
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് കണക്കുകൾ സമർപ്പിക്കാൻ രണ്ടാഴ്ച കൂടി ഹൈക്കോടതിയോട് സാവകാശം തേടും.
27ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ നടപടികളിൽ ഇതുവരെയുള്ള പുരോഗതി അറിയിക്കും.
ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് വിഷയം ചർച്ച ചെയ്തു. കണക്കുകളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണ്ടി വരുമെന്നും ദേവസ്വം അക്കൗണ്ട്സ് ഓഫീസർ ദേവസ്വം കമ്മിഷണറെ രേഖാമൂലം അറിയിച്ചു. ഈ കത്തും ദേവസ്വം ബോർഡ് പരിഗണിച്ചു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഐ.ഐ.ഐ.സി നൽകിയ ബില്ലുകൾ 14 ഭാഗങ്ങളായി തിരിച്ചു. ഉപകരാറുകാർ നൽകിയ ബില്ലുകളും ഉൾപ്പെടുത്തിയാണ് തരംതിരിച്ചത്. നേരത്തെ ഒറ്റ ബില്ലാണ് നൽകിയിരുന്നത്.
ചെലവ് പരിമിതപ്പെടുത്താനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നുണ്ട്. പല ബില്ലുകളും ബോർഡ് വെട്ടിക്കുറച്ചു. ചെലവ് 4.99 കോടിയായി പരിമിതപ്പെടുത്തിയെങ്കിലും നാലു കോടി മാത്രമേ സ്‌പോൺസർഷിപ്പായി ലഭിച്ചിട്ടുള്ളൂ. ഇതിൽ നിന്നു ജി.എസ്.ടിയും ഹോട്ടലുകൾക്ക് നൽകിയ തുകയും കുറയ്‌ക്കേണ്ടി വരും. 1.24 കോടി രൂപ ബോർഡ് കണ്ടെത്തിയാൽ മാത്രമേ ഐ.ഐ.ഐ.സിക്ക് 4.99 കോടി നൽകാൻ കഴിയുകയുള്ളൂ. പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിയാൽ ഉൾപ്പെടെ ചില സ്ഥാപനങ്ങൾ ആഗോള അയ്യപ്പ സംഗമത്തിന് സപോൺസർഷിപ്പ് വാഗ്ദാനം ചെയ്തിരുന്നു. സിയാലുമായി ഒരിക്കൽ കൂടി ചർച്ച നടത്താനാണ് ബോർഡ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |