, പർവത - മിതശീതോഷ്ണ മേഖലാവനങ്ങൾ, പുൽമേടുകൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവയാണ്. ഇതിൽ, നിത്യഹരിതവനങ്ങളുടെയും പർവതമിതോഷ്ണ മേഖലാവനങ്ങളുടെയും പർവത മിതശീതോഷ്‌ണ മേഖലാവനങ്ങളുടെയും ചുരുക്കം ചില ഭാഗങ്ങളൊഴികെ, ബാക്കിയെല്ലാ വനഭാഗങ്ങളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇടപെടലിനു വിധേയമായി അധഃപതിച്ചു കൊണ്ടിരിക്കുകയാണ്. കൈയേറ്റവും ജനപ്പെരുപ്പവുമാണ് ഈ വനങ്ങളുടെ വിസ്തൃതി ഗണ്യമായി കുറയുന്നതിന് ഇടയാക്കിയത്. മണ്ണിന്റെ ജലസംഭരണശേഷി വർദ്ധിപ്പിച്ച് വറ്റാത്ത കാട്ടുറവകൾ സൃഷ്ടിക്കുന്നത് ഈ കാടുകളാണ്. എന്നാൽ വർഷംതോറും ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടുതീ നിത്യഹരിതവനങ്ങളെ പിന്തള്ളിക്കൊണ്ടിരിക്കുകയാണ്.

വേനൽ കനത്തതോടെ ഇടുക്കി ജില്ലയിൽ മാത്രം നൂറുകണക്കിന് പുൽമേടുകളും ഹെക്ടർ കണക്കിന് വനമേഖലയുമാണ് കത്തിനശിച്ചുക്കൊണ്ടിരിക്കുന്നത്. ദിവസങ്ങളായി കാട്ടുതീ പ്രതിരോധിക്കാനുള്ള ഓട്ടത്തിലാണ് വനംവകുപ്പും അഗ്‌നിരക്ഷാസേനയുമെങ്കിലും ഇവരെക്കൊണ്ട് പലപ്പോഴും പൂർണതോതിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. വേനൽകാലത്ത് എല്ലാവർഷവും ഇടുക്കിയുടെ വിവിധഭാഗങ്ങളിൽ കാട്ടുതീ പതിവാണ്. ഇത് പ്രതിരോധിക്കാൻ ഫയർ വാച്ചർമാരെ നിയോഗിക്കുകയും ഫയർലൈൻ തെളിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, ഇതുകൊണ്ട് മാത്രം തീ നിയന്ത്രണം സാദ്ധ്യമാകാത്ത സ്ഥിതിയാണ്. വനസംരക്ഷണ സമിതിയാണ് ഫയർലൈൻ തെളിക്കുന്നതും തീകെടുത്തുന്നതും ഉൾപ്പെടെയുള്ള ചുമതലകൾ വഹിക്കുന്നത്. പലപ്പോഴും കാട്ടുതീ വനാതിർത്തികടന്ന് ജനവാസ മേഖലകളിലേത്തുന്നത് ഭീതി വിതയ്ക്കാറുണ്ട്.

തീ തിന്ന് കർഷകർ
വനമേഖലയോടും മറ്റും ചേർന്ന് കൃഷിയിറക്കിയിരിക്കുന്ന കർഷകരാണ് വലിയ ദുരിതം അനുഭവിക്കുന്നത്. പലപ്പോഴും ഈ കൃഷി ഭൂമിക്ക് പട്ടയമുണ്ടാകില്ലാത്തതിനാൽ ഇവർക്ക് നഷ്ടപരിഹാരം ലഭിക്കാറുമില്ല. മാത്രമല്ല, ഇത്തരം തീപിടിത്തങ്ങൾ ഉണ്ടായാൽ അടിയന്തരമായി എത്തി തീ അണയ്ക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കാൻ പോലും ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. മലയോരങ്ങളിലും മറ്റും തീ പടരുമ്പോൾ കിലോമീറ്ററുകൾ താണ്ടി ഫയർ എൻജിൻ ഇവിടെ എത്തുമ്പോഴേക്കും തീ പിടുത്തമുണ്ടായ ഭാഗം പൂർണമായി കത്തിനശിച്ച് കഴിഞ്ഞിരിക്കും.


ജൈവസമ്പത്തും

മൃഗങ്ങളും ഇല്ലാതാകുന്നു

പീരുമേട്, അടിമാലി, മൂന്നാർ, മറയൂർ, കാന്തല്ലൂർ, നേര്യമംഗലം, രാജാക്കാട്, വണ്ടിപ്പെരിയാർ, മൂലമറ്റം, മുട്ടം മേഖലകളിൽ എല്ലാവർഷവും കാട്ടുതീ പതിവാണ്. അപൂർവ ജൈവസമ്പത്തിനും വന്യമൃഗങ്ങൾക്കും കാട്ടുതീ സൃഷ്ടിക്കുന്ന ഭീഷണി കനത്തതാണ്. കത്തിനശിച്ച പ്രദേശത്തെ മണ്ണിന്റെ സ്വാഭാവിക ജൈവാവസ്ഥ വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്താറുണ്ടെങ്കിലും പലപ്പോഴും ഫലവത്താകാറില്ല. വേനൽക്കാലത്ത് കത്തിയെരിയുന്ന മൂന്നിൽ രണ്ടുഭാഗം വനങ്ങളും വന്യജീവികൾക്കു ഭീഷണിയാണ്.

പുൽമേടുകൾക്ക് തീപിടിച്ചാൽ തീറ്റയ്ക്കുതകുന്ന ഇളംപുല്ല് ഉണ്ടാകുമെന്നും അത് ചിലയിനം വന്യമൃഗങ്ങൾക്ക് പ്രയോജനകരമാണെന്നും വാദിക്കുന്നവരുണ്ട്. ഈ വാദഗതിക്ക് വലിയ കഴമ്പില്ല. എന്തുകൊണ്ടെന്നാൽ വാർഷിക സസ്യമായി പുല്ല് വേനൽക്കാലാരംഭത്തോടെ പൂക്കുകയും കായ് വിളയുന്നതിനൊപ്പം ഉണങ്ങിപ്പോകുകയും ചെയ്യും. പിറ്റേവർഷത്തെ പുതുമഴയോടുകൂടി വീണ്ടും കിളിർക്കും. പക്ഷേ, തീമൂലം തുറസായിത്തീർന്ന പ്രദേശത്ത് ഒരേ പോലെ കിളിർത്തു വരുന്നതിനു തുല്യമായിരിക്കില്ലെന്നു മാത്രം. വന്യജീവികൾക്ക് വേണ്ടതും ഇതുപോലെ തുറസായ പ്രദേശങ്ങളല്ല. കേരളത്തിലെ പുൽമേടുകളിലും മറ്റും ഏറ്റവും കൂടുതൽ വേട്ടയാടൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് തീയ്ക്കുശേഷമുണ്ടാകുന്ന ഇളംപുല്ല് തിന്നാൻ സസ്യഭോജികൾ കൂട്ടമായി എത്തുമ്പോഴാണ്. വനമേഖലകളിൽ കാട്ടുതീ വ്യാപകമായതോടെ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥിതിയും താളം തെറ്റിയിട്ടുണ്ട്. കരടി, പുലി, കാട്ടാന തുടങ്ങിയ വന്യജീവികൾ അടുത്തിടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിനും കാരണമായതായി പരിസ്ഥിതി സ്‌നേഹികളും ചൂണ്ടിക്കാട്ടുന്നു.

മനഃപൂർവം തീയിടുന്നു

പലപ്പോഴും മനുഷ്യ നിർമിതമാണ് ഇത്തരം തീപിടിത്തങ്ങൾ. വിവിധ ഭാഗങ്ങളിൽ വനസമ്പത്ത് വിഴുങ്ങി വ്യാപകമാകുന്ന കാട്ടുതീയ്ക്ക് പിന്നിൽ സാമൂഹ്യ വിരുദ്ധരടക്കമുള്ള ഗൂഢസംഘങ്ങളും ഉണ്ടെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ഹൈറേഞ്ച് മേഖലകളിലുണ്ടാകുന്ന 80 ശതമാനം കാട്ടുതീയും വേനലിന്റെ മറവിൽ സാമൂഹികവിരുദ്ധർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നാണ് വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥർ പറയുന്നത്. പുൽമേടുകളിൽ തീയിട്ടാൽ അടുത്തവർഷം കൂടുതൽ പുല്ലുണ്ടാകുമെന്നറിയാവുന്നവരും പാറമട ലോബിയുമൊക്കെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് വിവരം. വന്യജീവികളെ പിടികൂടാനായി തീയിടുന്നവരും ഇതിന് പിന്നിലുണ്ട്. മുയൽ, മുള്ളൻപന്നി തുടങ്ങിയ ചെറിയ മൃഗങ്ങളെ പിടികൂടാനുള്ള സൗകര്യത്തിനാണിത്. കാടിനുള്ളിൽ അതിക്രമിച്ച് കടന്ന് കാട്ടുതീയ്ക്ക് ഇടയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയ്ക്കും കാരണമാകും. കാലാവസ്ഥാ വ്യതിയാനങ്ങളും കാട്ടുതീയുടെ തോത് കൂടുന്നതിന് കാരണമാകും. ഇതിനൊപ്പം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജലദൗർലഭ്യത്തിനും കാട്ടുതീ ഇടയാക്കും.

തടയാൻ മാർഗങ്ങളുണ്ട്

കാട്ടുതീ ഒഴിവാക്കാനുള്ള മാർഗങ്ങളിലൊന്ന് തീവയ്ക്കാനുള്ള ഉദ്ദേശ്യത്തിൽ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാൻ വേണ്ട സാഹചര്യം സൃഷ്ടിക്കുക എന്നതാണ്. ഇതിനുവേണ്ടി കാട്ടുതീ മൂലം ഉളവായിക്കൊണ്ടിരിക്കുന്ന വമ്പിച്ച നാശനഷ്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം. വിവിധ തരത്തിലുള്ള തീവയ്പുകളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ സാധിക്കത്തക്കവിധം സാമൂഹ്യസമ്പദ്ഘടന കെട്ടിപ്പടുക്കുകയും ചെയ്താൽ കാട്ടുതീ ഒരു കെട്ടുകഥയായി മാറുമെന്നുള്ളതിന് സംശയമില്ല. ഇതിന്റെ ആദ്യപടിയായി ചെയ്യാവുന്നത് വിവിധ മാദ്ധ്യമങ്ങളിൽക്കൂടി പൊതുജനങ്ങൾക്ക് കാട്ടുതീ കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ ഗൗരവപൂർവം മനസിലാക്കിക്കൊടുക്കുക എന്നതാണ്. വേനൽക്കാലത്ത് വനത്തിൽക്കൂടിയുള്ള സഞ്ചാരവും മറ്റും നിയന്ത്രിക്കുകയാണ് മറ്റൊരു രീതി. വനങ്ങളുടെ ഉള്ളിൽത്തന്നെ ആൾതാമസമുള്ളതിനാൽ ഈ രീതി പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ കുടിപാർപ്പില്ലാതെ വിശാലമായി കിടക്കുന്ന വനപ്രദേശങ്ങളിൽ ഈ രീതി നടപ്പാക്കാവുന്നതാണ്. വനത്തിലേക്കുള്ള റോഡുകൾ താത്കാലികമായി അടച്ചുകൊണ്ട്. കൂടാതെ വനത്തിലേക്കുള്ള പ്രവേശന മാർഗത്തിൽ പരിശോധന കർശനമാക്കി ബീഡി, സിഗരറ്റ് തുടങ്ങിയ അഗ്‌നിമയ വസ്തുക്കൾ ഉളളിലേക്ക് കൊണ്ടുപോകുന്നത് തടയണം. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാൻ ഓരോരുത്തരും ജാഗ്രത പുലർത്തണം.


ശക്തമായ നിയമമുണ്ട്

1961ലെ കേരള വനനിയമത്തിലെ 27-ാമത്തെ ഖണ്ഡികയിൽ തീവയ്പ് നിരോധിച്ചതും അത് ലംഘിച്ചാൽ കുറ്റവാളിക്ക് നൽകാവുന്ന പരമാവധി ശിക്ഷയും വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് വനങ്ങളിലും റിസർവ് ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട വനങ്ങളിലും തീ കത്തിക്കുന്നതും അപകടകരമായ രീതിയിൽ കത്തുന്ന തീ ഉപേക്ഷിച്ചുപോകുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവും അയ്യായിരം രൂപ വരെ പിഴയുമാണ് ശിക്ഷ. കൂടാതെ വിധി കല്‌പിക്കുന്ന കോടതിയുടെ തീരുമാനമനുസരിച്ച് വനത്തിനുണ്ടായ നഷ്ടവും പരിഹാരമായി ഈടാക്കണമെന്നുമുണ്ട്. നിയമത്തിൽ ഈ വ്യവസ്ഥ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം എഴുതിവച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ഇത് സംബന്ധിച്ച് കാര്യമായ കേസുകൾ രജിസ്റ്റർ ചെയ്യുകയോ കുറ്റവാളികളെ കോടതി മുമ്പാകെ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നത് സങ്കടകരമായ വസ്തുതയാണ്. ആകെയുള്ള വനഭാഗങ്ങളുടെ മൂന്നിൽ രണ്ടുഭാഗവും ആണ്ടുതോറും കത്തിക്കരിയുന്നുണ്ടെങ്കിലും എന്തുകൊണ്ട് നിയമത്തിലെ വ്യവസ്ഥകൾ അതിനെതിരെ ഉപയോഗിക്കുന്നില്ലെന്നത് പ്രസക്തമായ ചോദ്യമാണ്. കാട്ടുതീയെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടവിധം ബോധവാന്മാരല്ലാത്തതോ അലസതയോ ആകാം അതിന് കാരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOREST FIRE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.