SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.54 AM IST

ഇനിയെങ്കിലും ഖാദിയെ വീണ്ടെടുക്കണം

photo

മഹാത്മാഗാന്ധിജി രൂപകല്‌പന ചെയ്ത ഖാദിപ്രസ്ഥാനം സ്വാതന്ത്ര്യം 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തകർച്ച നേരിടുകയാണോ ? സ്വാതന്ത്ര്യത്തിനു ശേഷം ഖാദിമേഖലയെ സംരക്ഷിക്കാൻ രൂപംകൊണ്ട ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ പ്രവർത്തനം മന്ദഗതിയിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനങ്ങളിലുള്ള ഖാദിഗ്രാമവ്യവസായ ബോർഡിനും ചെറുതും വലുതുമായ ഖാദി സൊസൈറ്റികൾക്കും പ്രവർത്തനാനുമതി നൽകുന്നത് ഖാദി ഗ്രാമവ്യവസായ കമ്മിഷനാണ്. ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും സർവസൗകര്യങ്ങളോടും കൂടിയ ഓഫീസുകളും പരിശീലന കേന്ദ്രങ്ങളുമുണ്ട് ഖാദി കമ്മിഷന്. എന്നാൽ അവർ സ്വന്തം ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ട നിലയിലാണ് കാര്യങ്ങൾ.

ഖാദി അകലുന്നു

സാധാരണക്കാരിൽ നിന്ന്
സാധാരണക്കാർക്ക് താങ്ങാവുന്നതിലധികമാണ് ഖാദി തുണിത്തരങ്ങളുടെ വില. സമ്പന്നർക്ക് മാത്രം ധരിക്കാവുന്ന വസ്ത്രമായി ഖാദി മാറിയിരിക്കുന്നു. എന്നാൽ ഖാദി സൊസൈറ്റികളിലും, ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഉത്‌പാദന വിഭാഗത്തിലും തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നതാകട്ടെ തുച്ഛമായ വരുമാനവും ! സർക്കാരിൽ നിന്നും അവർക്ക് ലഭിക്കേണ്ട നിയമപരമായ പല ആനുകൂല്യങ്ങളും കുടിശികയാണ്. ഇ.എസ്.ഐ , ക്ഷേമനിധി, ആനുകൂല്യങ്ങൾ ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ടായിട്ടും മിക്ക ഖാദി സ്ഥാപനത്തിലെ തൊഴിലാളികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

തൊഴിലാളി

സങ്കടക്കടലിൽ

1975 മുതൽ 1995 വരെ ഖാദി മേഖലയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ എണ്ണത്തിൽ പകുതിയിൽ താഴെ മാത്രമാണ് ഇപ്പോൾ ഈ മേഖലയിലുള്ളത്. ഇവരുടെ മാസവരുമാനം 3000 രൂപ മുതൽ 5000 രൂപ വരെയാണ്. അതും രണ്ടും മൂന്നും മാസം കുടിശ്ശിക വരുത്തിയാണ് നല്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ സംസ്ഥാന സർക്കാർ നൽകിവരുന്ന വരുമാന പൂരക പദ്ധതി, ഉത്‌പാദന പ്രോത്സാഹന വേതനം, ഡി.എ അരിയർ, തുടങ്ങിയ ആനുകൂല്യങ്ങൾ ഒരു വർഷമായി കുടിശികയാണ്. ഈ കാരണങ്ങൾ തന്നെയാണ് തൊഴിലാളികൾ ഈ മേഖലയോട് വിടപറയാൻ കാരണം. ഖാദി നൂൽനൂൽക്കാനുള്ള അസംസ്‌കൃത വസ്തുവായ 'സ്ലൈവറിന് ' കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിവിലയാണ് ഖാദി കമ്മിഷൻ ഈടാക്കുന്നത്. ഇത് ഖാദി തുണിത്തരങ്ങളുടെ വില ഇരട്ടിയായി വർദ്ധിക്കാനിടയാക്കി. സാധാരണ നിലയിൽ 'കോസ്റ്റ് ചാർട്ട് ' പുതുക്കുമ്പോൾ തുണിക്ക് വില വർദ്ധിക്കുന്നതിനൊപ്പം നൂല്‌പ്, നെയ്‌ത്ത് തൊഴിലാളികളുടെ വേതനവും വർദ്ധിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ (2022 ൽ) സ്ലൈവറിന് വില ഇരട്ടിയാക്കിയപ്പോൾ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചില്ല. എന്നാൽ തുണിത്തരങ്ങൾക്ക് വില വർദ്ധിപ്പിച്ചു.
കേന്ദ്രസർക്കാരും ഖാദി കമ്മിഷനും സ്ലൈവറിന് സബ്സിഡി നൽകാനുള്ള തീരുമാനമെടുക്കണമായിരുന്നു. പല മേഖലകൾക്കും കോടിക്കണക്കിനു രൂപ സബ്സിഡി അനുവദിക്കുമ്പോൾ തൊഴിലില്ലായ്മ പരിഹരിക്കുന്ന വലിയ മേഖലയായ ഖാദിയെ സംരക്ഷിക്കേണ്ടതല്ലേ?​ സ്ലൈവറിന് സബ്സിഡി അനുവദിച്ച്, നൂലിന്റെയും തുണിയുടെയും വിലകുറച്ച് തൊഴിലാളികൾക്ക് 20,000 രൂപ മുതൽ 30,000 രൂപ വരെയുള്ള മാസവരുമാനം ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടിയിരുന്നത്.

ഖാദിയെ രക്ഷിക്കാൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ,​ എം.എൽ.എ, എം.പി ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തി, ഓരോ പഞ്ചായത്തിലും ഒരു വാർഡിൽ ഒരു ഖാദി യൂണിറ്റ് യാഥാർത്ഥ്യമാകുമ്പോഴേ മഹാത്മജിയുടെ ഗ്രാമസ്വരാജ് എന്ന സങ്കല്പം ഗ്രാമങ്ങളിൽ നടപ്പിലാവൂ. സർക്കാർ ആശുപത്രികൾ, സർക്കാർ റസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിൽ ഖാദി നിർബന്ധമാക്കണം. സർക്കാർ ഉദ്യോഗസ്ഥർ ആഴ്ചയിലൊരിക്കൽ
ഖാദി ധരിക്കണമെന്ന നിയമം കർശനമാക്കണം.

ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഖാദി കിടക്കകൾ എന്നിവയെ ജി.എസ്.ടി പരിധിയിൽനിന്നും ഒഴിവാക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ലഘുയന്ത്രസാമഗ്രികൾ ഉപയോഗിച്ച് ശാസ്ത്രീയമായും ലാഭകരമായും ഖാദി ഉത്പാദനമേഖലയെ നവീകരിക്കണം. വ്യാജഖാദിയുടെ ഉത്പാദനവും വിപണനവും കണ്ടെത്തി കർശനശിക്ഷ നടപ്പാക്കുകയും, നിയമം മൂലം അവ നിരോധിക്കുകയും വേണം.

ഉപഭോക്താക്കൾക്ക് പരിശുദ്ധമായ ഖാദിവസ്ത്രം മിതമായ വിലയ്ക്ക് നൽകാൻ കഴിഞ്ഞാൽ, ഈ മേഖലയെ തകർച്ചയിൽനിന്ന് സംരക്ഷിക്കാൻ കഴിയുമെന്നുറപ്പാണ്. ഖാദിസ്വപ്നങ്ങൾക്ക് ഉദാരമതികൾ സംഭാവന നൽകിയിട്ടുള്ള ഏക്കർ കണക്കിന് ഭൂമി കേരളത്തിലെ ഖാദി സ്ഥാപനങ്ങളുടെ കൈവശമുണ്ട്. അവ മിക്കതും തരിശായി കിടക്കുകയാണ്. അവ കൂടി ഖാദി വ്യവസായത്തിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിഞ്ഞാൽ ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും.

(ലേഖകൻ സർവോദയ സംഘം സ്റ്റാഫ് ആന്റ് ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ് ഫോൺ : 9447534515)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KHADI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.