SignIn
Kerala Kaumudi Online
Thursday, 25 April 2024 1.14 AM IST

ഉത്തരവാദിത്ത വിനോദസഞ്ചാരം ; കേരളം ആഗോള മാതൃക

chekadi-vayanadu

വിനോദസഞ്ചാരരംഗത്ത് കേരളം വലിയൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. ഉത്തരവാദിത്ത ടൂറിസത്തിലെ പങ്കാളിത്ത രാജ്യങ്ങളുടെ ആഗോള ഉച്ചകോടി ഈ കുതിച്ചുചാട്ടത്തിന് കൂടുതൽ കരുത്തും ദിശാബോധവും നൽകുന്നുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തെ അന്താരാഷ്ട്ര സമൂഹം ഇതിനോടകം അംഗീകരിച്ചു കഴിഞ്ഞതാണ്. ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടിയുടെ ആദ്യവേദിയാകാൻ കേരളത്തിന് സാധിച്ചതുതന്നെ വലിയൊരു അംഗീകാരമാണ്. ആഗോള വിനോദസഞ്ചാരരംഗത്തെ പ്രധാനികളിലൊരാളും വിവിധ ട്രേഡ് ഷോകളുടെ അഡ്വൈസറുമായ ഹാരോൾഡ് ഗുഡ്വിൻ തയ്യാറാക്കിയ 2022ലെ കേപ് ടൗൺ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് ഇന്ന് ലോകമെമ്പാടും ഉത്തരവാദിത്ത വിനോദസഞ്ചാരം വളരുന്നത്. അതിന്റെ ചുവടുപിടിച്ചാണ് കേരളവും ഇത്തരമൊരു ഉച്ചകോടിക്ക് വേദിയായത്.


സുസ്ഥിര വിനോദസഞ്ചാരവും ഉത്തരവാദിത്ത വിനോദസഞ്ചാരവുമാണ് ഇന്ന് ലോകം അംഗീകരിച്ചിട്ടുള്ള രണ്ട് വിനോദസഞ്ചാര സങ്കേതങ്ങൾ. സമൂഹത്തിനും സ്ഥലങ്ങൾക്കും സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ആദ്യത്തേതിന്റെ ലക്ഷ്യമെങ്കിൽ ആ സുസ്ഥിരതയിലേക്കുള്ള സഞ്ചാരത്തിൽ സമൂഹമെന്ന നിലയിൽ നാം പുലർത്തേണ്ട ഉത്തരവാദിത്തങ്ങൾ ഉറപ്പാക്കുകയാണ് ഉത്തരവാദിത്ത വിനോദസഞ്ചാരം ചെയ്യുന്നത്. ഉത്പാദകരെന്ന നിലയിലും ഉപഭോക്താക്കളെന്ന നിലയിലും സുസ്ഥിര വിനോദസഞ്ചാരമെന്ന ആഗ്രഹസാഫല്യത്തിനുള്ളതാണ് ഉത്തരവാദിത്ത ടൂറിസം. സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ മൂന്ന് തൂണുകളിലാണ് ഇത് നിലനിൽക്കുന്നത്. വിനോദസഞ്ചാരത്തെ മികച്ചതാക്കാൻ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതിലൂടെ, നമുക്കുണ്ടാകുന്ന ഓരോ നേട്ടങ്ങളുടെ കാര്യത്തിലും സുതാര്യത പുലർത്താനാകും. വിനോദസഞ്ചാരത്തെ ഉപയോഗപ്പെടുത്തി പ്രാദേശികജനതയ്ക്ക് ജീവിക്കാൻ പറ്റിയരീതിയിലും പുറത്തുള്ളവർക്ക് സന്ദർശിക്കാൻ പറ്റിയരീതിയിലും അതതുസ്ഥലങ്ങളുടെ പാരിസ്ഥിതിക സാദ്ധ്യതകൾ നശിക്കാതെ സൂക്ഷിക്കുന്നു. അതേസമയം സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളെ സജ്ജമാക്കുന്ന പ്രവർത്തനം ഒരുപോലെ അതിഥികളുടേയും ആതിഥേയരുടേയും കൂട്ടായ്മയാണ്. ഉത്തരവാദിത്ത ടൂറിസത്തെപ്പറ്റിയുള്ള ചർച്ചകൾ രണ്ടു പതിറ്റാണ്ടിനു മുൻപ് തുടങ്ങിയെങ്കിലും തുടക്കത്തിൽ കേരളത്തിന് പഠിക്കാനോ കൂടിയാലോചിക്കാനോ പ്രായോഗിക മാതൃകകളൊന്നും ഉണ്ടായിരുന്നില്ല. കോവളം (ബീച്ച്), കുമരകം (കായൽ). തേക്കടി (വന്യജീവിസങ്കേതം), വയനാട് (ഹിൽസ്റ്റേഷൻ) എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാൻ 2008ൽ കേരള സർക്കാർ തീരുമാനിക്കുകയായിരുന്നു. പ്രാദേശിക ജനതയുടെ പങ്കാളിത്തവും അവരുടെ ജീവിതനിലവാരത്തിലുണ്ടാകുന്ന മെച്ചപ്പെടലുകളും അനുഭവവേദ്യമായി തുടങ്ങിയെങ്കിലും 2017ൽ നോഡൽ ഏജൻസിയായി ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിക്കപ്പെട്ടതോടെയാണ് പ്രവർത്തനങ്ങൾക്ക് വേഗം കൈവന്നത്. വിനോദസഞ്ചാരത്തിൽ സാമൂഹിക പങ്കാളിത്തവും സ്ത്രീശാക്തീകരണവും ഉറപ്പാക്കിയുള്ള പ്രാദേശികവികസനമെന്ന സംസ്ഥാനനയം ഇപ്പോൾ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഉത്തരവാദിത്ത ടൂറിസത്തിന്റെ ആഗോള നേതൃത്വത്തിലേക്ക് കേരളത്തെ നയിക്കുകയും ചെയ്തു. നിലവിലുള്ളവ കൂടാതെ കൂടുതൽ ഗ്രാമീണ വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കപ്പെടുന്നതിലൂടെ കൂടുതൽ യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ തൊഴിൽമേഖലകൾ കണ്ടെത്താനാകും. അതുകൊണ്ടുതന്നെ അത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് പ്രത്യേക ഊന്നലാണ് സർക്കാർ നൽകുന്നത്.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രധാന പദ്ധതികളായ 'സ്ട്രീറ്റ്' (സസ്‌റ്റെയ്‌നബിൾ, ടാൻജിബിൾ, റെസ്‌പോൺസിബിൾ, എക്സ്പീരിയന്റൽ എത്‌നിക് ടൂറിസം), 'പെപ്പർ' (പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിംഗ് ആൻഡ് എംപവർമെന്റ് ത്രൂ റെസ്‌പോൺസിബിൾ ടൂറിസം) തുടങ്ങിയവ ഇതിനകം തന്നെ ആഗോളശ്രദ്ധയും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. വിനോദസഞ്ചാരത്തെ ജലസംരക്ഷണവുമായി ബന്ധിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് 2022ലെ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്‌കാരം കേരള ടൂറിസത്തിനു ലഭിച്ചിരുന്നു.

2008ലെ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രഖ്യാപനം പരിഷ്‌കരിക്കുന്നതിനും സംസ്ഥാനത്തുടനീളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ഉച്ചകോടി സഹായകമായിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും പ്രതിരോധശേഷിയുള്ളതുമായ ടൂറിസം പ്രവർത്തനങ്ങൾ ഉറപ്പാക്കാനും സ്ത്രീശാക്തീകരണത്തിലും സ്ത്രീസൗഹൃദ ടൂറിസം പ്രവർത്തനങ്ങളിലും ഊന്നൽ നൽകാനും ആഗോളതലത്തിൽ ടൂറിസം പ്രാക്ടീഷണർമാരുടേയും പ്രൊമോട്ടർമാരുടേയും ഒരു ശൃംഖല സൃഷ്ടിക്കാനും കൂടുതൽ അറിവ് നേടുന്നതിനും ഈ ഉച്ചകോടിയിലൂടെ സാധിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധികളും വിവിധ ലോകരാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലേയും വിനോദസഞ്ചാര മേഖലകളിലെ മുൻനിരക്കാരും ഉൾപ്പെടെ മുന്നൂറിലേറെപ്പേർ പങ്കെടുത്ത ഉച്ചകോടി പരസ്പരമുള്ള പങ്കുവയ്ക്കലിനു കൂടിയുള്ളതായിരുന്നു. അവരുടെ പ്രവർത്തനങ്ങളും മെച്ചപ്പെട്ട രീതികളും കേരളത്തിനു മുന്നിലും കേരളത്തിന്റെ മാതൃകകൾ അവർക്കു മുന്നിലും അവതരിപ്പിക്കപ്പെട്ടു. മറ്റുള്ളവരുടെ മികച്ച മാതൃകകൾ നമ്മുടേതായ രീതിയിൽ അവലംബിക്കാനും കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഐക്യരാഷ്ട്രസഭയുടെ വിമൻ ഓൺ വുമൺ ഫ്രണ്ട്ലി ടൂറിസവുമായുള്ള സഹകരണത്തിന് തുടക്കമിടുന്നതിനും ഈ ഉച്ചകോടി വേദിയായി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാനും പെൺകുട്ടികളുടെ ഉന്നമനത്തിനുമുള്ള പദ്ധതികൾ വനിതാസൗഹൃദ വിനോദസഞ്ചാരമെന്ന സർക്കാർ നയത്തിന്റെ ഭാഗമാണ്. ടൂറിസം വ്യവസായത്തിൽ സമൂലമായ മാറ്റം കൊണ്ടുവരാനും സംസ്ഥാന ടൂറിസത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താനും ഇതിലൂടെ സാധിക്കും.

ആഗോള ഉത്തരവാദിത്ത വിനോദസഞ്ചാര ഉച്ചകോടിയിലൂടെ ലോകവിനോദസഞ്ചാര മേഖലകളെ ഒരുമിപ്പിച്ച് ഒരേലക്ഷ്യത്തിലേക്ക് നയിക്കാൻ സാധിക്കും. ഉത്തരവാദിത്ത വിനോദസഞ്ചാര മിഷന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനായി അതിനെ ഒരു സൊസൈറ്റിയായി മാറ്റാൻ കേരള സർക്കാർ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ വന്ന ഉച്ചകോടി കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പരിശീലന കളരിയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RESPONSIBLE TOURISM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.