SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.36 PM IST

ജീവന്റെ ഉറവകൾ അടയാതിരിക്കട്ടെ

photo

വറ്റിവരളുന്ന ഓരോ തെളിനീർച്ചാലിനരികെയും കേൾക്കുന്നത് ജീവന്റെ വിലാപമാണ്. ഇന്ന് ജലക്ഷാമത്തെക്കുറിച്ച് വിലപിക്കുന്ന നമ്മൾ നാളെ ജലത്തിന് വേണ്ടി പോരടിക്കേണ്ടി വന്നേക്കാം. അച്ചടക്കമില്ലാത്ത ജലവിനിയോഗത്തിനും ജലസ്രോതസുകളിലേക്ക് ഒഴുക്കുന്ന വിഷച്ചാലുകൾക്കും ഒടുക്കേണ്ട പിഴ മനുഷ്യരാശിയുടെ ശ്വാസമാവാം. മറക്കരുത് ഓരോ തുള്ളി ജലത്തോടും കടപ്പെട്ടവരാണ് നാം. കരുതിവയ്ക്കുന്ന ഓരോ തുള്ളിയും നാളേക്കുള്ള സമ്പാദ്യമാണ്.

ലോകത്തിൽ ലഭ്യമായ ജലത്തിന്റെ മൂന്ന് ശതമാനം മാത്രമുള്ള ശുദ്ധജലത്തെ ആശ്രയിച്ചാണ് മാനവരാശിയുടെ നിലനിൽപ്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 270 കോടി ജനങ്ങളാണ് വരൾച്ച നേരിടുന്നത്. 2030 ആകുമ്പോഴേക്കും ശുദ്ധജലത്തിന്റെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം 40 ശതമാനമാകുമെന്നാണ് കണക്കുകൂട്ടൽ.

ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ ജലദിന സന്ദേശം 'ജലശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാറ്റത്തെ ത്വരിതപ്പെടുത്തുക' എന്നതാണ്.

സംരക്ഷണം

വീടുകളിൽ

ജലത്തിന്റെ സുസ്ഥിര ഉപയോഗവും, സംരക്ഷണവും നാമോരുത്തരുടേയും കടമയാണ്. വ്യവസായിക വികസനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്താലും ലലഭ്യത വെല്ലുവിളിയായി മാറുന്നു.

കേരളം കരുതണം

44 നദികളാൽ സമ്പന്നമായ കേരളത്തിൽ, 3000 മില്ലി മീറ്റർ ശരാശരി വാർഷികമഴ സമൃദ്ധമായി ലഭിക്കുന്നുണ്ടെങ്കിലും വേനൽക്കാല വരൾച്ച സാധാരണമായിക്കഴിഞ്ഞു. ഈ വർഷം വേനൽമഴയിൽ 99 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം 65 ലക്ഷം കിണറുകൾ സംസ്ഥാനത്തുണ്ട്. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ, മഴവെള്ളം ഭൂമിയിലേക്ക് താഴ്ത്തി കിണർ ഉറവകൾ വറ്റാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കണം.
ജലവിഭവവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, നവകേരള മിഷൻ , മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ളവ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ജലസംരക്ഷണ മാർഗങ്ങൾ നടപ്പാക്കുന്നുണ്ട്. കേന്ദ്രസർക്കാർ ആവിഷ്‌‌കരിച്ച ''ജൽ ശക്തി അഭിയാൻ'' മുഖാന്തരം ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുള്ള വകുപ്പുകളുടെ ഏകോപനത്തിന് അവസരമൊരുക്കുന്നു.

ജലബഡ്‌ജറ്റ്

ജലക്ഷാമം നേരിടാനുള്ള പ്രധാന മാർഗം നമ്മുടെ തോടുകളെയും പുഴകളെയുമെല്ലാം പുനരുജ്ജീവിപ്പിക്കലാണ്. നദികളിലും പുഴകളിലും വന്ന മാറ്റങ്ങൾ പരിശോധിക്കപ്പെടണം. കേരളത്തിൽ ഭൂഗർഭജലനിരപ്പ് താഴുമ്പോൾ തീരമേഖലയിൽ ജലനിരപ്പ് ഉയരുകയാണ്.

അവിടെയാണ് നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായുള്ള ജലബജറ്റിന്റെ പ്രസക്തി. എല്ലാ തദ്ദേശഭരണ സ്ഥാപന പ്രദേശങ്ങളിലും ജലബജറ്റിന് ആരംഭം കുറിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബഡ്ജറ്റ്.

ജലത്തിന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്തി സാങ്കേതികമികവുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള ശാസ്ത്രീയ അടിത്തറയാണ് ജലബജറ്റ്.

എല്ലാവർക്കും കുടിവെള്ളം

കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന ''ജല ജീവൻ മിഷൻ'' സംസ്ഥാനത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും 2024 -ഓടെ സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ്. കേരള ജല അതോറിറ്റി, ഭൂജലവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജലനിധി എന്നീ വകുപ്പുകൾ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. ജലാശയങ്ങളിലേക്കു മാലിന്യം തള്ളരുത്. കുടിവെള്ളം മലിനമാകാതെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഓരോരുത്തർക്കുമുണ്ട്. ജലം സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD WATER DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.