
ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിലയുള്ള ഒരു ചെറിയ കാലയളവാണ് തിരഞ്ഞെടുപ്പ് കാലം. രാഷ്ട്രീയക്കാരാകട്ടെ, അവരുടെ കാപട്യങ്ങളുടെ അവസാന അടവുകൾ വരെ പുറത്തെടുക്കുന്ന വേളയും. അതുകൊണ്ടുതന്നെ കേരളത്തിൽ എല്ലാ വർത്തമാനങ്ങളും ഇപ്പോൾ അവസാനിക്കുന്നത് രണ്ട് ചോദ്യങ്ങളിലാണ്- പിണറായി വീണ്ടും വരുമോ? അതോ യു.ഡി.എഫോ?
ഈ ചോദ്യത്തിൽത്തന്നെ, എൽ.ഡി.എഫിന് ഒരു ക്യാപ്‌റ്റനുണ്ട്; അത് പിണറായി തന്നെയാണെന്നത് വ്യക്തമാണ്. എന്നാൽ യു.ഡി.എഫിൽ അങ്ങനെയൊരു പേരു പറഞ്ഞ്, ആ നേതാവ് വരുമോ എന്നാരും ചോദിക്കാറില്ല. ദമയന്തിയെ കല്യാണം കഴിക്കാൻ നളന്റെ രൂപത്തിൽത്തന്നെ നാല് ദേവന്മാരും വന്നിരുന്നു- ഇന്ദ്രൻ, അഗ്‌നി, വരുണൻ, യമൻ എന്നിവർ. പക്ഷേ, ദമയന്തിക്ക് കൺഫ്യൂഷനൊന്നും ഉണ്ടായില്ല. നളന്റെ കഴുത്തിൽത്തന്നെ കൃത്യമായി മാലയിട്ടു!
പക്ഷേ, ഇവിടെ അങ്ങനെയല്ല. മുഖ്യമന്ത്രിയുടെ മുഖവുമായി നാലഞ്ചുപേർ സ്വയംവരപ്പന്തലിൽ ഇരിപ്പുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, ശശി തരൂർ എന്നിവരാണ് മുൻനിരയിൽ. ഇനി, കല്യാണത്തിന് പന്തലിൽ വരാത്ത ചിലരും ഒരുങ്ങി വീട്ടിലിരിപ്പുണ്ട്. ഇവിടെ കല്യാണം നടക്കാതെ വരികയും, ഒത്തുതീർപ്പ് 'വരനായി" തന്നെ വീട്ടിൽ വന്ന് സ്വീകരിക്കുകയും ചെയ്യുമെന്ന മനോരാജ്യത്തിലാണ് അവർ കഴിയുന്നത്. മുൻ കെ.പി.സി.സി പ്രസിഡന്റുമാരുടെ മുഖച്ഛായയും പ്രതിച്ഛായയുമാണ് ഇവർക്കുള്ളത്.
അതിനാൽ, കേരളത്തിലെ ജനങ്ങൾക്ക് യു.ഡി.എഫിനെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മൊത്തമായി മാലയിടാനേ പറ്റൂ. തെയ്യം- തിറ, ചവിട്ടുനാടകങ്ങൾക്കു ശേഷം മുഖ്യമന്ത്രിയെ കോൺഗ്രസ് പിന്നീട് നിശ്ചയിക്കും. പാണക്കാട്ടും കൂടെ ഒന്ന് ചോദിക്കേണ്ടി വരും. എന്തായാലും കാണാൻ പോകുന്ന പൂരത്തിന് അപസർപ്പക കഥകളിലെപ്പോലെ ഒരു 'മുഖ്യമന്ത്രി സസ്‌പെൻസ്" നല്ലതാണ്.
എൽ.ഡി.എഫ് സർക്കാർ മൂന്നാംതവണ തിരിച്ചുവരാനുള്ള സാദ്ധ്യത മങ്ങാൻ തുടങ്ങിയത് അയ്യപ്പ സംഗമത്തിനു പിന്നാലെ ഉണ്ടായ ശബരിമല സ്വർണക്കൊള്ള വിവാദത്തിനും ശേഷമാണ്. അത് ഏറെക്കുറെ ഉറപ്പാക്കുന്ന വിധത്തിലാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി. ആര് ഭരിച്ചാലും അയ്യപ്പന്റെ മുതൽ അടിച്ചുമാറ്റിയിരിക്കും എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന വിവരങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, അകത്തു കിടക്കുന്നത് ഇടത് പാർട്ടിക്കാരായതിനാൽ ഇക്കാര്യത്തിൽ ഒരു മേൽക്കൈ യു.ഡി.എഫിനാണ് ഉള്ളത്. ഒരു എൽ.ഡി.എഫ് മുൻ മന്ത്രി 'ജട്ടി കേസി"ൽ ശിക്ഷിക്കപ്പെട്ടതും ഒരു ദുർനിമിത്തമായി കണക്കാക്കാം.
കേരളത്തിൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ന്യൂനപക്ഷങ്ങളുടെ വോട്ടാണ്. കഴിഞ്ഞ രണ്ട് ടേമിലും അത് എൽ.ഡി.എഫിന് അനുകൂലമായി വന്നിരുന്നു, വി.എസും പിണറായിയും മത്സരരംഗത്ത് അണിനിരന്ന ഘട്ടത്തിൽ, 'അഥവാ വി.എസ് വീണ്ടും വന്നാലോ" എന്നൊരു മിഥാധാരണ ഏറെ ഗുണം ചെയ്‌തിരുന്നു. എന്നാൽ രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകട്ടെ എന്ന ദൃഢനിശ്ചയത്തിൽ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്‌തത്. അന്നും ബിരിയാണിച്ചെമ്പും സ്വർണക്കടത്തുമൊക്കെ പൊങ്ങി വന്നെങ്കിലും ഒന്നും ഏശിയില്ല.
2021-ലെ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഫലം വരുന്നതിനു മുമ്പ് കോൺഗ്രസ് മുന്നണി അധികാരം പിടിക്കുമെന്ന ചിലരുടെ അഭിപ്രായത്തോട് മനപ്പായസം ഉണ്ണുന്നവർക്ക് അതാവാം എന്ന് ദൃഢനിശ്ചയത്തോടെയും ഉറച്ച ആത്മവിശ്വാസത്തോടെയുമാണ് പിണറായി പറഞ്ഞത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
എന്നാൽ ഇത്തവണ അത്ര എളുപ്പമല്ല കാര്യങ്ങൾ. പെണ്ണുകേസിന്റെ പേരിലൊന്നും പഴയതുപോലെ വോട്ട് മറിയില്ല.
കെ.കെ. ശൈലജ എന്ന തുറുപ്പുചീട്ടിനെ തിരഞ്ഞെടുപ്പിൽ സി.പി.എം എങ്ങനെ ഉപയോഗിക്കുന്നു എന്നത് വളരെ നിർണായകമാണ്. പിണറായി വിജയൻ ഒന്നുകൂടി വന്നാൽ സി.പി.എമ്മിലെ രണ്ടാം നിര 'യുവ" നേതാക്കളുടെ മുഖ്യമന്ത്രി മോഹങ്ങൾക്ക് അത് തിരിച്ചടിയാകും. ഇനിയുള്ള ദിവസങ്ങളിൽ സി.പി.എം സ്വീകരിക്കുന്ന തന്ത്രങ്ങളും നടപടികളും വളരെ പ്രധാനമായിരിക്കും. എൽ.ഡി.എഫ് പോലെ കെട്ടുറപ്പുള്ള മുന്നണിയെ 'കടക്കു പുറത്ത്" എന്നൊക്കെ പറഞ്ഞ് ഈസിയായി പുറത്താക്കാനൊന്നും പറ്റില്ല.
ബി.ജെ.പി ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് വരാൻ പോകുന്നത്.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഏതു മുന്നണി അധികാരത്തിൽ വന്നാലും നിയമസഭയിൽ നല്ല ഭൂരിപക്ഷത്തോടു കൂടിയാവും വരിക. പിന്നെ, ശബരിമല അയ്യപ്പനെ ഇരുമുന്നണികളും വിളിക്കുന്നത് അയ്യപ്പനോടുള്ള അനന്യമായ ഭക്തികൊണ്ടൊന്നുമല്ല! ശ്രദ്ധിച്ചാൽ 'സ്വാമിയേ ഭരണമയ്യപ്പ" എന്നാണ് അവർ വിളിക്കുന്നതെന്ന് കേൾക്കാനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |