കാൺപൂർ: സ്ത്രീധനം നൽകാത്തതിനെതുടർന്ന് യുവതിയെ മുറിയിൽ പൂട്ടിയിട്ടശേഷം പാമ്പിനെക്കൊണ്ട് കടിപ്പിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. രേഷ്മ എന്ന യുവതിക്കാണ് പാമ്പിന്റെ കടിയേറ്റത്. തന്നെ രക്ഷിക്കാനായി ഭർത്താവിന്റെ കുടുംബത്തോട് അപേക്ഷിച്ചെങ്കിലും ആരും സഹായിച്ചില്ല. ഒടുവിൽ രേഷ്മയുടെ സഹോദരിയെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെപ്തംബർ 18നായിരുന്നു സംഭവം നടന്നത്.
രേഷ്മയെ മുറിയിൽ പൂട്ടിയിട്ടശേഷം ഓടയിലൂടെ പാമ്പിനെ തുറന്നുവിട്ടെന്നും രാത്രി വെെകിയാണ് കാലിൽ പാമ്പ് കടിച്ചതെന്നും സഹോദരി റിസ്വാന പറഞ്ഞു. വേദന മൂലം രേഷ്മ നിലവിളിച്ചെങ്കിലും വീട്ടുകാർ വാതിൽ തുറന്നില്ല. പിന്നാലെ രേഷ്മ തന്റെ സഹോദരിയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഉടൻതന്നെ സ്ഥലത്തെത്തിയ റിസ്വാന വാതിൽ തുറപ്പിച്ച് സഹോദരിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
2021 മാർച്ച് 19നാണ് ഷാനവാസുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ രേഷ്മയെ ഉപദ്രവിക്കുകയും കളിയാക്കുകയും ചെയ്തിരുന്നതായി റിസ്വാന പറയുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് യുവതിയുടെ കുടുംബം 1.5 ലക്ഷം രൂപ സ്ത്രീധനമായി നൽകി. എന്നാൽ ഇനിയും അഞ്ച് ലക്ഷം രൂപ കൂടി വേണമെന്നായിരുന്നു ഭർതൃവീട്ടുകാരുടെ ആവശ്യം. ഇത് അംഗീകരിക്കാൻ യുവതിയുടെ വീട്ടുകാർ തയ്യാറായില്ല. തുടർന്ന് ഇരുകുടുംബങ്ങളും തമ്മിലുള്ള തർക്കം വഷളായി. റിസ്വാനയുടെ പരാതിയിൽ ഷാനവാസ്, ഷാനവാസിന്റെ മാതാപിതാക്കൾ, മൂത്ത സഹോദരൻ, സഹോദരി, മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |