ചെന്നൈ: തമിഴ് നടൻ സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭു 42 ലക്ഷം രൂപയുടെ തട്ടിപ്പിനിരയായെന്ന് വിവരം. നടന്റെ വീട്ടുജോലിക്കാരിയായ സുലോചനയും കുടുംബവുമാണ് തട്ടിപ്പ് നടത്തിയത്. പണം നൽകി അതിന് ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം ലഭിച്ചശേഷമാണ് ആന്റണി ജോർജ് പ്രഭു പണം നിക്ഷേപിച്ചത്.
സൂര്യയുടെ സെക്യൂരിറ്റി ഓഫീസർക്ക് നിക്ഷേപ പദ്ധതിയിൽ വിശ്വാസ്യത വരുത്തുവാനായി ആദ്യം അദ്ദേഹത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും അതിന് 30 ഗ്രാം സ്വർണം ലാഭവിഹിതമായി നൽകിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആന്റണിയുടെ വിശ്വാസം നേടിയെടുത്ത പ്രതിയും സംഘവും ജനുവരി - ഫെബ്രുവരി മാസങ്ങളിലായി 42 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. അതിന്റെ ലാഭവിഹിതം മാർച്ചിൽ നൽകാമെന്നാണ് പറഞ്ഞിരുന്നത്. ഇത്രയും പണം നിക്ഷേപണത്തിന് വേണ്ടി കൈമാറുമ്പോൾ ആന്റണിക്ക് യാതൊരു വിധ സംശയവും ഉണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു.
കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് ആന്റണിക്ക് മനസിലായത്. പണം ചോദിച്ചതോടെ സുലോചനയും കുടുംബവും ഒളിവിൽ പോകുകയായിരുന്നു. ഇതോടെ ആന്റണി പൊലീസിൽ പരാതി നൽകി. തട്ടിപ്പിൽ കൂടുതലാളുകൾ അകപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ സുലോചനയും കുടുംബാംഗങ്ങളായ ബാലാജി, ഭാസ്കർ, വിജയ ലക്ഷ്മി എന്നിവർ അറസ്റ്റിലാകുകയും ചെയ്തു. തട്ടിപ്പുവിവരം അറിഞ്ഞതോടെ സുലോചനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |