SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.27 PM IST

ചരടുപൊട്ടിയ മനസ് തെരുവിൽ അലയുന്നു

photo

മേലാകെ മാലിന്യം പുരണ്ടൊരു ചെറുപ്പക്കാരൻ. പേരിന് അരയിലെന്തോ ചുറ്റിയിട്ടുണ്ട്. മനസ് എപ്പോഴോ ചിതറിപ്പോയ ആ മനുഷ്യനെ കാണുമ്പോൾ തന്നെ എല്ലാവരും ഭയന്ന് മാറി നടക്കുകയാണ്. ചിലർ അയാളെ ആട്ടിയോടിക്കുന്നു. ആരൊക്കെ അവനെ ഉപദ്രവിച്ചെന്നറിയില്ല, കാൽമുട്ടിൽ നിന്നും ഒലിച്ചിറങ്ങി ഉണങ്ങിയൊട്ടിയ ചോരപ്പാടുകൾ കാണാം. തിരക്കേറിയ കഴക്കൂട്ടം ബൈപ്പാസിൽ ടെക്നോപാർക്ക് പരിസരത്ത് കറങ്ങി നടക്കുന്ന ഈ ചെറുപ്പക്കാരനെക്കുറിച്ച് നാട്ടുകാർ പൊലീസിൽ അറിയിച്ചിട്ടും ഫലമുണ്ടായില്ല. മുൻപൊന്നും ഇല്ലാത്തവിധം കേരളത്തിൽ എവിടേയും കാണാം മനസിന്റെ നൂലുപൊട്ടിയ പാവങ്ങളെ.

1987ലെ മെന്റൽ ഹെൽത്ത് ആക്ട് (മാനസികാരോഗ്യ നിയമം) മാറി പകരം 2017ൽ മാനസികാരോഗ്യ സംരക്ഷണ നിയമം (മെന്റൽ ഹെൽക്ക് കെയർ ആക്ട്) നിലവിൽ വന്നിരുന്നു. മാറിയ കേന്ദ്രനിയമം അനുസരിച്ചുള്ള സർക്കാർ നടപടികളുണ്ടാകാത്തതാണ് മാനസികവെല്ലുവിളി നേരിടുന്നവരെ പൊതുസമൂഹത്തിനു വെല്ലുവിളിയായി തെരുവിൽ എത്തിച്ചത്.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരാൾ, അയാളുടെ ജീവന് ആപത്തോ മറ്റുള്ളവരുടെ ജീവന് ആപത്തോ ഉണ്ടാക്കുന്നുവെങ്കിൽ മാത്രമേ ബലം പ്രയോഗിച്ച് ചികിത്സയ്ക്ക് വിധേയനാക്കാൻ പുതിയ നിയമം അനുവദിക്കുന്നുള്ളൂ. വെറുതെ അലഞ്ഞു തിരിഞ്ഞു നടന്നാൽ ചികിത്സിക്കാൻ വകുപ്പില്ല. ഇവർക്കായി പുനരധിവാസ കേന്ദ്രങ്ങൾ സർക്കാർ തുറക്കണമെന്ന് പുതിയ നിയമത്തിൽ പറയുന്നുണ്ടെങ്കിലും നടപടിയില്ല. ഇതാണ് മാനസിക വെല്ലുവിളിയുമായി തെരുവിൽ അലയുന്നവരുടെ എണ്ണം കൂടാൻ കാരണം. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർത്തിയായാലും കൂട്ടിക്കൊണ്ടു പോകാൻ പലപ്പോഴും ബന്ധുക്കളെത്താറില്ല. പുതിയ നിയമത്തിന്റെ പേരുപറഞ്ഞ് അത്തരക്കാരെ പുറംലോകത്തേക്ക് അയയ്‌ക്കുകയാണ് ചെയ്യുന്നത്. തെരുവിൽ അലയുന്നവരുടെ കൂട്ടത്തിൽ അവരുമുണ്ട്.

വ്യക്തിയുടെ അവകാശത്തിന് പ്രധാന്യം കൊടുത്താണ് നിയമം പരിഷ്കരിച്ചത്.

അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ 1987ലെ ആക്ട് പ്രകാരം കസ്റ്റിഡിയിലെടുത്ത് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ പൊലീസിന് അധികാരമുണ്ടായിരുന്നു. മജിസ്ട്രേറ്റ് അയാളെ ചികിത്സാ കേന്ദ്രത്തിലേക്ക് വിടും. ഡോക്ടർ മജിസ്ട്രേറ്റിന് റിപ്പോർട്ടും നൽകും.ഈ രീതിയാണ് മാറിയത്.

പുതിയ നിയമപ്രകാരം, ആരെയെങ്കിലും പിടിച്ചാൽ,പൊലീസ് അയാളെ എത്തിക്കേണ്ടത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ മുന്നിലാണ്. ഡോക്ടറാണ് മാനസികരോഗം സ്ഥിരീകരിച്ച് അയാളെ സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കേണ്ടത്.

നിയമവും ഉഴപ്പും

1. മാനസികവെല്ലുവിളി നേരിടുന്നവരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന, ജില്ലാതലത്തിൽ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് വേണമെന്നാണ് നിയമം.

സംസ്ഥാനതല ബോർഡിലേക്ക് അംഗങ്ങളെ നിയമിച്ച് ഉത്തരവിറക്കിയതല്ലാതെ അവ എങ്ങനെ പ്രവർത്തിക്കണം, അതിനുള്ള പണം എങ്ങനെ കണ്ടെത്തണം എന്നതിനെക്കുറിച്ചൊന്നും ഉത്തരവിൽ പറയുന്നില്ല.

2. രോഗമുക്തി വന്നവർക്കായി പുനരധിവാസ കേന്ദ്രങ്ങളൊരുക്കണമെന്നാണ് നിയമം. തൊഴിൽ പരിശീലനം നല്‌കി അവർ ഉത്‌പാദിപ്പിക്കുന്ന സാധനങ്ങൾ വിറ്റ് ആ വരുമാനം അവർക്ക് നൽകുന്ന പരിശീലന കേന്ദ്രങ്ങളാണ് സ്ഥാപിക്കേണ്ടത്.

ഇതിനും യാതൊരു നീക്കവും ഉണ്ടായിട്ടില്ല.

ചികിത്സവേണമോ എന്ന്

സ്വയം തീരുമാനിക്കാം

1.അഡ്വാൻസ്ഡ് ഡിറക്ടീവ്: തനിക്ക് മാനസികരോഗം വന്നാൽ ചികിത്സയ്ക്ക് വിധേയനാക്കരുതെന്ന് വിൽപത്രത്തിലെന്നപോലെ എഴുതിവയ്ക്കാം. ആ വ്യക്തി സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടമുണ്ടാക്കുന്നു എങ്കിൽ മാത്രമേ ചികിത്സയ്ക്ക് വിധേയനാക്കാൻ കഴിയൂ.

2.നോമിനേറ്റഡ് റെപ്രസെന്ററ്റീവ് : തനിക്ക് സമനിലതെറ്റി പോകുമെന്ന അവസ്ഥ വന്നാൽ തന്റെ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ചുമതലപ്പെടുത്തുന്നു എന്ന് കാണിച്ച് ഒരാളെ നിയോഗിക്കാം. അത് ബന്ധുക്കളാവണമെന്ന് നിർബന്ധമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MENTAL HEALTH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.