SignIn
Kerala Kaumudi Online
Monday, 13 October 2025 8.57 AM IST

അവതാരങ്ങളുടെ ഘോഷയാത്രയും കലുങ്ക് രാജാവും

Increase Font Size Decrease Font Size Print Page
s

ചെമ്പ് പുറത്ത്...! 'ചിത്രം" എന്ന സിനിമയിൽ, കള്ളനെ കണ്ടെത്തിയതിന്റെ ആഹ്ളാദത്തിൽ നടൻ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഇത്. ശബരിമലയിലെ വാതിലുകളിലും ദ്വാരപാലക ശില്പങ്ങളിലും വ്യവസായി വിജയ് മല്യയുടെ ചെലവിൽ 2018-ൽ പൊതിഞ്ഞ സ്വർണപ്പാളികൾ 2019-ൽ 'ആവിയായപ്പോഴും" പുറത്തുകണ്ടത് ചെമ്പ് തന്നെ. പക്ഷേ, അത് വെറുതെ പുറത്തായതല്ല; അമ്പലംവിഴുങ്ങികളായ ചില അവതാരങ്ങൾ ചെമ്പ് പുറത്താക്കിയതാണ്!

അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റിയ കാട്ടുകള്ളന്മാരുടെ ചെമ്പ് താമസിയാതെ പുറത്തുവരും. ആറാഴ്ചയ്ക്കകം കതിരും പതിരും കണ്ടെത്താനാണ് എ.ഡി.ജി.പി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. സന്നിധാനത്ത് കീഴ്ശാന്തിയുടെ പരികർമ്മിയായി കടന്നുകൂടി, ഒടുവിൽ അവിടെ പലതിന്റെയും, പലരുടെയും സ്പോൺസർ വേഷമണിഞ്ഞ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ക്രൈംബ്രാഞ്ച് എടുത്ത കേസിലെ ഒന്നാം പ്രതി. ഒമ്പത് ഉയർന്ന ദേവസ്വം ഉദ്യോഗസ്ഥർ കൂട്ടുപ്രതികളും. സ്വർണപ്പാളികൾ ഇളക്കി മാറ്റി ചെമ്പാക്കിയതും, ചെന്നൈയിൽ കൊണ്ടുപോയി സ്വർണം പൂശാനും ബാക്കി സ്വർണം പോക്കറ്റിലാക്കാനും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏർപ്പാടാക്കിയതും ഈ ഒമ്പത് ഉദ്യോഗസ്ഥർ മാത്രമാണോ?

ഈ ഏർപ്പാടുകളെല്ലാം ഹൈക്കോടതിയിൽ നിന്ന് മറച്ചുവച്ചവർ ക്ഷേത്രത്തിലെ തന്ത്രിയുടെയും അന്നത്തെ ദേവസ്വം ബോർഡ് അധികൃതരുടെയും കണ്ണുകളും മൂടിക്കെട്ടിയോ? തന്ത്രിയും ബോർഡ് പ്രസിഡന്റും അംഗങ്ങളും മനസാ വാചാ കർമ്മണാ അറിയാതെയാണോ സ്വർണപ്പാളിയുടെ സ്ഥാനത്ത് ചെമ്പെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയതും, ഒന്നര മാസത്തിനു ശേഷം സ്വർണം പൂശി തിരികെ എത്തിച്ച ശില്പങ്ങളും മറ്റും വീണ്ടും സ്ഥാപിച്ചതും?

ശബരിമല ശ്രീകോവിലിൽ 2019 മാർച്ച് 11-ന് സ്വർണ വാതിൽ മാറ്റി സ്ഥാപിച്ചപ്പോൾ, പഴയ സ്വർണവാതിലിൽ നിന്നെടുത്തത് പൂട്ട് മാത്രമാണെന്ന് ക്ഷേത്രശില്പി എളവള്ളി നന്ദൻ പറയുന്നു. സ്വർണം പൊതിഞ്ഞ പുറംപാളി അടക്കം പഴയ വാതിലിന്റെ ബാക്കി ഭാഗവും 'ആവിയായി." വാതിലിലെയും ദ്വാരപാലകശില്പങ്ങളിലെയും പാളികൾ ഉരുക്കിയ സ്വർണത്തിൽ പൂശലിന് ഉപയോഗിച്ചതിനു ശേഷം ബാക്കിവന്ന 474 ഗ്രാം സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി ചുമതലപ്പെടുത്തിയ കൽപേഷിനെ ഏല്പിച്ചെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ആരാണാവോ ഈ കൽപേഷ്?

2016-ൽ പിണറായി വിജയൻ അദ്യമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോൾ പറഞ്ഞത്,​ ഭരണത്തിൽ കൈകടത്താൻ അവതാരങ്ങളെ അനുവദിക്കില്ലെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത് ചില അവതാരങ്ങളാണെന്നാണ് പ്രതിപക്ഷത്തിന്റെ സ്ഥിരം വിമർശനം. ശബരിമല സന്നിധാനത്തും അവതാരങ്ങളുടെ വിളയാട്ടം! അയ്യപ്പന്റെ യോഗദണ്ഡും രുദ്രാക്ഷ മാലയും സ്വർണംകെട്ടി നവീകരിക്കാൻ 2019 മാർച്ച് 16-ന് ദേവസ്വം ബോർഡ് ഉത്തരവിലൂടെ ചുമതലപ്പെടുത്തിയത് അന്നത്തെ ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ മകനെ. ശ്രീകോവിൽ കട്ടിള പൊതിഞ്ഞ ചെമ്പുപാളികളിൽ സ്വർണം പൂശുന്നതിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏല്പിക്കാൻ മാർച്ച 20-ന് ദേവസ്വം ബോർഡ് ഉത്തരവിട്ടെന്ന് മഹസറിൽ.

സ്വർണക്കൊള്ള കേസിൽ അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്കും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിക്കു നല്കിയ റിപ്പോർട്ടിലെ ശുപാർശ. കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ ഇവർ അയ്യപ്പനെത്തന്നെ അടിച്ചുമാറ്റുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതുകൊണ്ട് അവർക്ക് പ്രയോജനമില്ലെന്നും, അയ്യപ്പ വിഗ്രഹം പണിതത് സ്വർണത്തിലല്ല, കരിങ്കല്ലിലാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ!

 

പകുതി രാജ്യം ആവശ്യപ്പെട്ട പാണ്ഡവർക്ക് ധൃതരാഷ്ട്രർ നൽകിയത് ഖാണ്ഡവ വനം. പാണ്ഡവർ അത് ഇന്ദ്രപ്രസ്ഥമെന്ന മനോഹര നഗരമാക്കി. ഇന്ദ്രപ്രസ്ഥം കാണാനെത്തിയ ദുര്യോധനന് പാണ്ഡവരുടെ കൊട്ടാരത്തിനുള്ളിലേക്ക് കടക്കാനൊരുങ്ങിയപ്പോൾ ആകെ സ്ഥലജലഭ്രമം. മുന്നിൽ കാണുന്നത് വെള്ളമോ തറയോ?തറയെന്നു കരുതി കാൽ വച്ചു. ചെന്നു വീണത് വെള്ളത്തിൽ. ഇതു കണ്ട് പാഞ്ചാലി പരിഹസിച്ച് ചിരിച്ചതാണ് ഒടുവിൽ കൗരവസഭയിൽ പഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിനും, കുരുക്ഷേത്ര യുദ്ധത്തിനും വരെ വഴിതെളിച്ചതെന്ന് പുരാണം.

കേന്ദ്രമന്ത്രിയായ ശേഷവും സുരേഷ് ഗോപി കേരളത്തിലെത്തുമ്പോൾ, താൻ അഭിനയിച്ച സിനിമകളിലെ തോക്കെടുത്ത ചില നായക കഥാപാത്രങ്ങൾ അദ്ദേഹത്തിൽ പരകായപ്രവേശം നടത്താറുണ്ട്. അടുത്തിടെയായി അദ്ദേഹത്തിന് ചില നേരങ്ങളിൽ സ്ഥലജല ഭ്രമവും ഉണ്ടാകുന്നുണ്ടെന്നാണ് കേൾവി. താൻ എവിടെയാണെന്നു പോലും മറന്നുപോകും. ഭൂട്ടാനിൽ നിന്നുള്ള കാർ കടത്തലുമായി ബന്ധപ്പെട്ട്, നടന്മാരായ ദുൽഖർ സൽമാന്റെയും പൃഥ്യിരാജിന്റെയും കൊച്ചിയിലെ വീടുകളിൽ കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡുകളും, കാറുകൾ പിടിച്ചെടുത്തതുമാണ് വിഷയം. ശബരിമലയിലെ സ്വർണമോഷണ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് ഇടതുപക്ഷ സർക്കാരിനെ രക്ഷിക്കാനായിരുന്നു ഈ ഘട്ടത്തിൽ ഇ.ഡി നടത്തിയ റെയ്ഡ് എന്നായിരുന്നു സുരേഷ് ഗോപിയുടെ ആരോപണം. താൻ കേന്ദ്ര മന്ത്രിയായതിനാൽ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം തട്ടിവിട്ടു.

ഇ.ഡിയെ നിയന്ത്രിക്കുന്നത് പിണറായി സർക്കാരല്ലെന്നും, താൻ കൂടി ഉൾപ്പെട്ട കേന്ദ്ര സർക്കാരാണെന്നും

അദ്ദേഹം ഒരുനിമിഷത്തേക്ക് മറന്നുപോയി. പറ്റിയ അബദ്ധം ആരോ ചൂണ്ടിക്കാട്ടിയപ്പോൾ പഴി മാദ്ധ്യമങ്ങൾക്കായി. തൃശൂരിലും പാലക്കാട്ടും മറ്റും സുരേഷ് ഗോപി നടത്തുന്ന കലുങ്ക് സംവാദങ്ങളിലും അബദ്ധങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും ഘോഷയാത്രയാണെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ ട്രോളുകൾ. പണ്ട് രാജഭരണ കാലത്തെന്നതു പോലെ, തനിക്കു മുന്നിൽ പരാതികളുമായി എത്തുന്ന ജനങ്ങളെ 'പ്രജകളേ..." എന്നാണ് അദ്ദേഹം വിളിക്കുന്നത്!

തന്നെ രാഷ്രട്രീയമായി വിമർശിക്കുന്നവരെയും പരിഹസിക്കുന്നവരെയും മരമാക്രികളെന്നും നപുംസകങ്ങൾ എന്നും വിശേഷിപ്പിക്കുമ്പോൾ അതാസ്വദിച്ച് ചിരിക്കാനും കൈയടിക്കാനും കുറെ സിൽബന്തികളും! അതിലൂടെ അപഹാസ്യനാവുന്നത് താൻ തന്നെയാണെന്ന തിരിച്ചറിവ് സുരേഷ് ഗോപിക്ക് ഉണ്ടാവണമെന്ന് ചാനലുകളിലെ ചില അഭ്യുദയകാംക്ഷികൾ!

 

സംസ്ഥാന ഗതാഗത മന്ത്രി ഗണേശ് കുമാറിന്റെ ചില എടുത്തുചാട്ടങ്ങൾക്കും ഏകപക്ഷീയ നടപടികൾക്കും മുഖ്യമന്ത്രിയെങ്കിലും ക്ളിപ്പിടണമെന്നാണ് ഭരണപക്ഷ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിലെ നേതാക്കൾ പോലും രഹസ്യമായി ആവശ്യപ്പെടുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പുതിയ വാഹനങ്ങൾ പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കാനെന്ന പേരിൽ കഴിഞ്ഞ മാസം 29-നാണ് മന്ത്രി ഇടപെട്ട് 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. വാഹനങ്ങൾ ഏറ്റുവാങ്ങാൻ കാസർകോട്ടു നിന്ന് വരെയുള്ള ഉദ്യോഗസ്ഥരും എത്തി. പക്ഷേ, ചടങ്ങിന് വേണ്ടത്ര കാഴ്ചക്കാരില്ലെന്ന പേരിൽ മന്ത്രി ഗണേശ് കുമാർ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം ചടങ്ങ് റദ്ദാക്കി! അതോടെ, ഉദ്യോഗസ്ഥർ വെറുംകൈയോടെ മടങ്ങി.

അതിനു പിന്നാലെ, ആളും മേളവും കൊട്ടും കുരവയുമായി വീണ്ടും ഫ്ളാഗ് ഓഫ്. തെക്കു മുതൽ വടക്കുവരെ നിന്നുള്ള ഉദ്യോഗസ്ഥരും ഹാജർ. പുതിയ വാഹനങ്ങൾക്കു സമീപം മൂന്നു മണിക്കൂറോളം റോഡിൽ പൊരിവെയിലത്ത് കാത്തുനിന്ന ഉദ്യോഗസ്ഥർ വീണ്ടും മടങ്ങിയത് വെറുംകൈയോടെ. വാഹനം നൽകേണ്ട ഓഫീസുകളുടെ പട്ടികയിൽ മാറ്റം വരുത്തിയതാണത്രേ കാരണം. വാഹനം കൊണ്ടുപോകാൻ മന്ത്രി വീണ്ടും തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തുമോ എന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക!

നുറുങ്ങ്:

□ പിണറായി വിജയൻ ജയിക്കാനായി ജനിച്ചവനെന്ന് വെള്ളാപ്പള്ളി

○ അപ്പോൾ വി.ഡി. സതീശൻ എതിർക്കാനായി വളർന്നവനോ?

(വിദുരരുടെ ഫോൺ: 99461 08221)

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.