തിരുവനന്തപുരം: മണ്ണന്തലയിൽ വീടിനുനേരെ ആക്രമണം അഴിച്ചുവിട്ട ഗുണ്ടാസംഘത്തിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മണ്ണന്തല അമ്പഴങ്ങോട് വീടിനുനേരെ പടക്കമെറിയുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത ഗുണ്ടാസംഘത്തിനെ കണ്ടെത്താനുള്ള തെരച്ചിലിലാണ് മണ്ണന്തല പൊലീസ്. നിരവധി കേസുകളിൽ പ്രതിയായ ശരത്തും കൂട്ടരുമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
ഇന്നലെ അർദ്ധരാത്രിയാണ് പ്രദേശത്ത് ഗുണ്ടാസംഘം സംഘർഷമുണ്ടാക്കിയത്. കടയിലെത്തിയ സംഘം പഴം പഴുത്തിട്ടില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. ശരത്തും കൂട്ടരും അമിതവേഗത്തിൽ ബൈക്കുകളിൽ പോയത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പല കേസുകളിൽ പ്രതിയായ രാജേഷ് എന്നയാളാണ് ഇവരോട് വേഗത കുറച്ചുപോകാൻ പറഞ്ഞത്. ഇതിൽ പ്രകോപിതരായ സംഘം രാജേഷിന്റെ വീട്ടിലേയ്ക്ക് പടക്കമെറിഞ്ഞു. പിന്നാലെ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകർത്തു.
ഇതിനുമുൻപാണ് പ്രദേശത്തെ കടയിൽ അക്രമം നടത്തി ഉടമ പൊന്നയ്യനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഘം ആദ്യം ബീഡി വാങ്ങി. പിന്നാലെ പഴം എടുത്തപ്പോൾ അത് പഴുത്തിട്ടില്ലെന്ന് പൊന്നയ്യൻ പറഞ്ഞു. തുടർന്ന് പഴക്കുലകൾ വെട്ടിനശിപ്പിക്കുകയും പൊന്നയ്യനെ ആക്രമിക്കുകയുമായിരുന്നു. പൊന്നയ്യന്റെ കഴുത്തിലും മുഖത്തുമാണ് വെട്ടേറ്റത്. ആക്രമണത്തിൽ പരിക്കേറ്റവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |