SignIn
Kerala Kaumudi Online
Friday, 26 April 2024 7.04 AM IST

മാതൃഭാഷ മനുഷ്യാവകാശം

photo

ലോക മാതൃഭാഷാദിനം ഇന്ന്. പൗരാവകാശങ്ങൾക്ക് രാഷ്ട്രത്തിന്റെ പരിധിയുണ്ട്. ഓരോ രാജ്യത്തെയും പൗരന്റെ കടമകളെയും അവകാശങ്ങളെയും കുറിച്ച് അതതു രാജ്യങ്ങൾ ചില നിബന്ധനകൾ വയ്ക്കുന്നു. ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് അവ വ്യത്യസ്തങ്ങളാവാം. എന്നാൽ അവയ്‌ക്കെല്ലാം ഉപരിയാണ് മാതൃഭാഷാവകാശം. അത് അതിരുകളില്ലാത്ത മനുഷ്യാവകാശമാണ്. അതിനാലാണ് 2008 മാതൃഭാഷാ വർഷമായി യുനെസ്‌കോ കൊണ്ടാടിയത്. മാത്രമല്ല, ഫെബ്രുവരി 21 എല്ലാ വർഷവും മാതൃഭാഷാദിനമായി ലോകമാകെ ആഘോഷിക്കണമെന്നും ആഹ്വാനം ചെയ്തു.

1952 ൽ പടിഞ്ഞാറൻ പാകിസ്ഥാൻ കിഴക്കൻ പാകിസ്ഥാനിൽ ഭരണഭാഷയായി ഉർദു അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ അവിടെ വലിയ പ്രതിഷേധമുയർന്നു. മാതൃഭാഷയായ ബംഗാളിക്കുവേണ്ടി രക്തം ചൊരിയാൻ കിഴക്കൻ പാകിസ്ഥാനിലെ ജനത തയ്യാറായി. ധാക്കാ സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പട്ടാളം വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്തു. നാല് വിദ്യാർത്ഥികൾ വെടിയേറ്റു മരിച്ചു. രക്തം പുരണ്ട ആ ദിനമാണ് പിൽക്കാലത്ത് കിഴക്കൻ പാകിസ്ഥാനെ ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രമാക്കി മാറ്റിയത്. ബംഗ്ലാദേശ് ഫെബ്രുവരി 21 മാതൃഭാഷാദിനമായി ആചരിച്ചു വരികയായിരുന്നു. ലോകമാകെ മാതൃഭാഷകൾക്ക് ഭീഷണിയുയർത്തിക്കൊണ്ട് സാമ്രാജ്യത്വ ഭാഷകൾ കടന്നാക്രമണം നടത്തുന്നതിനെ ചെറുക്കുന്നതിനാണ് 2000 മുതൽ യുനെസ്‌കോ ലോക മാതൃഭാഷാദിനമായി ഫെബ്രുവരി 21 നെ അംഗീകരിച്ചത്.

മറ്റു ഭാഷകളിൽ നിന്ന് മാതൃഭാഷയ്ക്കുള്ള വ്യത്യാസമെന്താണ് ? മാതൃഭാഷ മനുഷ്യർക്ക് അവരുടെ ചുറ്റുപാടുകളിൽ നിന്ന് സ്വയം കൈവരുന്നതാണ്. എന്നാൽ മറ്റു ഭാഷകളാകട്ടെ മനുഷ്യൻ കൃത്രിമമായി വശമാക്കുന്നതാണ്. ബഹുഭൂരിപക്ഷത്തിനും മാതൃഭാഷ പോലെ അന്യഭാഷ വശപ്പെടില്ല. ആന്തരികവും ബാഹ്യവുമായ വ്യക്തിത്വ രൂപീകരണം മാതൃഭാഷയിലൂടെയാണ് സാദ്ധ്യമാവുന്നത്. വ്യക്തിയും സമൂഹവുമായുള്ള പാരസ്‌പര്യം മാതൃഭാഷയിലൂടെ നടക്കുന്നതുപോലെ അന്യഭാഷയിലൂടെ നടക്കുകയില്ല. സമൂഹത്തിലെ ഏറ്റവും താഴ്ന്നപടിയിൽ നില്‌ക്കുന്ന മനുഷ്യനെയും അഭിസംബോധന ചെയ്യാൻ അവന്റെ മാതൃഭാഷയിൽ കൂടി മാത്രമേ സാധിക്കൂ. അതായത് ജനാധിപത്യത്തിന്റെ ഭാഷ മാതൃഭാഷ മാത്രമാണ്.

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മാലികാവകാശങ്ങളെപ്പറ്റി പറയുന്നത് 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ്. അതിന്റെ ആമുഖവാക്യം തന്നെ 'ജനാധിപത്യ രാജ്യത്തിൽ പൗരന് അന്തസും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിറുത്തുന്നതിന് ഒഴിവാക്കാനാവാത്ത പ്രാഥമികാവകാശങ്ങളാണ് മൗലിക അവകാശങ്ങൾ, എന്ന് വ്യക്തമാക്കുന്നു. അന്തസും വ്യക്തിത്വവും സ്വാതന്ത്ര്യവും പരമപ്രധാനമാണ്. ഇവയാകട്ടെ പൂർണമായ അർത്ഥത്തിൽ ലഭിക്കുന്നത് മാതൃഭാഷയിലൂടെയാണെന്നതിൽ തർക്കമില്ല. നമ്മുടെ ഭരണഘടനയുടെ അന്തസത്തതന്നെ മാതൃഭാഷാ അധിഷ്ഠിതമാണ്.

ഭരണഘടനയുടെ എട്ടാം ഭാഗത്താണ് 22 ഔദ്യോഗിക ഭാഷകളെ അക്കമിട്ട് പറയുന്നത്. അവയ്ക്ക് തുല്യമായ സ്ഥാനമാണുള്ളത്. സമത്വമെന്നത് ഭരണഘടന ഉറപ്പുതരുന്ന അവിഭാജ്യഘടകവുമാണ്. അതിനാൽ 22 ഔദ്യോഗിക ഭാഷകളെയും കേന്ദ്രസർക്കാർ അംഗീകരിക്കുകയും ഇന്ത്യയിലെ ഏതൊരു പൗരനും ഭാഷാപരമായ സമത്വം ഉറപ്പാക്കുകയുമാണ് വേണ്ടത്. അതിനു കടകവിരുദ്ധമായി ഹിന്ദി അടിച്ചേല്‌പിക്കാനുള്ള ശ്രമം ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗൂഗിൾ ട്രാൻസ്‌ലേഷൻ വഴി എളുപ്പത്തിൽ കേന്ദ്രസർക്കാരിന് 22 ഭാഷകളെയും ഔദ്യോഗിക ഭാഷയാക്കിക്കൊണ്ട് ജനാധിപത്യത്തിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കാൻ കഴിയേണ്ടതാണ്. ലോകഭാഷകളിൽ അന്നന്നുണ്ടാകുന്ന ശാസ്ത്ര സാങ്കേതിക വളർച്ചകളെ ആ സമയത്തുതന്നെ നമ്മുടെ ഭാഷയിലാക്കി മാറ്റുന്നതിന് ഇപ്പോൾ പ്രയാസമില്ല. അത്രമാത്രം ലോകഭാഷകൾ ഗൂഗിൾവഴിയുള്ള തർജ്ജമയാൽ ബന്ധപ്പെട്ടിരിക്കുകയാണ്. ബഹുവിധ വിജ്ഞാനങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ നമ്മുടെ ഭാഷയെ നാം മെച്ചപ്പെടുത്തിയെടുത്താൽ മതി ,​ വിജ്ഞാനം നമ്മുടെ ഭാഷയിലേക്ക് സ്വാഭാവികമായി ഒഴുകിയെത്തും. അതിന് ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെ മാതൃഭാഷാ മാദ്ധ്യമത്തിൽ സജ്ജമാക്കിയാൽ മതി. അതിനാൽ ഹിന്ദിയോ ഇംഗ്ലീഷോ ബന്ധഭാഷയെന്ന നിലയിൽ മേൽക്കൈ നേടേണ്ടതില്ല. നമ്മുടെ മലയാളത്തിലൂടെ അന്തസും വ്യക്തിത്വവും സ്വാതന്ത്ര്യവും നേടി നമുക്ക് വളരാനാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതുപയോഗിക്കാൻ നമ്മുടെ അധികാര കേന്ദ്രങ്ങൾ തയ്യാറായാൽ മതി. ഈ മാതൃഭാഷാ ദിനത്തിൽ നമുക്ക് മാതൃഭാഷാ അവകാശത്തിനായി പ്രതിജ്ഞയെടുക്കാം.

( ലേഖകൻ ഐക്യമലയാളപ്രസ്ഥാനം സെക്രട്ടറിയാണ്
ഫോൺ - 9495688556.)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD MOTHER TONGUE DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.