നിയമസഭയിൽ പരസ്പരം ചെളിവാരി എറിയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ നേതാക്കളുടെ രീതിയാണ്. എന്നാൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ ഡോക്ടർമാർക്കെതിരെ വളരെ മോശം ഭാഷയിൽ നടത്തിയ പ്രതികരണങ്ങൾ അതിര് കടന്നതായിപ്പോയി. ഒരു രോഗിയുടെ ചികിത്സയുടെ കാര്യം ചൂണ്ടിക്കാട്ടി സമൂഹത്തിലെ ഒരു വിഭാഗം ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞത് നിയമസഭപോലെ ഒൗന്നത്യമാർന്ന ഒരു വേദിയിലാണ് . താൻ പറയുന്ന കാര്യത്തിന്റെ ശാസ്ത്രീയമായ അടിത്തറ പരിശോധിക്കാതെ വ്യക്തിവൈരാഗ്യം തീർക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഡോക്ടർമാർക്കെതിരെ സമൂഹത്തിൽ സൃഷ്ടിക്കാനിടയുള്ള ധാരണയ്ക്ക് ആരാണ് ഉത്തരവാദിത്വമേൽക്കുക?.
ഉദരം താത്കാലികമായി തുറന്നുവച്ചുള്ള ലാപ്രോസ്റ്റോമി എന്ന, ആധുനിക ശാസ്ത്രം അംഗീകരിച്ചിട്ടുള്ള ചികിത്സാരീതിയെപ്പറ്റിയുള്ള അറിവില്ലായ്മ മൂലമാണ് മുൻ മന്ത്രി കൂടിയായ എം.എൽ.എ നിയമസഭയിൽ ഇത്തരത്തിലൊരു പരാമർശം നടത്തിയത്. സഭയിലും ആൾക്കൂട്ടത്തിലും കൈയടി ലഭിക്കാൻവേണ്ടി നടത്തുന്ന ഇത്തരം പരാമർശങ്ങൾ ഡോക്ടർമാരുടെ സമൂഹത്തിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് കൂടി ചിന്തിക്കാൻ എം.എൽ.എ തയ്യാറാകണം. ചികിത്സകനെ പൊതുസമൂഹത്തിൽ പേരെടുത്ത് കുറ്റപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് കേൾക്കാനും എം.എൽ.എ ശ്രമിക്കേണ്ടിയിരുന്നു. അങ്ങനെയെങ്കിൽ ഇത്തരമൊരു പരാമർശം ഉണ്ടാകുമായിരുന്നില്ലെന്ന് തീർച്ച.
ഇത്തരമൊരു അനുചിതമായ പരാമർശം നടത്തിയ നിയമസഭാ സാമാജികൻ മാപ്പുപറയേണ്ടത് ഡോക്ടർമാരുടെ ആത്മവീര്യം വീണ്ടെടുക്കാനുള്ള അനിവാര്യതയാണ്.
(അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ കേരള ഘടകം ഭാരവാഹിയാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |