ശമ്പളവും പെൻഷനുമടക്കം നിത്യനിദാന ചെലവുകൾക്ക് പണമില്ലാതെ പ്രതിമാസം രണ്ടായിരം കോടി വീതം സർക്കാർ കടമെടുക്കുന്നതിനിടെ, മുഖ്യമന്ത്രിയും ഗവർണറുമടക്കം വി.ഐ.പികൾക്കും പൊലീസ് ഉന്നതർക്കും പറന്നുരസിക്കാൻ വീണ്ടും ഇരട്ട എൻജിൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തു. ഇത്തവണ മൂന്നുവർഷത്തേക്കാണ് കരാർ. രണ്ടുവർഷത്തേക്ക് കരാർ നീട്ടാനുമാവും. പ്രതിമാസ വാടക 80ലക്ഷം രൂപയാണ്. അധികം പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. ഒരുവർഷം കോപ്ടറിന് വാടക നൽകാൻ മാത്രം 9.6കോടി കണ്ടെത്തണം. പൊലീസ് സേനയെ നവീകരിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്നാണ് ഹെലികോപ്ടറിന്റെ ചെലവുകൾ കണ്ടെത്തുന്നത്.
ലോക്‌നാഥ് ബെഹറ ഡി.ജി.പിയായിരിക്കെ, 1.7കോടി രൂപ മാസവാടകയ്ക്ക് പവൻഹാൻസിൽ നിന്ന് ഹെലികോപ്ടർ വാടകയ്ക്കെടുത്തിരുന്നു. പവൻഹാൻസിന്റെ കോപ്ടർ വി.വി.ഐ.പികൾക്ക് ചുറ്റിക്കറങ്ങാനും വ്യോമനിരീക്ഷണത്തിനുമടക്കം യാത്രാആവശ്യങ്ങൾക്കേ ഉപകരിച്ചുള്ളൂ. കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ പറക്കില്ല. പെട്ടിമുടിയിൽ ഉരുൾപൊട്ടി പാലവും റോഡും ഒലിച്ചുപോപ്പോൾ രക്ഷാപ്രവർത്തകരെയും മെഡിക്കൽസംഘത്തെയും അവിടെയെത്തിക്കാനായില്ല. സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടതെങ്കിലും ജീവനക്കാർക്ക് ഇതിനുള്ള വൈദഗ്ദ്ധ്യമില്ലായിരുന്നു. എയർലിഫ്‌റ്റിംഗ്, റെസ്ക്യൂ പരിശീലനം ലഭിച്ചവർ പൊലീസിലുമുണ്ടായിരുന്നില്ല. മാവോയിസ്റ്റ് വേട്ടയാണ് കോപ്ടറിന്റെ പ്രധാനദൗത്യമെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ കോപ്ടറിൽ നിരീക്ഷണത്തിനു പോകുമ്പോൾ കാണുന്നത് വനത്തിനു മുകളിലെ പച്ചപ്പ് മാത്രമാണെന്നും കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളയുന്നെന്നും തീവ്രവാദവിരുദ്ധ സേന സർക്കാരിനെ അറിയിച്ചതോടെ ആ കള്ളം പൊളിഞ്ഞു.
ഖജനാവിലെ 22.21കോടി വിഴുങ്ങിയ ആദ്യ വാടക ഹെലികോപ്ടർ കാര്യമായ പണിയൊന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ സുഖനിദ്രയിൽ ആയിരുന്നു. രണ്ടുവട്ടം അവയവങ്ങളുമായി കൊച്ചിയിലേക്കും വിരമിക്കുന്നതിന്റെ തലേന്ന് ചീഫ്സെക്രട്ടറിയായിരുന്ന വിശ്വാസ്‌മേത്തയും മുൻഡിജിപി ലോക്നാഥ്ബെഹറയുമായി പമ്പയിലേക്കും വിവിഐപികളുമായി ദുരന്തസ്ഥലത്തേക്കും കോപ്ടർ പറന്നതാണ് പ്രധാന ദൗത്യങ്ങൾ. മാവോയിസ്റ്റുകളെ കണ്ടാലുടൻ സേനയെ എത്തിച്ച് ഓപ്പറേഷൻ നടത്താൻ ഓപ്പറേഷണൽ ഹെലികോപ്ടർ അത്യാവശ്യമാണെന്ന ഡി.ജി.പിയുടെ ശുപാർശയിലാണ് രണ്ടാമതും കോപ്ടർ വാടകയ്ക്കെടുക്കുന്നത്. എന്നാൽ കേരളത്തിൽ കാര്യമായ മാവോയിസ്റ്റ് ഭീഷണിയില്ലെന്നത് മറച്ചുവച്ചാണ് ഈ വാദമുന്നയിക്കുന്നത്. വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്റവർത്തനം, അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും വനമേഖലയിലും വിനോദസഞ്ചാര-തീർത്ഥാടന മേഖലകളിലും നീരീക്ഷണം, അടിയന്തരഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണ് കോപ്ടർ വാടകയ്ക്കെടുക്കുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാലുടൻ എന്ത് ആവശ്യത്തിനും പ്രതിരോധസേനകളുടെ ഹെലികോപ്ടറുകൾ ലഭ്യമായിരിക്കെയാണ് കോടികൾ മുടക്കി കോപ്ടർ വാടകയ്ക്കെടുക്കുന്നത്. ചീഫ് സെക്രട്ടറി കത്ത് കൊടുത്താൽ സംസ്ഥാനത്തെ എന്ത് ആവശ്യത്തിനും വ്യോമസേന തിരുവനന്തപുരത്തുനിന്നും നാവികസേന കൊച്ചിയിൽ നിന്നും ഹെലികോപ്ടറുകൾ വിട്ടുനൽകും. കൊച്ചി തീരസംരക്ഷണ സേനയ്ക്ക് രണ്ട് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ അടുത്തിടെ ലഭിച്ചിട്ടുണ്ട്. അത്യാധുനിക സെൻസറുകളും നിരീക്ഷണ റഡാറും ഇലക്‌ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങളുമുള്ള ഇവ രാപകൽ, ഏതു കാലാവസ്ഥയിലും, ദീർഘദൂര തിരച്ചിലിനും, രക്ഷാ പ്രവർത്തനങ്ങൾക്കും, സമുദ്ര നിരീക്ഷണങ്ങൾക്കും ഉപയോഗിക്കാനാവുന്നതാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനായി മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റും ഈ കോപ്ടറുകളിൽ ഘടിപ്പിച്ചിട്ടുണ്ട്.
വാടകകോപ്ടറിന് 18ശതമാനം ജി.എസ്.ടിയുണ്ട്. സേനയ്ക്ക് നികുതി നൽകേണ്ട. വാടക കോപ്ടറിന് കൊടുക്കുംപോലെ സേനയ്ക്ക് പണം നൽകേണ്ടതില്ല. സേനകൾ ബിൽ നൽകുമെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പണമിടപാടിൽ കുറവുവരുത്തും. ബുക്ക്ട്രാൻസ്ഫർ എന്നാണിതിന് പറയുക. മഴ മാനത്തുകണ്ടാൽ വാടകകോപ്ടർ പറക്കില്ലെങ്കിൽ, ഏത് കാലാവസ്ഥയിലും പറക്കാനും എയർലിഫ്‌റ്റ് അടക്കം രക്ഷാദൗത്യങ്ങൾ നടത്താനും സേനാകോപ്ടറുകൾക്ക് കഴിയും. വറ്റിവരണ്ട പുഴയിലും റോഡിലും വീടിന്റെ ടെറസിലുമെല്ലാം കോപ്ടറുകൾ സേന ഇറക്കിയിട്ടുമുണ്ട്. വി.ഐ.പികളുടെ യാത്രയ്ക്കും അവയവങ്ങൾ കൊണ്ടുപോകാനുമെല്ലാം നേരത്തേ സേനാകോപ്ടറുകൾ ലഭിച്ചിട്ടുണ്ട്.
പുതിയ കോപ്ടർ
ഫ്രഞ്ച് നിർമ്മിതം
80ലക്ഷം മാസവാടകയ്ക്കെടുക്കുന്ന ഡൽഹിയിലെ ചിപ്സൺ ഏവിയേഷന്റെ പുത്തൻ ഹെലികോപ്ടർ 15ദിവസത്തിനകം തലസ്ഥാനത്തെത്തും. 50ലക്ഷം രൂപയുടെ ബിഡ് ബോണ്ട് നൽകി കരാറൊപ്പിട്ടാലുടൻ കോപ്ടറെത്തിക്കും. ആറ് വി.ഐ.പികൾക്ക് സഞ്ചരിക്കാനാവുന്ന 11സീറ്റുള്ള ഫ്രഞ്ച് നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെ ശമ്പളം, പാർക്കിംഗ് ഫീസ് സഹിതമാണ് 80ലക്ഷം മാസവാടക. രണ്ട് പൈലറ്റുമാർ, എൻജിനീയറിംഗ് മെയിന്റനൻസ് ജീവനക്കാരടക്കം എട്ടുപേർ കോപ്ടറിനൊപ്പമുണ്ടാവും. അറ്റകുറ്റപ്പണിക്ക് ചാലക്കുടിയിൽ അവർക്ക് ഹാംഗർയൂണിറ്റുണ്ട്. 20മണിക്കൂർ പറക്കാൻ 80ലക്ഷം രൂപയാണ് ചിപ്സൺ ആവശ്യപ്പെട്ടിരുന്നത്. പൊലീസ് ചർച്ചനടത്തി പറക്കൽസമയം 25മണിക്കൂറാക്കി. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്റിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്നത് ചിപ്സണാണ്.
കോപ്ടറിന് വില
80-100കോടി
ഹെലികോപ്ടർ വാങ്ങാൻ 80-100കോടി ചെലവുണ്ടാവുണ്ടാവും. അറ്റകുറ്റപ്പണിക്ക് മാസം 12ലക്ഷം, പാർക്കിംഗിന് 10 ലക്ഷം വേണം. ദുരന്തനിവാരണ സേനയ്ക്ക് ഹെലികോപ്ടർ വിലയ്ക്കു വാങ്ങാൻ നേരത്തേ സർക്കാർ ആലോചിച്ചതാണെങ്കിലും തുടർചെലവുകൾക്ക് ഭീമമായ തുക വേണ്ടതും വിദഗ്ദ്ധരായ പൈലറ്റുമാരടക്കം ജീവനക്കാരെ കണ്ടെത്തേണ്ടതും ദുഷ്കരമായതിനാൽ വേണ്ടെന്നുവച്ചു. വ്യവസായി രവിപിള്ളയുടെ എച്ച്-145 എയർബസ് കോപ്ടറിന് 100കോടിയാണ് വില. മേഴ്സിഡസ് ബെൻസ് സ്റ്റൈലിലാണ് ഇന്റീരിയർ. 20,000അടി ഉയരത്തിൽ പറക്കാം. വേഗത മണിക്കൂറിൽ 132നോട്ട് (245കി.മി). 785കിലോവാട്ടാണ് പവർ. മൂന്നരമണിക്കൂർ നിറുത്താതെ പറക്കാം. കഴിഞ്ഞ ജൂലായിൽ മുഖ്യമന്ത്രി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഈ കോപ്ടറിൽ സഞ്ചരിച്ചിരുന്നു.
കരാർ നൽകിയത്
സുരക്ഷിതർക്ക്
ഹെലികോപ്ടർ വാടകയ്ക്കെടുത്തപ്പോൾ ഓപ്പറേറ്ററുടെ കാര്യക്ഷമതയേക്കാൾ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകിയതെന്ന് പൊലീസ് പറയുന്നു. 15വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് വാടകയ്ക്കെടുക്കുക. സ്വകാര്യ കോപ്ടറാണെങ്കിലും സുരക്ഷാകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ല. കൂടുതൽ അപകടമുണ്ടാക്കിയ ഓപ്പറേറ്റർമാരെ നിരസിച്ചു. ചിപ്സൺ ഏവിയേഷൻ, ഒ.എസ്.എസ് എയർ മാനേജ്മെന്റ്, ഹെലിവേ ചാർട്ടേഴ്സ് കമ്പനികളാണ് കരാറിനായി രംഗത്തുള്ളത്. ആറ് വി.ഐ.പി യാത്രക്കാരെയോ, 9 സാധാരണ യാത്രക്കാരെയോ യാത്രക്കാരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന ഇരട്ടഎൻജിൻ കോപ്ടറാണ് വാടകയ്ക്കെടുത്തത്. കൂനൂരിൽ സേനയുടെ അത്യാധുനിക കോപ്ടറിൽ സഞ്ചരിച്ച സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനുണ്ടായ അപകടത്തെതുടർന്ന് കോപ്ടറുകളുടെ സുരക്ഷയിൽ സർക്കാരിന് ഗുരുതര ആശങ്കയുണ്ടായിരുന്നു.
"ഹെലികോപ്ടർ ആവശ്യമായതരത്തിൽ മാവോയിസ്റ്റ് പ്രശ്നമുണ്ടോ എന്നത് ആപേക്ഷികമാണ്.
അത്യാപത്തുണ്ടായാലും ദുരന്തസമയത്തും കോപ്ടർ ഉപയോഗിക്കാം."
മുഖ്യമന്ത്രി പിണറായി വിജയൻ
(മുൻപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |