SignIn
Kerala Kaumudi Online
Thursday, 25 April 2024 9.46 PM IST

സി.പി.എമ്മിന്റെ ജാഥാക്കാലവും വെല്ലുവിളികളും

vivadavela

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥ കാസർകോട് കുമ്പളയിൽ നിന്നാരംഭിച്ചു. കൃത്യമായി അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ജാഥ . തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് പ്രചരണജാഥയിലൂടെ അണികളെ ജാഗ്രതപ്പെടുത്താനും ജനങ്ങൾക്കിടയിൽ ചലനമുണ്ടാക്കി നവോന്മേഷം കണ്ടെത്താനുമുള്ള ശ്രമങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ നടക്കാറുള്ളത്. സി.പി.എമ്മും അങ്ങനെ തന്നെ. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പുതന്നെ ജാഥയുമായി ഇറങ്ങാനുള്ള സി.പി.എമ്മിന്റെ നീക്കത്തിന് പിന്നിലുള്ളത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയാവസ്ഥ ആവർത്തിക്കരുതെന്ന ചിന്തയാണ്.

തുടർഭരണത്തിന്റെ ആലസ്യത്തിനൊപ്പം ദുർമേദസും പലതലങ്ങളിൽ പാർട്ടിയെ പിടികൂടിയിരിക്കുന്നെന്ന് വ്യക്തമാക്കുന്നതാണ് സമീപകാലത്തായി പല ജില്ലകളിൽ നിന്നുമുയരുന്ന കഥകൾ. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ഇതേറ്റവും രൂക്ഷം. തിരുവനന്തപുരത്ത്, വിദ്യാർത്ഥി, യുവജന സംഘടനാ നേതാക്കൾക്കെതിരെ ലഹരി ഇടപാട് അടക്കമുള്ള ഗുരുതരമായ ആക്ഷേപങ്ങളുയർന്നു. മുൻ ജില്ലാ സെക്രട്ടറിയുടെ തണലിൽ പല യുവജനനേതാക്കളും എന്ത് വഴിവിട്ട പ്രവർത്തനത്തിനും തയാറാകുന്നുവെന്ന ആക്ഷേപവും ആരോപണവും പാർട്ടിക്കകത്ത് മുറുമുറുപ്പുകളുണ്ടാക്കി. വി.എസ്- പിണറായി പോരിന്റെ കാലത്തെ വിഭാഗീയതയുടെ അന്തരീക്ഷം ഇന്ന് തലസ്ഥാനത്തെ പാർട്ടിയിലില്ലെങ്കിലും നിലവിലെ ഔദ്യോഗികപക്ഷത്തിനകത്തുള്ള വിഭാഗീയ ശീതസമരം ശക്തമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ തുടർന്ന് (14ൽ 13 സീറ്റുകളും നേടി) മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് പാർട്ടിയിൽ വലിയ മേൽക്കൈ കിട്ടി. സി.പി.എമ്മിന്റെ കൊച്ചി സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. ഇതോടെ അദ്ദേഹത്തേക്കാൾ മുമ്പേ ജില്ലാ സെക്രട്ടറിമാരായിരുന്ന നേതാക്കൾ അസ്വസ്ഥരായി. ഇത് ശീതസമരം മൂർച്ഛിപ്പിച്ചു. യുവജന, വിദ്യാർത്ഥി നേതാക്കളുടെ വഴിവിട്ട പോക്കുകൾ ചർച്ചയായതോടെ ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടു. കോർപ്പറേഷനിലെ പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ടുയർന്ന മേയറുടെ കത്ത് വിവാദം ചേരിപ്പോരിന് എരിവ് പകർന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗമായി ജില്ലാ സെക്രട്ടറിയായ ആൾ തിരഞ്ഞെടുക്കപ്പെട്ടാൽ തൊട്ടുപിന്നാലെ സ്ഥാനമൊഴിഞ്ഞ് പകരം ജില്ലാ സെക്രട്ടറിയെ നിയമിക്കുന്നതാണ് സി.പി.എമ്മിലെ കീഴ്‌വഴക്കം. പാർട്ടി ശക്തിദുർഗമായ കണ്ണൂർ ജില്ലയിലൊക്കെ ഇത് അക്ഷരംപ്രതി പാലിക്കപ്പെട്ട് പോരുന്നതാണ്. എന്നാൽ, കീഴ്‌വഴക്കം കാറ്റിൽപറത്തി തിരുവനന്തപുരത്ത് ഏതാണ്ട് പത്ത് മാസത്തിലധികം ആനാവൂർ സംസ്ഥാന സെക്രട്ടേറിയറ്റംഗവും ജില്ലാ സെക്രട്ടറിയുമായി തുടർന്നു. ഇതിനെതിരെയും മുറുമുറുപ്പുകൾ പാർട്ടിക്കകത്തുണ്ടായി.

ഒടുവിൽ, യുവജന, വിദ്യാർത്ഥി നേതാക്കൾക്കെതിരായ പരാതികൾ പാർട്ടിയുടെ നാണംകെടുത്തുന്ന നിലയായതോടെയാണ് ആനാവൂരിനെ നീക്കാനുള്ള വഴി മറുവിഭാഗത്തിനും തുറന്നുകിട്ടിയത്. പേരുദോഷം കേൾപ്പിക്കാത്ത, നിയമസഭാംഗമായും അല്ലാതെയും നല്ല സംഘാടകമികവ് പ്രകടിപ്പിക്കുന്ന, എല്ലാവരെയും ഒരുമിപ്പിക്കാൻ കഴിയുന്ന, ചെറുപ്പക്കാരനായ വി. ജോയിക്ക് ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് നറുക്ക് വീണു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സെന്ററിന്റെ ഇച്ഛാനുസരണമുള്ള തെറ്റുതിരുത്തൽ പ്രക്രിയകളിലേക്ക് അടക്കം പാർട്ടി കടന്നതോടെയാണ് തലസ്ഥാനജില്ലയിലെ സി.പി.എമ്മിൽ വിവാദങ്ങൾക്ക് ഇപ്പോൾ ശമനമായിരിക്കുന്നത്.

എന്നാൽ, ആലപ്പുഴയിൽ അതല്ല സ്ഥിതി. അവിടെ അടിമുതൽ മുടി വരെ വിഭാഗീയതയുടെ രൂക്ഷഗന്ധമാണ്. പല തരത്തിലുള്ള ആക്ഷേപങ്ങളും ചെളിവാരിയെറിയലുകളും നടക്കുന്നത് പാർട്ടിയുടെ ഉറക്കം കെടുത്തുന്ന നിലയായി. പുകയിലക്കടത്ത് വിവാദം, പീഡനവിവാദം എന്നിങ്ങനെ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന കഥകളാണ് ആലപ്പുഴ പാർട്ടിക്കകത്ത് നുരഞ്ഞ് പൊന്തുന്നത്. അതിന് ശമനമുണ്ടാക്കാൻ പാർട്ടി കൊണ്ടുപിടിച്ച ശ്രമത്തിലാണെങ്കിലും ഒന്നുമങ്ങ് നേരെയാവുന്നില്ല.

പാർട്ടിയുടെ ശക്തിദുർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരിൽ കെട്ടുറപ്പിന് ഭംഗമൊന്നും പുറമേക്കില്ലെങ്കിലും അകത്ത് കാര്യങ്ങൾ അത്ര പന്തിയല്ല. ഏറ്റവുമൊടുവിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയിൽ നിന്നുണ്ടായ വെളിപ്പെടുത്തലുകൾ കണ്ണൂർ പാർട്ടിയിൽ ഉരുണ്ടുകൂടുന്ന കുഴപ്പങ്ങളെ കാണിച്ചുതരുന്നുണ്ട്. അവിടെ പാർട്ടി അണികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഒതുക്കപ്പെട്ടെന്ന തോന്നൽ താഴെത്തട്ടിൽ ശക്തമാണ്. മുതിർന്ന കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജന്റെ സംസ്ഥാന നേതൃയോഗങ്ങളിൽ നിന്നുള്ള 'പ്രതിഷേധ വിട്ടുനിൽക്കലു'കളും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അദ്ദേഹത്തിനെതിരെ പി. ജയരാജൻ ഉയർത്തിയ സാമ്പത്തിക കുറ്റാരോപണവുമെല്ലാം പാർട്ടിയിൽ നുരയുന്ന അസ്വസ്ഥതയുടെ ബഹിർസ്ഫുരണമായിരുന്നു.

ഇപ്പോൾ ആകാശ് തില്ലങ്കേരിയും കൂട്ടരും ഉയർത്തിയ പ്രതിസന്ധിയെ മറികടക്കാൻ, അവരും ഇഷ്ടപ്പെട്ട നേതാവായി കരുതിപ്പോന്ന പി. ജയരാജനെത്തന്നെ ഇറക്കി കളിക്കാൻ സി.പി.എം തയാറായതും കണ്ണൂർ പാർട്ടിക്കകത്തെ അസ്വസ്ഥതകളാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്. പയ്യന്നൂരിൽ മുൻ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ പാർട്ടിപ്രവർത്തനത്തിൽ നിന്നുതന്നെ വിടപറയുന്ന പ്രതിഷേധത്തിന് തുനിഞ്ഞതും അവിടെ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ അദ്ദേഹമുയർത്തിയ കലാപവുമെല്ലാം കണ്ണൂർ പാർട്ടിയിലെ പുകയുന്ന വിഭാഗീയക്കനലുകളുടെ വിളംബരമായിരുന്നു.

എം.വി. ഗോവിന്ദൻ നയിക്കുന്ന സംസ്ഥാനജാഥ പാർട്ടിക്കകത്ത് നീറിപ്പുകയുന്ന ഇത്തരം ദുഷ്പ്രവണതകളെയും വിഭാഗീയ ചിന്തകളെയും മാറ്റിയെടുക്കാനുള്ള മരുന്നാകുമോ എന്നതാണ് ചോദ്യം.

തുടർഭരണവും ദുർമേദസും

തുടർഭരണം പാർട്ടിയിൽ വലിയ തോതിൽ ദുർമേദസുണ്ടാക്കിയെന്ന തോന്നൽ പാർട്ടിനേതൃത്വത്തിൽ തന്നെ ശക്തമാണ്. കഴിഞ്ഞ ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്ത തെറ്റ് തിരുത്തൽ രേഖയിൽ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ അത് വ്യക്തമാക്കിത്തരുന്നുണ്ട്. സ്ഥാനങ്ങൾ നേടിയെടുക്കാനുള്ള ആർത്തിയിൽനിന്ന് സഖാക്കളെ മോചിപ്പിക്കണമെന്ന് രേഖ നിർദ്ദേശിക്കുന്നു. ഉത്തരവാദപ്പെട്ട പാർട്ടി ഘടകങ്ങളിലെത്തിയാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജോലി വാങ്ങിക്കൊടുക്കുക എന്നത് ചിലർ അവകാശമായി കാണുന്നെന്ന രേഖയിലെ പരാമർശം, ഉദാരവത്കരണകാലത്ത് പാർട്ടി അകപ്പെട്ട് പോയിരിക്കുന്ന സ്വത്വപ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ചുരുക്കം വർഷത്തെ സംഘടനാപ്രവർത്തനം കൊണ്ട് വൻസമ്പത്ത് വാരിക്കൂട്ടുന്ന ചിലരെക്കുറിച്ച് പ്രവർത്തകർക്കിടയിൽ കുശുകുശുപ്പുണ്ടെന്നും ഇക്കാര്യത്തിൽ കൃത്യമായ പരിശോധന നടത്തി ശക്തമായ നടപടികൾ സ്വീകരിക്കാനാകണമെന്നും തെറ്റുതിരുത്തൽ രേഖയിൽ സി.പി.എം നിർദ്ദേശിക്കുന്നുണ്ട്. ഇതിന്റെ അർത്ഥം, ശരിയായ അർത്ഥത്തിൽ പറഞ്ഞാൽ ബൂർഷ്വാ, പാർലമെന്ററി വ്യാമോഹ വ്യതിയാനങ്ങൾ പാർട്ടിയെ അടിമുടി ഗ്രസിച്ചിരിക്കുന്നു എന്നുതന്നെയാണ്.

ഇതിന് പുറമേയാണ് ഭരണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊട്ടിപ്പുറപ്പെട്ട്, മെല്ലെ കെട്ടടങ്ങിപ്പോയ സ്വർണക്കടത്ത് വിവാദം കഴിഞ്ഞ വർഷം വീണ്ടും ഉയിർത്തെഴുന്നേറ്റതായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അശ്വത്ഥമാവ് വെറുമൊരാന എന്ന പുസ്തകമെഴുതി തന്റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാൻ അദ്ദേഹം ശ്രമിച്ചത് കൂട്ടക്കുഴപ്പത്തിൽ കലാശിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ശിവശങ്കറിനും മുഖ്യമന്ത്രിക്കും മുതിർന്ന സി.പി.എം നേതാക്കൾക്കുമെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചവരെ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ തള്ളിയിട്ട സംഭവം മറ്റൊരു വിവാദമായി. എ.കെ.ജി സെന്ററിന് നേർക്ക് ഇതിനിടയിൽ പടക്കമേറുണ്ടായി. അതെല്ലാമൊന്ന് ശമിച്ചിരിക്കുമ്പോഴാണ് ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ഇതോടെ സ്വപ്ന വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. സ്വർണക്കടത്ത് വിവാദം സർക്കാരിനെ വീണ്ടും വരിഞ്ഞുമുറുമെന്നായി.

മന്ത്രിമാരുടെ പരിചയക്കുറവുണ്ടാക്കുന്ന ചില്ലറ ബുദ്ധിമുട്ടുകളും പക്വതയില്ലായ്മയും മറ്റും

പലപ്പോഴും ഭരണാനുകൂല സംഘടനകളിൽ നിന്നടക്കം വിമർശനം ക്ഷണിച്ചുവരുത്തുന്ന നിലയിലെത്തി. കെ.എസ്.ആർ.ടി.സിയിൽ വരുത്തുന്ന പരിഷ്കാരങ്ങൾ സി.പി.എം അനുകൂല സി.ഐ.ടി.യുവിന്റെ തന്നെ രൂക്ഷവിമർശനം ഏറ്റുവാങ്ങുന്ന നിലയായി. ഏറ്റവുമൊടുവിൽ കെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡുക്കളായി ശമ്പളവിതരണം നടത്തുമെന്ന മാനേജ്മെന്റ് പ്രഖ്യാപനത്തിനെതിരെ സി.ഐ.ടി.യു രൂക്ഷപ്രതികരണവുമായി രംഗത്തെത്തി.

സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ കഴിഞ്ഞ ദിവസം ഇതിനെതിരെ നടത്തിയ പ്രസ്താവന രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിനെതിരായ പരോക്ഷവിമർശനം കൂടിയായി.

" ബ്യൂറോക്രസിയിലെ ചെറിയൊരു വിഭാഗം മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുന്നതിൽ റിസർച്ച് നടത്തി പ്രാഗല്ഭ്യം തെളിയിച്ചവരാണ്. അതുകൊണ്ടുതന്നെ ഒന്നാം പിണറായി സർക്കാരിന്റെ ജനോപകാരപ്രദമായ പല നടപടികളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ തടസം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. തൊഴിലാളികളും ജീവനക്കാരും സർക്കാരിനൊപ്പമാണ്. ഈ വസ്തുത മനസ്സിലാക്കി തെറ്റായ രൂപത്തിൽ വഴിവിട്ട് ചിന്തിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെ നിയന്ത്രിക്കുന്നതിനും തിരുത്തുന്നതിനും സർക്കാർ തയാറാകണമെന്ന് അഭ്യർത്ഥിക്കുന്നു"- എ.കെ. ബാലൻ പറഞ്ഞു.

ഇത്തവണ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ പെട്രോളിനും ഡീസലിനും പ്രഖ്യാപിച്ച രണ്ട് രൂപാ സെസ്സ് നിർദ്ദേശവും ഭൂമിയുടെ ന്യായവില 20 ശതമാനം ഉയർത്തിയതുമടക്കമുള്ള തീരുമാനങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ശക്തമാണ്. പ്രതിപക്ഷം നിയമസഭയിൽ സത്യഗ്രഹസമരം വരെ നടത്തി.

കേന്ദ്രം സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുമ്പോൾ ഇവിടെ സാമൂഹ്യക്ഷേമ നടപടികൾ ഊർജിതമാക്കാൻ അല്പം നികുതിസമാഹരണം കൂടിയേ തീരൂവെന്ന് ആവർത്തിച്ചാണ്, ബഡ്ജറ്റ് തീരുമാനങ്ങളെ സർക്കാർ ന്യായീകരിക്കുന്നത്.

എന്നാൽ, പ്രതിഷേധങ്ങളെ ചെറുക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തിയതോടെ ഇതിനെതിരെയും ജനങ്ങളുടെ അമർഷമുയരുന്നു. മുഖ്യമന്ത്രിയുടെ യാത്ര കാരണം റോഡിലിറങ്ങാനാവാത്ത സ്ഥിതിയാണെന്നും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആളുകളെ അകറ്റി, വിരട്ടി റോഡിലൂടെ പായേണ്ടതുണ്ടോ എന്നും വിമർശനമുയരുന്നു.

ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് മുറിച്ചുകടന്ന് ഹോട്ടലിലേക്ക് നടന്ന് പോയി മസാലദോശ കഴിച്ച കാഴ്ചകണ്ട് അമ്പരന്നുപോയ വിദേശമാദ്ധ്യമപ്രവർത്തകനുണ്ടെന്ന് ഈയിടെ ഒരാൾ ഈ ലേഖകനെ ഓർമ്മിപ്പിച്ചു. അവിടെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ സഞ്ചാരം പഴി കേൾപ്പിക്കുന്നത്. പോരാത്തതിന്, സെക്രട്ടേറിയറ്റിൽ സുരക്ഷ കൂട്ടാൻ ഇനിയും എന്തോ വലിയ മതിൽ നിർമിക്കാൻ പോവുകയാണത്രെ. സാമ്പത്തികപ്രതിസന്ധിയിൽ ഇതൊക്കെ അത്യാഢംബരമല്ലേയെന്ന് പലരും ചോദിക്കുന്നു.

ഇതിനെല്ലാം സമാധാനം പറയുക അത്ര എളുപ്പമാകില്ല. പക്ഷേ, എല്ലാം പാർട്ടി ശത്രുക്കളുടെയും വലതുപക്ഷ മാദ്ധ്യമങ്ങളുടെയും കുപ്രചരണങ്ങളായി വ്യാഖ്യാനിക്കുകയാണ് സി.പി.എം നേതൃത്വം.

പാർട്ടിയുണ്ടാവും, പക്ഷേ ജനങ്ങളുണ്ടാവില്ലെന്ന് പണ്ട് എം.എൻ. വിജയൻ ഓർമ്മിപ്പിച്ചിട്ടുണ്ട്.

വർത്തമാന ഇന്ത്യ സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ സി.പി.എം പോലൊരു ശക്തി ഇന്ത്യയിലും കേരളത്തിലും ഉണ്ടാവണമെന്ന് നിഷ്പക്ഷമതികൾ ആഗ്രഹിക്കുന്നുണ്ട്. തൊട്ടടുത്ത കർണാടകയിൽ പോലും മതന്യൂനപക്ഷങ്ങൾ നേരിടുന്ന അരികുവത്കരണവും ആക്രമണങ്ങളും കാണുമ്പോൾ കേരളം എത്ര നല്ല ഇടമെന്ന് നമുക്ക് തോന്നാം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ ഭീതിയോടെ കഴിയുന്ന ന്യൂനപക്ഷമതങ്ങളിൽപ്പെട്ട ആളുകളൊക്കെ മതിപ്പോടെ കേരളത്തെപ്പറ്റി സംസാരിക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്.

അതെ, കേരളം നന്നായി നിൽക്കണം. മുന്നോട്ട് പോകണം. പക്ഷേ തിരുത്തേണ്ട തെറ്റായ പ്രവണതകൾ തിരുത്തപ്പെടേണ്ടതുണ്ട്. സംസ്ഥാനതല പ്രചരണജാഥാ വേളയിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ ഓരോ ജില്ലയിലും നടത്തുന്ന പൗരസംവാദങ്ങൾ തെറ്റുതിരുത്തലിന് കൂടി പാർട്ടിക്ക് പ്രേരണയാവട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.