തിരുവനന്തപുരം: വിഴിഞ്ഞത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. മുൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്.
വീടിന്റെ മുൻ വാതിൽ പൊളിച്ചാണ് മോഷ്‌ടാവ് ഉള്ളിൽ കയറിയത്. രണ്ടാമത്തെ നിലയിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിൽ നിന്നാണ് ഒരു ലക്ഷം രൂപ മോഷണം പോയത്. എന്നാൽ, വീട്ടിലെ മറ്റൊരു അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം നഷ്‌ടമായിട്ടില്ല. അലമാര പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഈ സ്വർണം മോഷ്‌ടാവിന് കൈക്കലാക്കാൻ കഴിയാത്തത്.
ഗിൽബർട്ടിന്റെ സഹോദരിയുടെ മകൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. അതിനാൽ, തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് ഗിൽബർട്ടും കുടുംബംവും ഉറങ്ങാൻ പോകുന്നത്. ഇതെല്ലാം കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. പുലർച്ചെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നെന്ന് അറിയുന്നത്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗിൽബർട്ടിന്റെ വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |