SignIn
Kerala Kaumudi Online
Thursday, 19 September 2024 2.58 AM IST

നവോത്ഥാന പൂർണതയ്ക്ക് ആശാനെ അറിയണം

Increase Font Size Decrease Font Size Print Page

photo

യുഗസ്രഷ്ടാക്കളായ അപൂർവം കവികളിലൊരാളാണ് കുമാരനാശാൻ. ആദ്യത്തെയാളായ എഴുത്തച്ഛൻ മലയാളികൾക്ക് കാവ്യദീർഘമായ യുഗം സമ്മാനിച്ചു. പിന്നെയും വലിയ കവികളുണ്ടായി. ആശാനെപ്പറ്റിയാകുമ്പോൾ ശ്രീനാരായണ ഗുരുവിനെക്കുറിച്ചും പറയണം. അദ്ദേഹം യോഗകവിയാണ്.

അവനിവനെന്നറിയുന്നതൊക്കെയോർത്താൽ

അവനിയിലാദിമമായൊരാത്മരൂപം

അവനവനാത്മസുഖത്തിന്നാചരിക്കുന്നവ

അപരന്നു സുഖത്തിനായ് വരേണം

- എന്നത് ഒരു സന്യാസിക്ക് ലോകത്തിന് നൽകാവുന്ന ഏറ്റവും വലിയ ഉപദേശമാണ്.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവുമെന്ന് തുടങ്ങി നിന്നിലസ്പന്ദമാകണമെന്ന് ഗുരു പറയുന്നു. ഇത്രയും ഭൗതികമായൊരു ദെെവദർശനം ലോകത്ത് മറ്റാരും പറഞ്ഞിട്ടുണ്ടാകില്ല. 'അസ്പന്ദം' പോലെ ഉത്തരാധുനികമായ വാക്ക് എത്രകാലം മുമ്പാണ് ഉപയോഗിച്ചിരിക്കുന്നത്! അതിന്റെ തുടർച്ചയിലാണ് ആശാനെന്നത് അദ്ദേഹത്തിന്റെ സ്‌തോ ത്രകൃതികളിൽ വ്യക്തമാണ്.

ഭാവബന്ധമൊടു സത്യരൂപനാം

ദേവ നിൻ മഹിമയാർന്ന കോവിലിൽ

പാവനപ്രഭയെഴും വിളക്കിതാ

സാവധാനമടിയൻ കൊളുത്തിനേൻ

പാവനപ്രഭയാർന്ന വിളക്ക് കൊളുത്തലാണ് തന്റെ ദൗത്യമെന്ന് എത്ര കൃത്യമായാണ് ആശാൻ പറഞ്ഞിരിക്കുന്നത്. വിളക്ക് കൊളുത്തുന്നതാകട്ടെ സാവധാനത്തിലാണ്. നവോത്ഥാനത്തിന്റെയും യുഗസൃഷ്ടിയുടെയും തിരികൊളുത്തൽ പെട്ടെന്നാകില്ല. നവോത്ഥാനം സാവധാനം പ്രവർത്തിക്കുന്നതാണെന്ന് ആശാന് നല്ല ബോധമുണ്ടായിരുന്നു.

ആ സന്ധി പൂർത്തിയായില്ല

ചാത്തപ്പുലയന്റെ നിഴൽ കണ്ടാലും ഭ്രഷ്ടുണ്ടാകുന്ന കാലത്താണ് കുലാംഗനയായ സാവിത്രി അയാളുടെ കുടിലിലെത്തിയത്. നീയെന്നോടൊപ്പം പായ പങ്കിടുമോ എന്നും ചെളിയിലിറക്കി മനുഷ്യസ്ത്രീയാക്കണമെന്നും പകരം ഞാൻ നിനക്ക് നിഷേധിക്കപ്പെട്ട അക്ഷരം തരാമെന്നും സാവിത്രി പറയുന്നു. അവർണ പുരുഷനോട് സവർണസ്ത്രീ നടത്തുന്ന ആദ്യ സന്ധിയാണിത്. അത് പൂർത്തിയാക്കാൻ നമുക്കിന്നുമായിട്ടില്ല. ദുരവസ്ഥയിലെ ആ ചരിത്ര നിയോഗമാണ് ആശാനെ യുഗസ്രഷ്ടാവാക്കിയതിലെ ഒരദ്ധ്യായം. മറ്റൊന്ന് ചണ്ഡാലഭിക്ഷുകിയും.

ശ്രമണമതങ്ങളെ പതുക്കെ ഇല്ലാതാക്കുകയും ബ്രാഹ്മണമതം മേൽക്കെെ നേടുകയും ചെയ്ത കാലത്ത് ബുദ്ധനെ ആശാൻ ചരിത്രത്തിൽനിന്ന് കൊണ്ടുവന്നു. കുടിക്കുന്ന വെള്ളത്തിൽ ഇന്നും ജാതിയുണ്ട്. ബുദ്ധഭിക്ഷുവിനോട്, അങ്ങ് ജാതി മറന്നുവോ എന്ന് കീഴാളസ്ത്രീ ചോദിക്കുന്നിടത്ത്, കർതൃത്വം സ്ത്രീയ്ക്ക് കൊടുത്തു. ചാത്തൻ അങ്ങോട്ടല്ല, സാവിത്രി ഇങ്ങോട്ടാണ് കെെ കൊടുത്തത്. ആശാൻ നടത്തിയതു പോലുള്ള സ്ത്രീവിമോചനം നമുക്ക് നടത്താനായില്ല. ചിന്താവിഷ്ടയായ സീതയിൽ, 'ആര്യപുത്ര' എന്ന് മാത്രം വിളിച്ചു ശീലിച്ച സീതയെക്കൊണ്ട് 'പ്രിയ രാഘവ' എന്ന് വിളിപ്പിക്കുന്നു. വന്ദനം ഭവാന്, ഉയരുന്നു ഭുജശാഖ വിട്ടു ഞാനെന്ന് 110 വർഷം മുമ്പാണ് ആശാൻ പറയിച്ചത്. അറുപതുകളിൽ പി. ഭാസ്‌കരൻ പാട്ടെഴുതുമ്പോൾ പോലും എന്നാത്മനായകനെ എന്തു വിളിക്കുമെന്ന് സംശയുമുണ്ടായിരുന്നു.

കേരളത്തിന്റെ നവോത്ഥാന യാഥാർത്ഥ്യത്തെ സൃഷ്ടിക്കാനാണ് ആശാൻ എഴുതിയത്. നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയനെന്നും വരുമൊരുഷസ്സ് ശൂദ്രന്റേതാണെന്നും മറയില്ലാതെ പറഞ്ഞു. വെെക്കം സത്യഗ്രഹം അതിനുമെത്രയോ ശേഷമാണുണ്ടായത്. ചണ്ഡാല ഭിക്ഷുകിയിൽ ബുദ്ധൻ പ്രസേനജിത്തിനോട് പറയുന്നുണ്ട്, ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം, നാളത്തെ ശാസ്ത്രമതാകാ,

മതിൽ സമ്മതം മൂളായ്ക രാജനെന്ന്. ഭരിക്കുന്നവരുടെ മുഖത്ത് നോക്കി ഇങ്ങനെ പറയാൻ ആത്മധെെര്യമുള്ള കവികൾ ഇന്ന് കുറവാണ്. ഉണ്ടെങ്കിൽത്തന്നെ വകവരുത്തും. ഒരു കല്ലെടുത്തു വച്ച്, വേണമെങ്കിൽ ആർക്കും സ്വന്തം ദെെവത്തെ സൃഷ്ടിക്കാമെന്ന് കാണിച്ച ഗുരുവിന്റെ പതാക വാഹകനാണ് ആശാൻ.

ആധുനിക നവോത്ഥാനം തുടങ്ങിയത് ആശാനിൽ നിന്നാണ്. അതിന് മുമ്പ് അദ്ദേഹമുണ്ടാക്കിയ ദാർശനികാടിത്തറ പാലക്കാട്ട് ജയിനിമേട്ടിൽ അപ്പോത്തിക്കിരിയെ കാണാൻ വന്നപ്പോളെഴുതിയ വീണപൂവിലുണ്ട്.

ഹാ പുഷ്പമേ, അധികതുംഗപഥത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ... എന്നു തുടങ്ങി

എണ്ണീടുകാർക്കുമിതുതാൻ ഗതി, സാദ്ധ്യമെന്തു

കണ്ണീരിനാലവനിവാഴ് വു കിനാവു കഷ്ടം

എന്ന് അവസാനിക്കുമ്പോൾ പ്രപഞ്ച ജീവിതസാരമത്രയും സംഗ്രഹിക്കാനായി. ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ, ഒന്നല്ലി കെെയിഹ രചിച്ചതു നമ്മെയെല്ലാമെന്നത് എത്ര ഉദാത്തവും ഉദാരവുമായ ജെെവദർശനമാണ്!

ഉയിരുകളുടെ ആനന്ദം

മാംസനിബദ്ധമല്ല രാഗമെന്ന് പറയാനാണ് കരുണയെഴുതിയത്. അതിൽ പ്രേമത്തിൻ്റെ പേരിലുള്ള കാട്ടിക്കൂട്ടൽ കണ്ടാൽ പേടിയാകുമെന്നും പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിൽ കലാശിക്കുന്ന പുതിയ പ്രണയകാലത്തും ഇത് പ്രസക്തമാണ്. അനേകം പുരുഷൻമാർക്കിടയിലിരുന്നും വാസവദത്തയ്ക്ക് ഉപഗുപ്തനോട് ആത്മീയ പ്രണയമുണ്ടായി. ആത്മവിദ്യാലയത്തിൽ മാംസക്കഷണമായി കിടക്കുമ്പോഴും ഉപഗുപ്തനെത്തിയപ്പോൾ വാസവദത്ത തലപൊക്കി. നളിനി - ദിവാകരൻമാരുടെ കഥയിലും ലീലയിലുമെല്ലാം ഉടലുകളുടെ ഉല്ലാസമല്ല, ഉയിരുകളുടെ ആനന്ദമാണ് പ്രണയമെന്ന് ആശാനെഴുതി. ശരീരനിഷ്ഠമായ ആത്മാവാണ് മറ്റൊരാത്മാവിനെ പ്രണയിക്കുന്നത്. ഗുരുവുൾക്കൊണ്ട ആത്മീയതയാണ് ആശാന്റേതും. അദ്വെെതമാണ് ഇന്ത്യൻ ദർശനം. അത് മുറിയില്ലെന്ന് ഗുരുവിന്റെ ദർശനമാലയിലുണ്ട്. പ്രണയവും മരണവും രണ്ട് ചിറകിലുള്ള ഒറ്റപ്പക്ഷിയാണെന്ന് പറയാൻ അത്യുദാത്ത ശേഷിയുള്ള കവിക്കേ കഴിയൂ. പ്രണയം പൂർണ മാകുന്നത് മരണത്തിലാണ്. മരണത്തിന്റെ ഉദാത്ത സൗന്ദര്യത്തെപ്പറ്റിയും ആശാനെഴുതി. പല്ലനയാറ്റിൽ താണപ്പോഴും ഉയർന്നുവന്ന വാക്കാണ് ആശാൻ.

വെെരാഗ്യമേറിയൊരു വെെദികനാട്ടെ

ഏറ്റ വെെരിക്കു മുമ്പുഴറിയോടിയ ഭീരുവാട്ടെ

നേരേ നിന്നു വിലസീടിന നിന്നെ നോക്കി

ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കാം

എന്നത് ആശാനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതയെക്കുറിച്ചും പറയാം. അളക്കാനാവാത്ത ആശാനെ സമഗ്രമായി വിലയിരുത്തിയാൽ മാത്രമേ കേരളീയ നവോത്ഥാനത്തിന് യഥാർത്ഥമായ തുടർച്ചയുണ്ടാകൂ.

( തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടും പാലക്കാട് ജില്ല പബ്ളിക് ലെെബ്രറിയും ചേർന്ന് പാലക്കാട്ട് നടത്തിയ ആശാന്റെ 150-ാം ജന്മവാർഷിക പരിപാടിയിലെ പ്രസംഗത്തിൽ നിന്ന്. തയ്യാറാക്കിയത്: കെ.എൻ. സുരേഷ് കുമാർ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KUMARAN ASAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.