മൂലമറ്റം: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സിനിമാ മേക്കപ്പ്മാൻ രഞ്ജിത്ത് ഗോപിനാഥൻ (ആർ.ജി വയനാടൻ- 34) എക്സൈസ് പിടിയിൽ. ഇന്നലെ പുലർച്ചെ കാഞ്ഞാർ പുള്ളിക്കാനം റോഡിൽ ഇല്ലിച്ചുവടിന് സമീപത്തു നിന്നാണ് മൂലമറ്റം എക്‌സൈസ് ഇൻസ്‌പെക്ടർ കെ.യു. അഭിലാഷും സംഘവും പ്രതിയെ പിടികൂടിയത്. 45 ഗ്രാം അതീവ വീര്യമേറിയ കഞ്ചാവ് പിടിച്ചെടുത്തു. വാഗമണ്ണിൽ കുറച്ച് ദിവസമായി അട്ടഹാസം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്. എക്സൈസ് സംഘം ഈ പ്രദേശവും ഇവിടെയെത്തുന്നവരെയും നിരീക്ഷിച്ച് വരികയായിരുന്നു. രഞ്ജിത്ത് ഗോപിനാഥൻ വന്ന കാറിൽ ഡ്രൈവറും ഇയാളും മാത്രമാണ് ഉണ്ടായിരുന്നത്. കാർ വാടകയ്ക്ക് എടുത്തതാണ്. എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്" കോമ്പിങ്ങിന്റെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. ആവേശം പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാനേമൻ തുടങ്ങിയ ചിത്രങ്ങളിൽ മേക്കപ്പ്മാനായിരുന്നു രഞ്ജിത്ത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രേഡ്) അജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ (ട്രേഡ്) വി.ആർ. രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഷറഫ് അലി, ചാൾസ് എഡ്വിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
എന്താണ് ഹൈബ്രിഡ് കഞ്ചാവ്
ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വളർത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ലായനിയിൽ സസ്യങ്ങൾ വളർത്തുന്ന രീതിയെയാണ് ഹൈഡ്രോപോണിക് എന്ന് പറയുന്നത്. പോഷകങ്ങളുടെ അളവ്, പി.എച്ച് മൂല്യം, വെളിച്ചം തുടങ്ങിയ ഘടകങ്ങളുടെ കൃത്യമായ നിയന്ത്രണമാണ് ഇതിന്റെ അടിസ്ഥാനം. ചെടികളുടെ വേഗത്തിലുള്ള വളർച്ച, ഉയർന്ന വിളവ്, എന്നിവയും ഈ രീതിയിൽ ലഭ്യമാകുന്നു. ഈ രീതിയിൽ വളർത്തുന്ന കഞ്ചാവിന് ഗുണ നിലവാരം കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. കൃത്രിമ വെളിച്ചത്തിൽ അടച്ചിട്ട, എയർ കണ്ടീഷൻ ചെയ്ത മുറികളിലാണ് ഹൈഡ്രോ കഞ്ചാവ് വളർത്തുന്നത്. ഇവയ്ക്ക് ഇന്ത്യയിൽ കാണപ്പെടുന്ന സാധാരണ കഞ്ചാവിനേക്കാൾ തീവ്രതയേറിയതും ഗന്ധവുമുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |