
സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ളവ നക്ഷത്രം, മണ്ണന്തല കരുണാകരന്റെ ഓർമ്മകൾക്ക് ഇന്ന് 12 വർഷം തികയുകയാണ്. നന്നേ ചെറുപ്പത്തിലേ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായ അദ്ദേഹം ഐതിഹാസികമായ പോരാട്ടങ്ങൾക്കാണ് നേതൃത്വം നൽകിയത്. പത്തുവയസ് മാത്രമുള്ളപ്പോൾ മഹാത്മാഗാന്ധിയെ അടുത്തുനിന്ന് കാണാനും ഹാരമണിയിക്കാനും ലഭിച്ച അവസരം സുദീർഘമായ ആ സമര ജീവിതത്തിന്റെ തുടക്കമായി മാറുകയായിരുന്നു.
ജോലി ഉപേക്ഷിച്ച് സർ സി.പിക്കെതിരെ പോരാടാൻ ഇറങ്ങിയതോടെ ഒരു വിപ്ളവകാരി ജന്മമെടുത്തു. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ സുപ്രധാന ഏടുകളിലൊന്നായ തിരുവിതാംകൂർ കോൺഗ്രസിന്റെ തിരുവനന്തപുരം വട്ടിയൂർക്കാവ് സമ്മേളനത്തിൽ അദ്ദേഹം ത്രിവർണ പതാക ഉയർത്തിയത് രാജ്യമാകെ ചർച്ചയായി. ബ്രിട്ടീഷുകാർക്കെതിരായ സമരം തീക്ഷ്ണമാകുന്ന സന്ദർഭത്തിലാണ് നിരോധനാജ്ഞ ലംഘിച്ച് അദ്ദേഹവും വോളന്റിയർമാരും പതാകയുയർത്തിയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങൾ തുടർന്നങ്ങോട്ട് ശക്തി പ്രാപിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിനു മുകളിലും ദേശീയ പതാക ഉയർത്തി മണ്ണന്തല കരുണാകരൻചരിത്രം സൃഷ്ടിച്ചു. രാജ്യമാകെ ഞെട്ടലോടെയാണ് ആ സംഭവം ഏറ്റെടുത്തത്. കൊടിയ മർദ്ദനത്തിനും ജയിൽവാസത്തിനും തളർത്താൻ കഴിയാത്ത പോരാളിയായി, കമ്മ്യൂണിസ്റ്റുകാരനായി മാറിയ അദ്ദേഹം തികഞ്ഞ വിപ്ളവകാരിയായിരുന്നു.
രാഷ്ട്രീയ വിദ്യാർത്ഥികൾക്കും നേതാക്കൾക്കും എക്കാലവും മാതൃകയായിരുന്നു മണ്ണന്തല കരുണാകരൻ. കൊളോണിയൽ അടിമത്തത്തിനെതിരെ നടത്തിയ പോരാട്ടങ്ങളും നാടിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങളും വിസ്മരിക്കാനാകുന്നതല്ല.
വർത്തമാനകാലം 'ആധുനിക ഇന്ത്യ" എന്ന് കൊട്ടിഘോഷിക്കുമ്പോഴും സാധാരണ മനുഷ്യന്റെ ജീവിതാവസ്ഥ സ്വാതന്ത്ര്യ പൂർവകാലത്തിന് സമാനമായി തുടരുകയാണ്. ദേശീയത എന്ന പദംപോലും സവർണ രാഷ്ട്രീയത്തിനായി വ്യാഖ്യാനിക്കപ്പെടുന്നു. മതചിന്തകൾക്കതീതമായി അധിനിവേശത്തെ ചെറുക്കാൻ പഠിപ്പിച്ച അദ്ദേഹത്തിന്റെ ആശയത്തിൽനിന്നും രാജ്യം വ്യതിചലിച്ചിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന ചെറുത്തുനില്പ് ചരിത്രത്തിൽ നിന്നുതന്നെ ഒഴിവാക്കപ്പെടുന്നു. സാമ്രാജ്യത്വം പുതിയ ഭാവത്തിലും രൂപത്തിലും ഭരണകൂട ഭീകരതയ്ക്ക് നേതൃത്വം നൽകുന്നു.
ലോകത്തും രാജ്യത്തും സാമ്രാജ്യത്വം ശക്തി പ്രാപിക്കുകയാണ്. കോളനിവാഴ്ചയ്ക്ക് എതിരെ മണ്ണന്തല കരുണാകരൻ ഉൾപ്പെടെയുള്ളവർ നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടം വീണ്ടെടുക്കാൻ സമയമായിരിക്കുന്നു. പുതിയ തലമുറ അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ പ്രവർത്തനം ഉൾക്കൊണ്ട് മുന്നോട്ടുവരേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ ഉജ്ജ്വല സമര പോരാളിയുടെ ഓർമ്മകൾ ജീവിക്കാനുള്ള രാഷ്ട്രീയത്തിന് കരുത്തുപകരട്ടെ എന്ന് ആശംസിക്കുന്നു.
(ലേഖകൻ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും, കോർപ്പറേഷൻ പേട്ട വാർഡ് കൗൺസിലറുമാണ്. ഫോൺ: 94477 95763)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |