ന്യൂഡൽഹി: അനധികൃതമായി മദ്യം കടത്തിയ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഡൽഹിയിലെ നംഗ്ലോയി സ്റ്റേഷനിലെ കോൺസ്റ്റബിളായ സന്ദീപാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം. കാറിൽ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ പ്രധാന റോഡിൽ പരിശോധനയ്ക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.
അമിത വേഗത്തിലെത്തിയ വാഗണാർ കാർ തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വാഹനം സന്ദീപിന്റെ പിറകിലിടിച്ച് പത്ത് മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. ഒടുവിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ചെന്നിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ സോണിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പശ്ചിം വിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സന്ദീപിനെ ഇടിച്ചുതെറിപ്പിച്ച വാഹനം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡ്രൈവർക്കായുളള തെരച്ചിൽ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |