
ചെന്നൈ: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും സ്വവർഗ പങ്കാളിയും അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പിതാവ് സംശയം പ്രകടിപ്പിച്ചതോടെയാണ് സത്യം പുറത്തുവന്നത്.
ഈ മാസമാദ്യമാണ് കുഞ്ഞ് മരണപ്പെട്ടത്. പാൽ തൊണ്ടയിൽ കുടുങ്ങിയായിരുന്നു മരണമെന്നാണ് അമ്മ പറഞ്ഞത്. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് സംസ്‌കരിക്കുകയും ചെയ്തു. ഇതിന് ദിവസങ്ങൾക്കുശേഷം ഭാര്യയും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞിന്റെ പിതാവ് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തെളിവായി ചിത്രങ്ങളും മെസേജുകളും ദൃശ്യങ്ങളും ഹാജരാക്കുകയും ചെയ്തു. തന്റെ കുഞ്ഞിന്റെ മരണം കൊലപാതകമാകാമെന്ന സംശവും ഇയാൾ ഉന്നയിച്ചു.
തുടർന്ന് ഈ ആഴ്ച ആദ്യം കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. കുഞ്ഞിന്റെ മരണം കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഭർത്താവിന്റെ കുഞ്ഞിനെ വേണ്ടെന്ന് യുവതി പറഞ്ഞു. ഭർത്താവിന് തന്നോട് സ്‌നേഹമോ പരിഗണനയോ ഇല്ലെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |