ഈരാറ്റുപേട്ട : മലഞ്ചരക്ക് വ്യാപാരത്തിനെന്ന വ്യാജേന ഈരാറ്റുപേട്ട നടയ്ക്കൽ കുഴിവേലി റോഡരികിൽ വാടകയ്ക്ക് എടുത്ത കടമുറികളിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ്‌ഫോടക വസ്തുശേഖരം പിടികൂടി. 2604 ജലാറ്റിൻ സ്റ്റിക്ക്, 19000 ഡിറ്റനേറ്റർ, 3350 മീറ്റർ ഫ്യൂസ് വയറുകൾ, ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടൻമേടിൽ നിന്ന് സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയ നടയ്ക്കൽ കണ്ടത്തിൽ ഷിബിലി, കൂട്ടാളി തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരാണ് ഗോഡൗൺ വാടകയ്ക്ക് എടുത്തത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷിബിലിക്ക് സ്‌ഫോടക വസ്തു നൽകിയത് ഫാസിലാണെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാനാണ് ഇതെന്നാണ് സൂചന. ജനവാസ കേന്ദ്രത്തിൽ നിന്ന് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഇതേ കെട്ടിടത്തിന്റെ മുകൾ നിലയിൽ ഒരു കുടുംബം വാടകയ്ക്ക് താമസിക്കുന്നുണ്ട്. എട്ട് മാസം മുമ്പാണ് ഒരു മുറി ഇവർ വാടകക്കെടുത്തത്. രണ്ട് മാസം മുൻപ് തൊട്ടടുത്ത മുറിയും എടുത്തു. കെട്ടിടത്തിൽ കൊക്കോയും അടയ്ക്കയും ഉണക്കാനിടാറുണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. അതിനാൽ സംശയം തോന്നിയില്ല. പരിശോധനയക്ക് എസ്.ഐമാരായ വി.എൽ. ബിനു, ടോജൻ എം. ജോസ്, ആന്റണി മാത്യു, പി.സി. ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |