SignIn
Kerala Kaumudi Online
Friday, 19 April 2024 11.34 AM IST

രണ്ടാം വാർഷികവേളയിൽ എല്ലാം ശാന്തമാകുന്നില്ല

opinion

രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികാഘോഷത്തിലേക്ക് പ്രവേശിച്ചു. വാർഷികം കൊണ്ടാടുന്നതിന്റെ ഭാഗമായി പുതിയ നൂറുദിന കർമ്മപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കർമ്മപരിപാടിയിൽ 15,896.03 കോടി രൂപയുടെ ബഡ്ജറ്റ് കണക്കാക്കുന്ന 1284 പദ്ധതികളാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുട്ടത്തറയിൽ 400 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പുനർഗേഹം ഭവനസമുച്ചയ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിക്കൊണ്ടാണ് നൂറുദിന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.

കൊവിഡ് കാലത്തെ സക്രിയമായ ഇടപെടലുകളും മറ്റും സൃഷ്ടിച്ച ആനുകൂല്യത്തണലിലായിരുന്നു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തുടർഭരണം കരസ്ഥമാക്കിയത്. നിലവിലെ മുന്നണി സംവിധാനം ആവിഷ്കരിക്കപ്പെട്ട ശേഷമുള്ള നാല്പതുവർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് കേരളത്തിൽ ഒരു മുന്നണി തുടർഭരണം നേടുന്നത്. കെ.എം. മാണിയുടെ നിര്യാണത്തിന് ശേഷം കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിൽ പൊട്ടിപ്പുറപ്പെട്ട അന്തച്ഛിദ്രം സമർത്ഥമായി മുതലെടുത്തുകൊണ്ട് മാണിയുടെ പുത്രൻ ജോസ് കെ.മാണിയെയും കൂട്ടരെയും ഇടതുപാളയത്തിൽ എത്തിക്കുന്നതിൽ സി.പി.എം വിജയിച്ചിരുന്നു. മദ്ധ്യതിരുവിതാംകൂറിൽ ഇടതുമുന്നണിയുടെ നേട്ടമുയർത്താൻ അതും വഴിയൊരുക്കി. എല്ലാം കൊണ്ടും ക്യാപ്‌ടൻ പരിവേഷത്തോടെ കളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നായകത്വത്തിന് കിട്ടിയ മതിപ്പ് കൂടിയായി തുടർഭരണം. രണ്ടാം വാർഷികം ആഘോഷിക്കുമ്പോൾ മുന്നണിയിൽ കാര്യങ്ങൾ ഭദ്രമാണോ എന്നതാണ് ചോദ്യം.

സി.പി.എം- സി.പി.ഐ ബന്ധം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് മുമ്പുമെല്ലാം സി.പി.എമ്മും സി.പി.ഐയും പതിവില്ലാത്തവണ്ണം നല്ല സ്വരച്ചേർച്ചയോടെ നിലകൊണ്ടത് മുന്നണിയുടെ തുടർവിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. സാധാരണയായി അധികാരത്തിലിരിക്കുന്ന കാലത്ത് മുന്നണിക്കകത്ത് സി.പി.എമ്മും സി.പി.ഐയും തമ്മിൽ എപ്പോഴും ചെറുതും വലുതുമായ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാവാറുണ്ട്. എന്തിനധികം പറയുന്നു, ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്തും ആദ്യമത് നല്ല തോതിൽ പ്രകടമായിരുന്നു. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാന രാജിയുമായി ബന്ധപ്പെട്ട തർക്കത്തിൽ 2017 നവംബറിൽ മന്ത്രിസഭായോഗം ബഹിഷ്കരിച്ച് വരെ സി.പി.ഐയുടെ നാല് മന്ത്രിമാർ കലാപമുയർത്തിയതാണ്. മാവോയിസ്റ്റ് വേട്ടപോലുള്ള വിഷയങ്ങളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സർക്കാരിനെ കടുത്തഭാഷയിൽ വിമർശിക്കുന്ന അവസ്ഥ പോലുമുണ്ടായി. ഒരുഘട്ടം പിന്നിട്ടപ്പോൾ അസാധാരണമാം വണ്ണം സി.പി.ഐ മെരുങ്ങുന്നതാണ് കണ്ടത്. സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചകൾ മുന്നണിക്കകത്ത് സജീവമായി. കാനം രാജേന്ദ്രൻ മുന്നണിക്കോ സർക്കാരിനോ അസ്വസ്ഥതയുളവാക്കുന്ന പ്രതികരണങ്ങളൊന്നും നടത്തിയില്ല. മറിച്ച് സർക്കാരിന്റെ എല്ലാ നയതീരുമാനങ്ങളിലും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. ചില വിവാദവിഷയങ്ങളിൽ അനിവാര്യ ഘട്ടങ്ങളിൽ മയപ്പെടുത്തി മാത്രം വിമർശനമുയർത്തി.

ഇരുപാർട്ടികളുടെയും അഖിലേന്ത്യാ നേതൃത്വത്തിലുണ്ടായ ധാരണപ്രകാരമാണ് ഇതെന്നും അല്ലെന്നുമുള്ള പ്രചാരണങ്ങൾ മാദ്ധ്യമങ്ങളിലുണ്ടായി. ഏതായാലും, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം മുതലിങ്ങോട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിൽ പ്രാദേശികതലങ്ങളിൽ തർക്കങ്ങളുണ്ടായതൊഴികെ സംസ്ഥാന നേതൃതലം ശക്തമായ രമ്യതയോടെയാണ് കാര്യങ്ങൾ നീക്കിയത്.

തുടർഭരണമേറിയ ശേഷവും അങ്ങനെയാണ് പോകുന്നതെങ്കിലും സമീപകാലത്തായി ചില്ലറ ഉരുൾപൊട്ടലുകൾ സി.പി.എം- സി.പി.ഐ ബന്ധത്തിൽ സംഭവിക്കുന്നു. ജില്ലാ നേതൃതലങ്ങളിലാണ് ഇത് ശക്തമാവുന്നത്. പല ജില്ലകളിലും ചില ഉരുൾപൊട്ടലുകൾ സംഭവിക്കുന്നുണ്ട്. അതിന്റെ ചില അനുരണനങ്ങൾ സംസ്ഥാനതലത്തിലും കാണാം. സെക്രട്ടറി കാനം രാജേന്ദ്രൻ പ്രകോപനത്തിന് മുതിരാതെ അനുനയമട്ടിൽ തുടരുകയാണെങ്കിലും മറ്റ് പലരുടെയും മനോനില അങ്ങനെയല്ല.

ഏറ്റവുമൊടുവിൽ പത്തനംതിട്ട കോന്നിയിൽ താലൂക്ക് ഓഫീസിലെ കൂട്ട അവധിയെ ചൊല്ലിയാണ് ഇരുപാർട്ടികളും തമ്മിലെ തർക്കം. താലൂക്ക് ഓഫീസ് വിഷയത്തിൽ കോന്നി എം.എൽ.എയും സി.പി.എം ജില്ലാ നേതാവുമായ കെ.യു. ജനീഷ് കുമാറിന്റെ ഇടപെടലുകളാണ് സി.പി.ഐ പ്രാദേശികനേതൃത്വത്തെ ചൊടിപ്പിച്ചത്. ഇത് ജില്ലാതല പ്രശ്നമായി വളരാനുള്ള സാദ്ധ്യതയേറെയാണ്. പത്തനംതിട്ടയിൽ ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ തമ്മിൽ അത്ര നല്ല ബന്ധത്തിലുമല്ല .

ആലപ്പുഴയിലെ സി.പി.ഐ ജില്ലാ നേതൃത്വത്തിലെ പ്രമുഖർ സി.പി.എമ്മിനും കയർവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പി. രാജീവിനുമെതിരെ കഴിഞ്ഞ ദിവസം പരസ്യമായി രൂക്ഷവിമർശനമുയർത്തിയതും അവിടത്തെ മുന്നണിബന്ധത്തിൽ അസ്വസ്ഥതയുളവാക്കിയിട്ടുണ്ട്.

ഇ. ചന്ദ്രശേഖരന്

നേരെയുണ്ടായ

ആക്രമണക്കേസ്

2016ലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ ആർ.എസ്.എസ്- ബി.ജെ.പിക്കാരുടെ ആക്രമണത്തിൽ മുൻ റവന്യുമന്ത്രിയും ഇപ്പോഴൾ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരന്റെ കൈയൊടിഞ്ഞ സംഭവത്തിൽ ജില്ലാ സി.പി.എമ്മിലെ സാക്ഷികളായ നേതാക്കൾ കൂറുമാറി, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന ആക്ഷേപം സി.പി.ഐക്കുണ്ടാക്കിയ അപമാനം ചെറുതല്ല.

സി.പി.എമ്മിന്റെ ഈ സമീപനത്തിൽ ഇ. ചന്ദ്രശേഖരൻ അസ്വസ്ഥനാണ്. നിയമസഭയിൽ അദ്ദേഹത്തിന്റെ ശരീരഭാഷ അത് വ്യക്തമാക്കിത്തന്നു. ഇത്രയും ഗുരുതരമായ വിഷയമായിട്ടും പാർട്ടി സംസ്ഥാന സെക്രട്ടറിയടക്കം തന്നെ ഒന്ന് വിളിച്ച് ആശ്വാസവാക്കുകൾ പറയാത്തതിനെക്കുറിച്ച് സി.പി.ഐയുടെ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ചന്ദ്രശേഖരൻ വികാരഭരിതനായി പ്രതികരിച്ചു. യോഗത്തിലെ പൊതുവികാരം അത് പാർട്ടിക്ക് വലിയ അപമാനമായെന്നാണ്. സി.പി.എമ്മിന് നിലപാടിൽ പാർട്ടി ശക്തിയായി പ്രതിഷേധിക്കണമെന്നും സി.പി.എം സംസ്ഥാന നേതൃത്വത്തെ അത് ബോധിപ്പിക്കണമെന്നും പൊതുവികാരത്തിന്റെ അടിസ്ഥാനത്തിൽ നിർവാഹകസമിതി തീരുമാനിച്ചു. അതനുസരിച്ചാണ് കഴിഞ്ഞ ദിവസം കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് പ്രതിഷേധക്കത്ത് കൈമാറിയത്.

ഭവനനിർമാണ

ബോർഡിനെ ചൊല്ലി

സി.പി.ഐ മന്ത്രി കെ. രാജന്റെ കൈവശമിരിക്കുന്ന സംസ്ഥാന ഭവനനിർമാണ ബോർഡ് മന്ത്രിയോ വകുപ്പോ അറിയാതെ പിരിച്ചുവിടാൻ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തതിനെതിരെയും തിരുത്തി മിനിട്സ് തയാറാക്കാൻ നിർദ്ദേശിച്ചിട്ടും ചീഫ്സെക്രട്ടറി അവഗണിച്ചതുമായ വിഷയത്തിൽ മന്ത്രി രാജൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറിച്ചിരുന്നു. ഇതിൽ മറ്റ് മന്ത്രിമാരെല്ലാം സ്തബ്ധരായി.

മുഖ്യമന്ത്രിയുമായി പൊതുവെ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് സി.പി.ഐ മന്ത്രിമാരിലെ ഒന്നാമനായ കെ. രാജൻ. എന്നിട്ടും മുഖ്യമന്ത്രിയുടെ മുന്നിൽ വച്ച് രാജൻ പൊട്ടിത്തെറിച്ചത് എന്തുകൊണ്ടാവാം!

സി.പി.ഐക്കകത്ത് താഴെത്തട്ടിൽ സി.പി.എമ്മിന്റെ മേലാളമനോഭാവത്തിൽ അസ്വസ്ഥത ശക്തമാണ്. ഇത് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം കൂട്ടുന്നുണ്ട്. പ്രായപരിധി നിബന്ധനയുടെ പേരിൽ പാർട്ടി പദവികളിൽ നിന്നൊഴിയേണ്ടിവന്ന മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ സമീപകാലത്ത് കിട്ടാവുന്ന വേദികളിലെല്ലാം സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും വരെ കടുപ്പിച്ച് വിമർശിക്കാൻ തുനിയുന്നതും കാണാതിരിക്കരുത്. അത് സി.പി.ഐ അണികൾക്കിടയിൽ പണ്ടേക്കുപണ്ടേ നിലനിൽക്കുന്ന സി.പി.എം വിരോധ മാനസികാവസ്ഥ മുതലെടുക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് ഇതെല്ലാം തലവേദനയാകുന്നുണ്ട്. സർക്കാരിന്റെ രണ്ടാം വാർഷികവേളയിൽ മുഖ്യപാർട്ടികളായ സി.പി.എമ്മിനും സി.പി.ഐക്കുമിടയിൽ മുറുകുന്ന സംഘർഷങ്ങൾ മുന്നണിസ്വാസ്ഥ്യത്തെ ബാധിക്കും.

മാണി ഗ്രൂപ്പിന്റെ

അസ്വസ്ഥത

ഇടതുമുന്നണിയിലെ മൂന്നാമത്തെ പ്രബലകക്ഷിയാണ് കേരള കോൺഗ്രസ്-മാണി. ബഫർസോൺ വിഷയത്തിലെ കത്തോലിക്കാസഭയുടെയും മറ്റും പ്രക്ഷോഭങ്ങൾ മാണി ഗ്രൂപ്പിന് മേൽ സമ്മർദ്ദം കൂട്ടിയതാണ്. ഒരുവിധം തടിരക്ഷിച്ച് നീങ്ങുന്നതിനിടയിലാണ് ബാർ കോഴക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആർ. സുകേശനെ കെ.എസ്.ആർ.ടി.സിയിൽ വിജിലൻസ് ഉദ്യോഗസ്ഥനായി നിയമിക്കാനുള്ള നീക്കം അടുത്ത പൊല്ലാപ്പായത്.

ബാർ കോഴക്കേസിൽ പാർട്ടി ചെയർമാനായിരുന്ന കെ.എം. മാണിയെ പ്രതിയാക്കി കേസെടുക്കാൻ സുകേശൻ ഗൂഢാലോചന നടത്തിയെന്ന് കേരള കോൺഗ്രസ് അന്നു മുതലേ ആരോപിക്കുന്നുണ്ട്. കെ.എം. മാണിയെ ക്രൂശിച്ച, ഇല്ലാത്ത അഴിമതിക്കേസെന്നാണ് മാണിഗ്രൂപ്പ് എപ്പോഴും പറയുന്നത്. കെ.എം. മാണിയെ ഇല്ലാതാക്കാൻ നടത്തിയ നീക്കം പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ അണികളുടെ നെഞ്ചിലെ നെരിപ്പോടാണ്. 'മാണിസാറിനെ' ഇല്ലാതാക്കിയ കേസെന്ന നിലയ്ക്ക് അതിനെ കാണുന്ന പ്രവർത്തകർക്ക് ഒരിക്കലും അംഗീകരിച്ചു കൊടുക്കാനാവാത്തതാണ് സുകേശന്റെ നിയമനം. അത് പാർട്ടിയെ കുരുതികൊടുക്കുന്നതിന് തുല്യമാകുമെന്ന് വിശ്വസിക്കുന്ന ജോസ് കെ.മാണിക്കും ഇതിനോട് യോജിക്കാനാവില്ല.

അതുകൊണ്ടുതന്നെ സുകേശന്റെ നിയമനത്തിനെ അവർ ശക്തിയായി എതിർക്കും. ഇപ്പോൾ ഇങ്ങനെയൊരു നിയമനവാർത്ത പുറത്തായതിൽ ആ പാർട്ടിയിൽ അസ്വസ്ഥത പുകയുന്നു.

പാലായിൽ നഗരസഭാ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെ ചൊല്ലി സി.പി.എമ്മിലെ ഒരു വിഭാഗവുമായി ഇടഞ്ഞതിന് തൊട്ടുപിന്നാലെയുണ്ടായ ഈ സംഭവവും കേരള കോൺഗ്രസ്-മാണിയുടെ ഉറക്കം കെടുത്തുന്നുണ്ട്. രണ്ടാം വാർഷികവേളയിൽ ഇടതുമുന്നണിയെ അസ്വസ്ഥമാക്കുന്ന ഘടകങ്ങളിലൊന്ന് മാണി ഗ്രൂപ്പിന്റെ അമർഷങ്ങളുമാണ്.

ഗണേശിന്റെ

ആവലാതികൾ

രണ്ടരവർഷം ടേമനുസരിച്ച് ഈ വർഷം അവസാനത്തോടെ മന്ത്രിസഭയിലേക്കുള്ള ഊഴം കാത്തുകഴിയുന്ന കെ.ബി. ഗണേശ് കുമാർ അടുത്തിടെ അസാധാരണമാം വണ്ണം സർക്കാരിനെതിരെ ആഞ്ഞടിക്കുകയുണ്ടായി. ഒന്ന് ഇടതുമുന്നണി എം.എൽ.എമാരുടെ യോഗത്തിലായിരുന്നു.

പദ്ധതികളൊന്നും നടക്കുന്നില്ലെന്നും എം.എൽ.എമാർക്ക് മണ്ഡലത്തിലിറങ്ങാനാവാത്ത സ്ഥിതിയാണെന്നുമൊക്കെയാണ് ഗണേശ് ആഞ്ഞടിച്ചത്. പ്രധാനമായും പൊതുമരാമത്ത് വകുപ്പിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ കലാപം. അതിന് പിന്നാലെ പാർട്ടി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഗണേശ് കുമാർ പരസ്യമായി വിമർശനമുതിർത്തു.

കഴിഞ്ഞാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് കടുത്ത ഭാഷയിൽ മറുപടി നൽകി. മാദ്ധ്യമങ്ങൾക്ക് വിരുന്നൊരുക്കാൻ ആരും ശ്രമിക്കേണ്ടെന്ന താക്കീതും നൽകി.

ഗണേശിന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന ശങ്ക മുള പൊട്ടിയിട്ടുണ്ടോയെന്ന് എല്ലാവരും ചോദിക്കുന്നു. അദ്ദേഹവും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള സ്വത്ത് തർക്കത്തിലെ കേസ് മന്ത്രിസ്ഥാനലഭ്യതയ്ക്ക് വിലങ്ങുതടിയാകുമെന്ന ഭയം അദ്ദേഹത്തെ ഗ്രസിച്ചിട്ടുണ്ടെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ഉഷ മോഹൻദാസിനും കുടുംബത്തിനും മുഖ്യമന്ത്രിയുമായി ഗണേശിനേക്കാൾ അടുപ്പമുണ്ടെന്നും സംസാരമുണ്ട്. പ്രത്യേകിച്ച് ഉഷയുടെ ഭർത്താവ് മോഹൻദാസ് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനും ശമ്പളപരിഷ്കരണ കമ്മിഷൻ ചെയർമാനുമൊക്കെയായിരുന്ന സാഹചര്യത്തിൽ.

അതല്ല, സജി ചെറിയാന്റെ പുന:പ്രവേശനവേളയിൽ സാംസ്കാരികവകുപ്പൊക്കെ മാറ്റി ഒരു വകുപ്പുപുന:സംഘടന നടക്കുമെന്നും ഗണേശിന്, സാംസ്കാരികവകുപ്പോടെ മന്ത്രിസ്ഥാനം കൈവരുമെന്നുമുള്ള ദിവാസ്വപ്നം അദ്ദേഹം കൊണ്ടുനടന്നിരുന്നുവോ? അങ്ങനെയും അടക്കംപറച്ചിലുകൾ സെക്രട്ടേറിയറ്റ് അന്ത:പുരങ്ങളിൽ സജീവമാണ്.

സംഗതി എന്തുതന്നെയായാലും ഗണേശിന്റെ പരസ്യവിമർശനങ്ങൾ സാമ്പത്തികപ്രതിസന്ധിയാൽ വീർപ്പുമുട്ടിക്കഴിയുന്ന ഇടതുമുന്നണി സർക്കാരിന് രണ്ടാം വാർഷികവേളയിൽ അലോസരമുണ്ടാക്കിയിട്ടുണ്ട്.

സി.പി.എമ്മിനകത്ത് തന്നെയുയരുന്ന ഉൾപാർട്ടി കലഹങ്ങൾ, അതും ആശയപരമല്ലാത്ത, ആമാശയപരമായ വിവാദങ്ങൾ, പാർട്ടിയുടെ ഉറക്കം കെടുത്തുന്നു. തെറ്റുതിരുത്തൽ പ്രക്രിയയിലേർപ്പെട്ട് വരികയാണ് സി.പി.എം. ആലപ്പുഴയിലും തിരുവനന്തപുരത്തുമൊക്കെ ഉയർന്ന വിവാദങ്ങൾ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സി.പി.എമ്മിന് കടുത്ത അവമതിപ്പുണ്ടാക്കുന്നവയാണ്.

ഇ.പി. ജയരാജനെതിരെ പി. ജയരാജൻ സംസ്ഥാനകമ്മിറ്റി യോഗത്തിലുന്നയിച്ചതായി പറയപ്പെടുന്ന സാമ്പത്തിക കുറ്റാരോപണവും അതിന് ഇക്കഴിഞ്ഞ സംസ്ഥാനകമ്മിറ്റിയിൽ ഇ.പി. ജയരാജൻ നൽകിയ മറുപടിയുമെല്ലാം വലിയ ചർച്ചയാണ്. രണ്ടാം വാർഷികവേളയിൽ തിളക്കമാർന്ന മുഖത്തോടെയാണോ സി.പി.എമ്മും മുന്നണിയും ജനങ്ങളെ അഭിമുഖീകരിക്കുന്നത് എന്നാണ് ചോദ്യം. തീർച്ചയായും അങ്ങനെ വലിയ തിളക്കമുണ്ടെന്ന് പറയാനാവില്ല എന്നാണ് ഉത്തരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.