SignIn
Kerala Kaumudi Online
Thursday, 28 March 2024 2.12 PM IST

മുഖ്യമന്ത്രിക്ക് തുറന്ന കത്ത്,​ വിശ്രമകേന്ദ്രത്തിന്റ പേരിൽ ഭൂമിക്കച്ചവടമോ?​

photo

സംസ്ഥാന സ‌ർക്കാരിന്റെ വഴിയോര വിശ്രമകേന്ദ്രം പദ്ധതിയിലൂടെ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ഭൂമിക്കച്ചവടമാണ്. അങ്ങയുടെ ആദ്യ സർക്കാരിന്റെ അവസാന കാലത്ത് ഇതു സംബന്ധിച്ച വീഴ്ചകൾ അന്ന് പ്രതിപക്ഷനേതാവായിരുന്ന ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ,​ താത്കാലികമായെങ്കിലും ചേർത്തലയിലെ ഒരേക്കർ ഭൂമി കമ്പനിക്കു കൈമാറാനുള്ള നടപടികൾ നിറുത്തിവച്ചിരുന്നു. എന്നാൽ അങ്ങയുടെ നേതൃത്വത്തിൽ ഇടതു സർക്കാർ വീണ്ടും അധികാരമേറ്റതിനു പിന്നാലെ അതീവ രഹസ്യമായി പഴയ പദ്ധതി പൊടിതട്ടിയെടുത്തതിന്റെ രേഖകൾ അടുത്തിടെ പുറത്തുവന്നു.

ഇതു സംബന്ധിച്ച രേഖകൾ ഉൾപ്പെടെ പുറത്തുവിട്ട് ഞാൻ പാലക്കാട്ടു നടത്തിയ വാർത്താസമ്മേളനത്തിൽ 10 ചോദ്യങ്ങൾ സർക്കാരിനോടും 'ഓക്കി' (ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്സ്)​ കമ്പനിയോടും ഉന്നയിച്ചിരുന്നെങ്കിലും ഒന്നിനു പോലും കൃത്യമായ മറുപടി നല്കാൻ തയ്യാറായിട്ടില്ല. ഓക്കി കമ്പനി പുറത്തിറക്കിയതാകട്ടെ,​ ഏറ്റവും ദുർബലമായ വിശദീകരണവും! ഭൂമിക്ക് കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന കമ്പനിയുടെ വാദം ശുദ്ധ കള്ളമാണെന്ന് അങ്ങയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിനുള്ള കുറിപ്പിലൂടെ കണ്ണോടിച്ചാൽ വ്യക്തമാവും.


ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ സഞ്ചാരികൾക്കു വിശ്രമിക്കാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും ആധുനികകേന്ദ്രം വേണമെന്നതിൽ തർക്കമില്ല. വിദേശങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ ധാരാളമുണ്ട്. എന്നാൽ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ പേരിൽ സർക്കാർ ഭൂമി സ്വകാര്യകമ്പനിക്കു നല്കുന്നതും,​ ഈ ഭൂമി ബാങ്കിൽ പണയംവച്ച് ഇഷ്ടം പോലെ കടമെടുക്കാൻ അധികാരം നല്കുന്നതും അതീവ ഗുരുതരമായ ക്രമക്കേടാണെന്ന് ഞാൻ ആവർത്തിക്കുന്നു.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

സർക്കാരിന്റെ അധീനതയിൽത്തന്നെ ഭൂമി നിലനിറുത്തിക്കൊണ്ട് പദ്ധതി നടപ്പാക്കാവുന്നതേയുള്ളൂ. അതിനുള്ള സാദ്ധ്യതകൾ തേടി വേണം മുന്നോട്ടു പോകാനെന്ന് ആവശ്യപ്പെടുന്നു. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദുരീകരിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അങ്ങ് ബാദ്ധ്യസ്ഥനാണ്. സംശയങ്ങളുയരാൻ ന്യായമായ പല കാരണങ്ങളുമുണ്ട്. അതിന് അങ്ങ് മറുപടി പറഞ്ഞേ മതിയാകൂ.

1. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്സ് എന്ന കമ്പനി രൂപീകരിച്ചാണ് വഴിയോര വിശ്രമകേന്ദ്രം പദ്ധതി നടപ്പാക്കുന്നത്. ഈ കമ്പനി പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിലാണെന്നും 51ശതമാനം ഓഹരി സർക്കാരിനുള്ളതാണെന്നും അങ്ങയുടെ കീഴിലുള്ള നോർക്ക വകുപ്പ് വിശദീകരിക്കുന്നുണ്ട്. എങ്കിൽ അടിസ്ഥാനപരമായ ഒരു സംശയം ഉന്നയിക്കട്ടെ.


സർക്കാർ ഉടമസ്ഥതയിലുള്ള ഓക്കി കമ്പനിയിൽ എങ്ങനെ ബാജു ജോർജ് എന്ന വ്യക്തി മാനേജിങ് ഡയറക്ടറായി നിയമിതനായി?​ 70,​000 രൂപ അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും നൽകി ബാജു ജോർജിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചെന്ന ഒറ്റവരി മറുപടിയാണ് വിവരാവകാശത്തിൽ ലഭിച്ചിരിക്കുന്നത്. സർക്കാർ കമ്പനിയിൽ പുറത്തു നിന്നൊരാളെ നിയമിക്കുമ്പോൾ നിബന്ധനകൾ പാലിച്ചിട്ടുണ്ടോ? കമ്പനി എം.ഡി സ്ഥാനത്തേക്ക് പരസ്യം പ്രസിദ്ധീകരിച്ചിരുന്നോ? എത്ര അപേക്ഷകരുണ്ടായിരുന്നു? അവരിൽ നിന്ന് ബാജു ജോർജിനെ തെരഞ്ഞെടുത്തതിന്റെ നടപടിക്രമം എന്തൊക്കെയായിരുന്നു? ഇതു സംബന്ധിച്ച രേഖകൾ പൂർണമായും പുറത്തുവിടണം.

വ്യവസ്ഥയിലെ ഒളിച്ചുകളി


2. ഓക്കി കമ്പനിയുടെ പേരിൽ ഭൂമി കൈമാറുമ്പോൾ പ്രധാന വ്യവസ്ഥകൾ ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലെന്നതും,​ സർക്കാർ ആവശ്യങ്ങൾ വന്നാൽ നഷ്ടപരിഹാരമില്ലാതെ തിരികെ നല്കണമെന്നുമാണ്. ഈ വ്യവസ്ഥകൾ മാറ്റിയത് അങ്ങയുടെ കീഴിലുള്ള ചീഫ് സെക്രട്ടറിയും അങ്ങയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ്. സർക്കാർ ഭൂമി എവിടെ വേണമെങ്കിലും പണയപ്പെടുത്തിയോ ആർക്കും മറുപാട്ടത്തിനു നല്കിയോ അന്യാധീനപ്പെടുത്താൻ ഇടയാക്കുന്നതല്ലേ ഈ വ്യവസ്ഥ?​ മാത്രമല്ല,​ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിക്കായി തയ്യാറാക്കിയ മാതൃകയിൽ ഭൂമി കൈമാറ്റ വ്യവസ്ഥയിൽ ഇളവുകൾ നല്കാമെന്നാണ് ചീഫ് സെക്രട്ടറിതല യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട്ടും എറണാകുളത്തും ഇത്തരം പദ്ധതിക്കായി സോൺട ഇൻഫ്രാസ്ട്രക്ചറിന് ഭൂമി നല്കിയും 'പണയപ്പെടുത്താൻ' അനുമതി നല്കുന്ന ഇളവുകളോടെയാണ്. മൂന്നുവർഷം കഴിഞ്ഞിട്ടും രണ്ടു പദ്ധതികളും എങ്ങുമെത്തിയിട്ടില്ല. ഇത്തരം തെറ്റായ ചട്ടങ്ങൾ സർക്കാർ ഭൂമി നഷ്ടപ്പെടുത്താനേ ഉപകരിക്കൂ എന്ന് പദ്ധതികൾതന്നെ വ്യക്തമാക്കുന്നു.

പദ്ധതി ഒന്ന്,​ കമ്പനി മൂന്ന്!

3. ഓക്കി കമ്പനിക്കു നൽകുന്ന ഭൂമിയിൽ പദ്ധതി വികസിപ്പിച്ച ശേഷം റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു എസ്.പി.വി (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കമ്പനി)​ രൂപീകരിച്ച് അവർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഈ എസ്.പി.വിയിൽ 26 ശതമാനം മാത്രമല്ലേ സർക്കാർ ഓഹരി?​ 74ശതമാനം വിദേശ മലയാളികൾക്കുള്ളതാണ്. അപ്പോൾ യഥാർത്ഥത്തിൽ ഭൂമിയുടെയും പദ്ധതിയുടെയും നടത്തിപ്പും നിയന്ത്രണവും വിദേശവ്യക്തികളുടെ കൈകളിലാവുകയല്ലേ ചെയ്യുന്നത്? ഇതു പിന്നെയും റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് രൂപീകരിച്ച് അവർക്കു കൈമാറുമെന്നാണ് 'ഓക്കി' വ്യക്തമാക്കുന്നത്. അപ്പോൾ യഥാർത്ഥ അവകാശികളും നടത്തിപ്പു ചുമതലയുള്ളവരും ആരാണ്? റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന എസ്.പി.വിയോ അതോ റിയൽ എസ്റ്റേറ്റ് ഇൻവെസ്‌റ്റ്മെന്റ് ട്രസ്റ്റോ? അതോ 'ഓക്കി'യോ? ഒരേ പദ്ധതി നടത്തിപ്പിന് മൂന്നു കമ്പനികളുടെ ആവശ്യമെന്തെന്ന് വ്യക്തമാക്കണം.

4. ഇക്കാര്യങ്ങളൊന്നും നിഷേധിക്കാതിരുന്ന 'ഓക്കി' കമ്പനി, എല്ലാ സ്ഥാപനങ്ങളും നിയമപ്രകാരമുള്ള ഓഡിറ്റിന് വിധേയമാണെന്ന ഒഴുക്കൻ മറുപടി മാത്രമാണ് നല്കിയിരിക്കുന്നത്. ഓഡിറ്റും അതിൽ പൊടിയിടാനുള്ള വകുപ്പുകളും സർക്കാർതന്നെ ഒരുക്കിക്കൊടുക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ? ഇതൊന്നും പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കരുത്.

കരാറുകൾ എവിടെ?​

5. നോർക്ക വകുപ്പിന്റെ കീഴിലാണല്ലോ ഓക്കിക്ക് രൂപം നല്കിയിരിക്കുന്നത്. നോർക്കയും ഓക്കിയും തമ്മിൽ പദ്ധതി നടത്തിപ്പിന് കരാറോ ധാരണാപത്രമോ ഒപ്പിട്ടിട്ടുണ്ടോ? എങ്കിൽ അവ പുറത്തുവിടണം. ഓക്കിയും റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡുമായി ഏർപ്പെട്ടിരിക്കുന്ന കരാറും ധാരണാപത്രവും പുറത്തുവിടാനും തയ്യാറാവണം. വഴിയോര വിശ്രമകേന്ദ്രങ്ങൾ പിന്നീട് സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണത്തിലുള്ള റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രക്ചറിനു കീഴിലാക്കാൻ എന്തെങ്കിലും തീരുമാനമോ ധാരണയോ ഉണ്ടെങ്കിലും അതു സംബന്ധിച്ച രേഖകളും കരാറുകളും പുറത്തുവിടാനും തയ്യാറാവണം.

6. മന്ത്രിസഭാ യോഗത്തിൽ നിയമ, ധന, റവന്യു വകുപ്പുകൾ എതിർപ്പുകൾ ഉന്നയിച്ചിട്ടും എന്തടിസ്ഥാനത്തിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് വിശദീകരിക്കാനുള്ള ബാദ്ധ്യത മുഖ്യമന്ത്രിയെന്ന നിലയിൽ അങ്ങേയ്ക്കുണ്ട്. കാരണം, ഇത്രയും നിർണായകമായ തീരുമാനങ്ങൾക്കും അതു കൈക്കൊള്ളാൻ ചേർന്ന യോഗങ്ങൾക്കും മുൻകൈയെടുത്തിരിക്കുന്നതും നിർദ്ദേശങ്ങൾ വച്ചിരിക്കുന്നതും അങ്ങയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണെന്ന് രേഖകളിൽ വ്യക്തമാണ്. ഇതോടൊപ്പം കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണത്തിനായി സ്വകാര്യ കമ്പനിക്ക് കോർപ്പറേഷന്റെ 12.67 എക്കർ ഭൂമിയും,​ സ്വകാര്യ കമ്പനിക്ക് പദ്ധതി നടപ്പാക്കാൻ ഈ ഭൂമി ബാങ്കുകളിലോ മറ്റോ പണയപ്പെടുത്താനുളള ഉത്തരവും നല്കിയിരിക്കുന്നു. ഇതെല്ലാം ഇടതുപക്ഷ നയത്തിനെതിരായ നിലപാടുകളല്ലേ?

വിശ്രമകേന്ദ്രത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയും ഫോറസ്റ്റ് ഇൻഡസ്ട്രീസിന്റെ ഷോറൂം തകർത്തും സിൽക്കിന്റെയും ഓട്ടോകാസ്റ്റിന്റെയും വരുമാനത്തിൽ കയ്യിട്ടുവാരിയും ജി.എസ്.ടി വകുപ്പിന്റെ ഭൂമി വെട്ടിപ്പിടിച്ചും ആരുടെ കീശ നിറയ്ക്കാനാണ് അങ്ങ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് അറിയാനുള്ള അവകാശം സംസ്ഥാനത്തെ സാധാരണക്കാർക്കുണ്ട്. ഇത്തരത്തിൽ ഏതെല്ലാം പദ്ധതികൾക്ക് ഭൂമി നല്കിയിട്ടുണ്ടെന്നുകൂടി വ്യക്തമാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPEN LETTER TO CM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.